Wednesday, March 29, 2017

Ashtaanga hridhaya-Buddhist treatment

അഷ്ടാംഗഹൃദയം:
ബൗദ്ധ ചികിത്സാ സമ്പ്രദായം
HARIDAS BODH

vagbhata



മാനസികവും ശാരീരികവുമായ ശുദ്ധീകരണമാണ് ബുദ്ധ ധമ്മത്തിന്‍റെ കേന്ദ്രബിന്ദു.ഭഗവാന്‍ ബുദ്ധന്‍ അരുളിചെയ്ത ധമ്മോപദേശങ്ങളിലെല്ലാം ഇക്കാര്യം പരാമര്‍ശിക്കപെട്ടിട്ടുണ്ട്.
തത്വങ്ങളില്‍ മാത്രമല്ല അനുഷ്ടാനങ്ങളുടെ അടിത്തറയും ഇതുതന്നെ.ഇതുതന്നെയാണ് പഞ്ചശീലത്തിലും, അഷ്ടാംഗ മാര്‍ഗ്ഗത്തിലും അധിഷ്ടിതമായ ബുദ്ധധമ്മ ധ്യാനക്രമങ്ങളും.

പഞ്ചശീലം പാലിക്കാതെ ബുദ്ധിസ്റ്റ് ധ്യാനത്തിന്‍റെ ആദ്യപടി കടക്കാന്‍ കഴിയില്ല.ആനാ അപാന സതി ധ്യാനത്തിലൂടെ ഒരേസമയം ശാരീരികവും,മാനസ്സികവുമായ ശുചീകരണത്തിന് വിധേയമാക്കപെടുന്നു.അടുത്തപടി വിപസനയാണ്.ഈ ധ്യാനത്തിലൂടെ ഭഗവാന്‍ ബുദ്ധന്‍ ലക്ഷ്യമാക്കിയത്‌ മാലിന്യങ്ങള്‍ കൊണ്ട് നിപിടമായി തീര്‍ന്ന മനസ്സിന്‍റെയും, ശരീരത്തിന്‍റെയും ചോര പൊടിയാതെയുള്ള ശസ്ത്രക്രിയതന്നെ.തുടര്‍ന്നുള്ള മൈത്രീ ഭാവന ധ്യാനത്തിലൂടെ സമ്പൂര്‍ണ്ണമായ സുചീകരണം സാധ്യമാക്കപെടുകയും,അയാള്‍ യുക്തിയും,ശ്രദ്ധയും (സമാധി) പ്രജ്ഞയും, കരുണയും, അഭിവൃദ്ധിയും ഉള്ള വ്യക്തിയായി മാറുകയും ചെയ്യുന്നു.

മനസ്സിനെ കേന്ദ്രീകരിച്ചുള്ള ബുദ്ധിസ്റ്റ് ധ്യാനത്തിലൂടെ ഒരു സാധാരണ മനുഷ്യന്‍റെ  മാനസികവും ശാരീരികവുമായ തൊണ്ണൂറുശതമാനത്തിലേറെ  പ്രശ്നങ്ങള്‍ക്കും പരിഹാരം ലഭിക്കുന്നു.പക്ഷെ പിന്നീട് ഒരു സാമൂഹ്യജീവി എന്ന നിലയില്‍ അവന് നിരന്തരമായ പ്രതിലോമ സാഹചര്യങ്ങളിലൂടെ കടന്നു പോകേണ്ടതിനാല്‍ മനസ്സിനെ പോലെ തന്നെ ശരീരത്തിന് സംഭവിക്കാനിടയുള്ള പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം ഭഗവാന്‍ ബുദ്ധന്‍ രൂപപെടുത്തിയെടുത്തതാണ് അഷ്ടാംഗ ഹദയ(അഷ്ടാംഗ ഹൃദയം) ചികിത്സാ സമ്പ്രദായം.

ബുദ്ധന്‍റെ കാലഘട്ടത്തില്‍ ചരകനിലൂടെയും, സുസൃതനിലൂടെയും ചിതറികിടന്ന ആയുര്‍ ചികിത്സാ സമ്പ്രദായത്തില്‍ ധാര്‍മ്മികതക്ക് കൂടുതല്‍ പ്രാധ്യാന്യം നല്‍കികൊണ്ട് കൂടുതല്‍ ശാസ്ത്രീയമായി  രൂപപെടുത്തി എടുത്തതാണ് ഈ ചികിത്സാ സമ്പ്രദായമെന്നും ബുദ്ധ മതത്തിന്‍റെ ആവിര്‍ഭാവത്തോടെയാണ് ഇത് വികസിച്ച് പടര്‍ന്നു പന്തലിച്ചതെന്ന് ചരിത്രം പറയുന്നു. പാലി ഭാഷയില്‍ “ആയുര്‍ എന്നാല്‍ ജീവിതം.വേദ എന്നാല്‍ അറിവ്”.ജീവിതത്തെ കുറിച്ചുള്ള അറിവ് എന്നര്‍ത്ഥം. ഇക്കാര്യത്തില്‍ ഭഗവാന്‍ ബുദ്ധന് അവഗാഹമായ ജ്ഞാനം ഉണ്ടായിരുന്നതായി ബുദ്ധ ധമ്മ ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്.

അഷ്ടാംഗ ആയുസ് ചികിത്സാ രീതികള്‍ എ.ഡി ഒന്നാം നൂറ്റാണ്ടുവരെ വായ്‌ മൊഴികളിലൂടെയാണ് പ്രചരിച്ചുവന്നത്.ബുദ്ധമതത്തിന്‍റെ പ്രചരണത്തോടൊപ്പം ഈ രംഗം വളരെയധികം പുഷ്ടിപ്രാപിക്കുകയും അവ താളിയോലകലൂടെ രേഖപെടുത്തുകയും ചെയ്യപെട്ടു.ഇന്ന് പാശ്ചാത്യരാജ്യങ്ങളില്‍ പ്രചാരണത്തിലുള്ള പ്ലാസ്റ്റിക് സര്‍ജ്ജറി ഉള്‍പടെയുള്ള ചികിത്സാ സമ്പ്രദായങ്ങള്‍ ഈ കാലഘട്ടത്തില്‍ രൂപംകൊണ്ടവയാണ്.
അഷ്ടാംഗ ആയുസ് ചികിത്സാ രീതികളെ എട്ട് വിഭാഗങ്ങളിലായി വിഭജിച്ചിരിക്കുന്നു.

ഒന്ന്- ശല്യ-(ഓപ്പറേഷന്‍)
രണ്ട്-സാലക്യ-(കഴുത്തിലും,തലയിലും താളം തെറ്റി കിടക്കുന്നവയെ ചികിത്സിച്ച് ഭേദമാക്കള്‍)
മൂന്ന്-കായ ചികിത്സ-സാധാരണ രോഗങ്ങള്‍ക്കുള്ള ചികിത്സ
നാല്-ബാധ വിദ്യ- മാനസിക രോഗങ്ങള്‍ക്കുള്ള ചികിത്സാ വിധികള്‍
അഞ്ച്-കൗമാര ബൃത-കുട്ടികള്‍ക്കുള്ള ചികിത്സ
ആറു-രസായന- ആരോഗ്യ പുഷ്ടി
ഏഴു- വാജീകരണ- കായബല
എട്ട്-അഗദ- വിഷ ചികിത്സ

ശല്യ ചികിത്സ അല്ലെങ്കില്‍ ഓപ്പറേഷന്‍ ആധുനിക ചികിത്സ സമ്പ്രദായമല്ല.മനുഷ്യശരീരത്തെകുറിച്ച് കൃത്യമായി മനസ്സിലാക്കിയതില്‍ നിന്നും രൂപപെട്ടുവന്ന ചികിത്സാ രീതിയാണിത്.ബുദ്ധ ഭഗവാന്‍ കണ്ടെത്തിയ വിപസന ധ്യാനം പരിശീലിക്കുന്ന ഒരാള്‍ക്ക്‌ തന്‍റെ ശരീരത്തിലെ അകത്തും പുറത്തുമുള്ള എല്ലാ അവയവങ്ങളെ കുറിച്ചും അതിന്‍റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും കൃത്യമായ ധാരണ ലഭിക്കും, അതിന്‍റെ സജീവവും നിര്‍ജീവവുമായ അവസ്ഥ മനസിലാക്കാനും അത് മനസ്സിലാക്കി അതിന്‍റെ പ്രവര്‍ത്തനത്തെ കാര്യക്ഷമമാക്കാനും കഴിയും.മനസിനെന്നപോലെ ശരീരത്തിനും എന്തുമാത്രം ശ്രദ്ധയാണ് ഇതിലൂടെ കൊടുത്തിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയുന്നു.സല്യ ചികിത്സ അഷ്ടാംഗ ഹൃദയത്തില്‍  ഉള്‍പെട്ടതിനാല്‍ ഈ ചികിത്സാസമ്പ്രദായത്തെ അവഹേളിക്കാന്‍ പലരും തയ്യാറായി.ഇതുമായി ബന്ധപെട്ട ഗ്രന്ഥങ്ങള്‍വീടുകളില്‍ സൂക്ഷിക്കുന്നതിനെ തെറ്റായി വ്യാഖാനിച്ചു.
ഇന്ന് ഓപ്പറേഷന്‍ ചികിത്സ ഒരു വ്യവസായമായി മാറിയെങ്കിലും ആധുനിക ചികിത്സാരംഗത്തെ അപ്പോത്തിക്കിരികള്‍ ഈ ചികിത്സാ സമ്പ്രദായം ഇന്ത്യയില്‍ ബുദ്ധന്‍റെ കാലഘട്ടത്തില്‍ നിലനിന്നിരുന്ന ചികിത്സയായിരുന്നുവെന്നു തുറന്ന് സമ്മതിക്കാന്‍ തയ്യാറല്ല.

അഷ്ടാംഗ ഹൃദയ ചികിത്സയില്‍ ഏറ്റവും മൂല്യമുള്ള മരുന്നുകളാണ് ഉപയോഗിച്ചിരുന്നത്.ശസ്ത്രക്രിയകള്‍, പ്ലാസ്റ്റിക്‌ സര്‍ജ്ജറി,തിമിര സസ്ത്രക്രിയ,കുഷ്ഠരോഗ ചികിത്സ,രക്തദൂഷ്യവുമായി ബന്ധപെട്ട പലതരം രോഗങ്ങള്‍ക്കുള്ള ചികിത്സാസംബ്രദായങ്ങളും നിലനിന്നിരുന്നു.

ബുദ്ധമത വിശ്വാസിയായ കനിഷ്കന്‍റെ കൊട്ടാരം വൈദ്യനായിരുന്നു സുശ്രുതന്‍.സസ്ത്രക്രിയയുടെ പിതാവാണെന്നാണ് ഇദ്ദേഹം അറിയപെടുന്നത്.അദ്ദേഹം രചിച്ചതാണ് സുസൃത സംഹിതി.മഹാനായ മറ്റൊരു വൈദ്യനായിരുന്നു ചരകന്‍. അദ്ദേഹവും കനിഷ്കന്‍റെ കൊട്ടാരം വൈദ്യനായിരുന്നു. മൂന്നാമത്തെ ഏറ്റവും മഹാനായ ചികിത്സാ പണ്ഡിതനും വൈദ്യനുമായിരുന്നു വാഗ്ഭടന്‍. എ.ഡി.ഏഴാം നൂറ്റാണ്ടിലായിരുന്നു അദ്ദേഹത്തിന്‍റെ കാലഘട്ടം.അദ്ദേഹം പൂര്‍ണ്ണമായും ബുദ്ധമത വിശ്വാസിയായിരുന്നു.ബുദ്ധ ഭഗവാന്‍റെ കാലം മുതല്‍ വായ്മൊഴികളിലൂടെ ബുദ്ധ ബിക്ഷുക്കളിലൂടെ തുടര്‍ന്ന് അശോക ചക്രവര്‍ത്തിയുടെ ഭരണത്തിലൂടെ വ്യാപകമായി പ്രചരിക്കപെട്ട ഈ ചികിത്സാ വിധികളെ ക്രോഡീകരിച്ചുകൊണ്ട് അദ്ദേഹം രണ്ട് ഗ്രന്ഥങ്ങള്‍ രചിച്ചു.അതാണ്‌ അഷ്ടാംഗ സംഗ്രഹവും,അഷ്ടാംഗ ഹൃദയ സംഹിതയും.ബുദ്ധ സന്യാസിയും അധ്യാപകനുമായിരുന്ന അവലോകിതന്‍റെ ശിഷ്യന്മാരായിരുന്നു സിംഹഗുപ്തന്‍റെ മക്കളായ വൃത വാഗ്ഭടനും, വാഗ്ഭടനും.ഇതില്‍ ഇളയവനായിരുന്നു രണ്ട് ഗ്രന്ഥങ്ങളും രചിച്ചത്.ഇതിലൂടെ പുതുതലമുറക്ക്‌ മഹത്തായ അറിവ് പകര്‍ന്നുകൊണ്ട് പുരാതന ചികിത്സാ രീതികള്‍ ലോകമെമ്പാടും നിലനിന്നുവരുന്നു.
അഷ്ടാംഗ ഹൃദയ സംഹിത പാലിയിലും പിന്നീട് സംസ്കൃതത്തിലും രചിക്കപെട്ടു.ഇതിന്‍റെ പൂര്‍ണ്ണ രൂപം തിബത്തന്‍ സിംഹള, ജപ്പാന്‍ ഭാഷകളില്‍ ലഭ്യമാണ്.

വാഗ്ഭടന്‍ രചിച്ച അഷ്ടാംഗ ഹൃദയ സംഹിതയിലെ ആമുഖത്തില്‍ ഇങ്ങിനെ പറഞ്ഞുകൊണ്ടാണ് തുടങ്ങുന്നത്.

“എല്ലാ ജീവജാലങ്ങല്കിടയിലും നിലനിന്നുവരുന്ന ആസക്തി,സാങ്കല്പികത,അറിവില്ലായ്മ,എന്നിവയുടെ ഭാഗമായി ഉണ്ടായ എല്ലാവിധ രോഗങ്ങളെയും അതിന്‍റെ അടിസ്ഥാന കാരണങ്ങളെയും ഇല്ലായ്മ ചെയ്ത മഹാനായ വൈദ്യന്‍ ഭഗവാന്‍ ബുദ്ധനെ ഞാന്‍ നമിക്കുന്നു.”

ബുദ്ധ ഭഗവാന്‍റെ പഞ്ചശീലങ്ങളും അഷ്ടാംഗമാര്‍ഗ്ഗങ്ങളും,അതിലധിഷ്ടിതമായ ധ്യാനം, അഷ്ടാംഗ യോഗ,ആയുസ് ചികിത്സയെകുറിച്ച് മഹത്തായ അറിവ് നല്‍കുന്ന അഷ്ടാംഗ ചികിത്സാരീതിയനുസരിച്ച് ജീവിച്ചാല്‍ ലഭിക്കുന്ന സമ്പൂര്‍ണ്ണ ആരോഗ്യത്തെയും, ആനന്ദത്തെയും കുറിച്ചും തന്‍റെ രണ്ട് ഗ്രന്ഥങ്ങളിലൂടെ വാഗ്ഭടന്‍ സമര്‍ത്തിക്കുന്നു.എന്നാല്‍ വാഗ്ഭടന്റെ ഈ രണ്ട് ഗ്രന്ഥങ്ങളെയും മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തവര്‍ ബുദ്ധ ധമ്മവുമായിബന്ധപെട്ട  എല്ലാ പരാമര്‍ശങ്ങളെയും ബോധപൂര്‍വ്വം ഒഴിവാക്കികൊണ്ടാണ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.ബുദ്ധധമ്മത്തോട് ചാതുര്‍വര്‍ണ്യ വിശ്വാസികള്‍ പുലര്‍ത്തിവന്ന സമീപനം ഇതിലും കാണിച്ചുവെന്ന് വേണം കരുതാന്‍.

മനുഷ്യ ജീവജാലങ്ങളുടെ ആരോഗ്യസംരക്ഷണവുമായി ബന്ധപെട്ട് പ്രവര്‍ത്തിക്കുന്ന വൈദ്യന്മാരും മറ്റുംബുദ്ധ ഭഗവാന്‍ ഉപദേശിച്ച മൈത്രീഭാവനയും, കരുണയും മനസ്സില്‍ സൂക്ഷിച്ചുവേണം തങ്ങളുടെ കര്‍മ്മങ്ങള്‍ നിര്വ്വഹിക്കാനെന്നും ഗ്രന്ഥത്തില്‍ ഉപദേശിക്കുന്നുണ്ട്.

ബുദ്ധ ഭഗവാന്‍റെ കാലം മുതല്‍ തന്നെ ശാസ്ത്രീയ അടിത്തറയിട്ടുകൊണ്ടുള്ള ക്രോഡീകാരണം നടന്നുവെങ്കിലും അശോക ചക്രവര്‍ത്തിയുടെ കാലം മുതല്‍ പന്ത്രണ്ടാം നൂറ്റാണ്ടുകളിലാണ് അഷ്ടാംഗഹൃദയ ആയുസ് ചികിത്സ ഇന്ത്യയില്‍ വ്യാപകമാക്കപെട്ടത്‌. ബുദ്ധ ധമ്മത്തിന്‍റെ ശക്തമായ വെരോടലും അതിനെ തുടര്‍ന്ന് ആവിര്‍ഭവിച്ച നാലന്ദ ,തക്ഷശില സര്‍വ്വകലാശാലകളും ഇതിന് സഹായകമായി.ഈ ചികില്‍സാവിധിയുമായി ബന്ധപെട്ട പതിനായിരക്കണക്കിനു താളിയോലഗ്രന്ഥങ്ങള്‍ ഇവിടെ സൂക്ഷിക്കപെട്ടു.ഒരേസമയം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരകണക്കിന് വിദ്യാര്‍ഥികളാണ് നാലന്ദയില്‍ മാത്രം പഠിച്ചിരുന്നത്.അവരെല്ലാം നാലന്ദ വിടുമ്പോള്‍ ഈ മഹത്തായ അറിവുമായാണ് പോയിരുന്നത്.


കേരളത്തിലും ബുദ്ധമതത്തിന്‍റെ  പ്രചാരം ഉച്ചസ്ഥായിയില്‍ നിലനിന്ന പന്ത്രണ്ടാം നൂറ്റാണ്ട് വരെ  ഈ ചികിത്സാ സമ്പ്രദായം എല്ലാ ഗ്രാമങ്ങളിലും സജീവമായിരുന്നു.ഇപ്പോഴും പാരമ്പര്യ, സിദ്ധ,മര്‍മ്മ,ബാല,വിഷ ചികിത്സ എന്ന പേരില്‍ പല കുടുംബങ്ങളിലും നിലനിന്നുവരികയും ചെയ്യുന്നുണ്ട്.

ബുദ്ധ മതത്തിന്‍റെ പ്രചാരണത്തിലൂടെ വൈദ്യ സമ്പ്രദായം വിക്സക്കുവാനുള്ള കാരണം ,ബുദ്ധ ഭഗവാന് ഇക്കാര്യത്തില്‍ മഹത്തായ അറിവ് ഉള്ളതുകൊണ്ടായിരുന്നുവെന്നു ഹെന്രിച്ച്
 സിമ്മര്‍ അഭിപ്രായപെടുന്നു.ബുദ്ധ ധമ്മവും അഷ്ടാംഗ ആയുസ് ചികിത്സയും തമ്മില്‍ മഹത്തായ ബന്ധമാണുള്ളത് ആയതിനാല്‍ ആയുസ് ചികിത്സയുടെ വികാസത്തില്‍ ബുദ്ധ മതം മഹത്തായ പങ്കുവഹിച്ചുവെന്ന് പാശ്ചാത്യ ഗവേഷകരും വിലയിരുത്തുന്നു.

ബുദ്ധധമ്മത്തിന്‍റെ അടിസ്ഥാന ഗ്രന്ഥങ്ങളായ തിപിടകങ്ങളില്‍ “ ബെസ്സജ കന്ധക” (മരുന്നുകളുടെ വിഭാഗം )എന്ന പേരില്‍ രോഗികളായ ഭിക്ഷുക്കളെ വിവിധതരം മരുന്നുകള്‍ നല്‍കികൊണ്ട് ബുദ്ധ ഭഗവാന്‍ ചികിത്സിച്ചകാര്യം പറയുന്നുണ്ട്.
ഇവിടെ എടുത്തുപറയേണ്ടുന്ന പ്രധാന കാര്യം ബുദ്ധ ഭിക്ഷുക്കള്‍ക്കും വൈദ്യന്‍റെ ജ്യോലികള്‍ ചെയ്യാം എന്നതാണ്.പക്ഷെ അതൊരിക്കലും തന്‍റെ ജീവിതത്തിലെ വരുമാനമാര്‍ഗ്ഗമാക്കരുതെന്നു പ്രത്യേകം നിഷ്കര്‍ഷിച്ചിട്ടുമുണ്ട്.
ഭിക്ഷുക്കളുടെ ആത്യന്തിക ലക്‌ഷ്യം പരിനിബ്ബാണമാണ്.അതിനാല്‍ ചികിത്സ ചെയ്യുന്നത് തൊഴിലായി മാറുമ്പോള്‍ അതവരുടെ ജീവിത ലക്ഷ്യത്തെയും മാനസിക വളര്‍ച്ചയെയും, സമാധാനത്തെയുമെല്ലാം ബാധിക്കാനിടയുണ്ട്.എന്നാല്‍ അവര്‍ക്ക് ബുദ്ധഭഗവാന്‍റെ കരുണയില്‍ അധിഷ്ടിതമായി മാനവ കുലത്തിന്‍റെ സന്തോഷം, സമാധാനം, ആരോഗ്യം എന്നിവ മുന്‍ നിര്‍ത്തി  വൈദ്യന്‍റെ ജ്യോലികള്‍ ചെയ്യാനും മരുന്നുകള്‍ കുറിച്ചുനല്‍കാനും അനുമതി നല്‍കിയിരുന്നു.ജീവകകൊമര ഭക്ക എന്ന വൈദ്യന്‍ ഭഗവാന്‍ ബുദ്ധന്‍റെ നിര്‍ദ്ദേശപ്രകാരം വിഹാരത്തില്‍ താമസിച്ച് ചികില്‍സ നടത്തിവന്നിരുന്നു.അദ്ദേഹം പിന്നീട് വൈദ്യന്മാരുടെ രാജാവ് എന്നപേരിലാണ് അറിയപെട്ടിരുന്നത്. 
ബുദ്ധ ഭഗവാന്‍റെ ചികിത്സാ രീതികളെകുറിച്ച് ജ്യോതിര്‍ മിത്ര ഇങ്ങിനെ അഭിപ്രായപെടുന്നു.
“ ബുദ്ധ ഭഗവാന്‍റെ ധാര്‍മ്മികതയുടെ ഉറവിടം കരുണയാണ്.എല്ലാവര്‍ക്കും വേണ്ടിയുള്ള നന്മയാണ് അദ്ദേഹത്തിന്‍റെ ലക്ഷ്യവും.ഈ ധാര്‍മിക സ്വഭാവത്തില്‍ അധിഷ്ടിതമായ അറിവ്, ദാനം, കരുണ, സന്തുഷ്ടി,സമത്വ ഭാവം,സമാധാനം എന്നിവ ഉള്‍പെടുത്തികൊണ്ടുള്ളതാണ് അദ്ദേഹത്തിന്‍റെ ചികിത്സാ രീതി.ഇത് നടപ്പിലാക്കാന്‍ ബുദ്ധ ഭിക്ഷുക്കള്‍ക്കും, അശോക ചക്രവര്‍ത്തിക്കും കഴിഞ്ഞു.”

മഹാനായ ധമ്മ അശോക ചക്രവര്‍ത്തിയുടെ കാലഘട്ടത്തില്‍ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും വേണ്ടി ആശുപത്രികള്‍ സ്ഥാപിച്ചു.അശോക ചക്രവര്‍ത്തിയുടെ രണ്ടാം ശിലാലിഖിതത്തില്‍ ഇങ്ങനെ രേഖപെടുത്തിയിരിക്കുന്നു.
“തന്‍റെ സാമ്രാജ്യത്തിലും അയാള്‍ രാജ്യങ്ങളിലും എവിടെയും ആയികൊള്ളട്ടെ, മനുഷ്യര്‍ ,മൃഗങ്ങള്‍ എന്നിവയുടെ ആരോഗ്യ സംരക്ഷണത്തിനായി ആശുപത്രികള്‍ സ്ഥാപിച്ചു.ചികിത്സക്ക് ആവശ്യമുള്ള പച്ചമരുന്നുചെടികള്‍ കണ്ടെത്താനും,അവ നട്ടുപിടിപ്പിച്ച് വളര്‍ത്തുവാനും, വേരുകളും, ഫലങ്ങളും കണ്ടെത്താനും, ശ്രമിക്കണം.” ശിലാ ലിഖിതത്തിലൂടെ അദ്ദേഹം ആഹ്വാനം ചെയ്തു.
(ദേവാനാം പിയസ്സ, പിയ ദാസിനോ , രജോ ദേ ചികച കത,മനുസ ചികചക പശു ചികചക)

അദ്ദേഹത്തിന്‍റെ സാമ്രാജ്യത്തില്‍ ഉള്‍പെട്ടിരുന്ന അഫ്ഗാനിസ്ഥാന്‍ മുതല്‍ തന്‍റെ സുഹൃദ് രാജ്യമായിരുന്ന ശ്രീലങ്ക വരെയുള്ള രാജ്യങ്ങളിലെ മൊക്കിലും മൂലകളിലും ഇരുപതിനായിരം ആയുസ് ചികിത്സ ആശുപത്രികള്‍ സ്ഥാപിച്ചിരുന്നതായി ശിലാ ലിഖിതങ്ങളില്‍ രേഖപെടുത്തിയിരിക്കുന്നു..ഈ സല്‍പ്രവര്‍ത്തിയിലൂടെ ബുദ്ധ ഭഗവാന്‍ മുന്നോട്ടുവെച്ച ആരോഗ്യ ചികിത്സാ സമ്പ്രദായം വ്യാപകമായി.ബുദ്ധ ഭിക്ഷുക്കളും ഉപാസകരും ഇതിന് നേതൃത്വം നല്‍കി. മാത്രമല്ല ഗ്രീക്ക് രാജാക്കന്മാരിലേക്കും ഈ ചികിത്സാ സമ്പ്രദായം വ്യാപിച്ചു. ബുദ്ധ ഭിക്ഷുക്കളായ നാഗാര്‍ജ്ജുനനും, അശ്വഘോഷനും അറിയപെട്ടിരുന്ന വൈദ്യ പണ്ഡിതന്മാരായിരുന്നു.ഇരുവരും ഈ സമ്പ്രദായത്തിന്‍റെ വികാസത്തിനായി മഹത്തായ സംഭാവന നല്‍കിയവരാണ്.

ബുദ്ധമതത്തോടൊപ്പം തിബത്തന്‍ മേഖലയില്‍ വികസിച്ച മറ്റൊരു ആരോഗ്യ ചികിത്സാ സമ്പ്രദായമാണ് താന്ത്രിക് യോഗയും, അതിന്‍റെ ഭാഗമായുള്ള ആയുസ് ചികിത്സയും.ഇതും വികസിച്ചത് അഷ്ടാംഗ ആയുസ് ചികിത്സാ സമ്പ്രദായത്തില്‍ നിന്നാണ്.മനസ്സിന്‍റെയും, ശരീരത്തിന്‍റെയും അകത്തുള്ള പ്രവര്‍ത്തനങ്ങളെ എകീകരിക്കുന്നതിനും ശ്രദ്ധാപൂര്‍വ്വമായ ജീവിതത്തിനുമായി ചില പച്ചമരുന്നുകള്‍ ഈ ചികിത്സയുടെ ഭാഗമായി ഉപയോഗിച്ചുവരുന്നു.അഷ്ടാംഗ ആയുസ് ചികിത്സാസമ്പ്രദായത്തിന്‍റെ വികസനത്തിനായി മഹത്തരവും അളക്കാന്‍ കഴിയാത്തതുമായ സംഭാവനകളാണ് ബുദ്ധമതം നല്‍കിയത്.ഇതിനായി അളവറ്റ താളിയോല ഗ്രന്ഥങ്ങള്‍ രചിച്ച് സൂക്ഷിച്ചുവന്നു.പിന്നീട് ബുദ്ധമതം വ്യാപിച്ച തിബത്ത് ,ബര്‍മ്മ, ശ്രീലങ്ക,, ഉള്‍പടെയുള്ള രാജ്യങ്ങളിലേക്ക് ഈ അറിവുകള്‍ കൈമാറി അവിടങ്ങളില്‍ ഈ സമ്പ്രദായം ഇപ്പോഴും നിലനിന്നുവരുന്നു.


വൈദേശികവും, ആഭ്യന്തരവുമായ അടിച്ചമര്‍ത്തലുകളും,ആക്രമങ്ങളും നേരിട്ട് ബുദ്ധമതത്തിന് ക്ഷതം സംഭവിച്ചു.ബുദ്ധ ഭിക്ഷുക്കള്‍ മനുഷ്യകുലത്തിനായി കരുതിവെച്ച അമൂല്യ ഗ്രന്ഥ ശേഖരങ്ങള്‍ തീയിട്ടും അല്ലാതെയും നശിപ്പിച്ചു.മനുഷ്യകുലത്തെ നോക്കി “നീ നിനക്ക് വെളിച്ചമാകു” എന്നും “നിന്‍റെ മനസ്സാണ് എല്ലാം, നീ സ്വയം പര്യാപ്തമാകണം” എന്നും പഠിപ്പിച്ച ബുദ്ധ സംസ്കാരത്തെ തച്ചുടച്ചു.അതോടൊപ്പം നൂറുകണക്കിന് ചികിത്സാ വിധികളും കത്തിയെരിഞ്ഞു.

ഇന്ന് നാം ജീവിക്കുന്നത് വികസിച്ചു എന്ന് കൊട്ടിഘോഷിക്കപെടുന്ന ശാസ്ത്രീയ സമൂഹത്തിലാണ്.ആധുനിക ശാസ്ത്രം പല നേട്ടങ്ങളും കൈവരിച്ചിട്ടുണ്ടെങ്കിലും,അതോടൊപ്പം പലതരം മാരക രോഗങ്ങളും കൂടെപിറപ്പായിട്ടുണ്ട്.പലതിനും മരുന്നുകള്‍ കണ്ടുപിടിക്കാന്‍ കഴിയാതെ കുഴയുകയാണ് ശാസ്ത്ര സമൂഹം.അതിലൊന്നാണ് മനുഷ്യനെ കാര്‍ന്നുതിന്നുന്ന കാന്‍സര്‍.ഇതൊരു തെറ്റിധാരണയുടെ ഭാഗമായി രൂപപെട്ട രോഗമാണെന്നാണ് പുരാതന വൈദ്യന്മാരുടെ അഭിപ്രായം.
ബുദ്ധ സൂക്തത്തില്‍ പാലി ഭാഷയില്‍ കാന്‍സര്‍ എന്ന അസുഖത്തിന് നല്‍കിയിട്ടുള്ള പേര് “പിലക” എന്നാണ്. ഈ രോഗത്തിനുള്ള ചികിത്സയും വിവരിക്കുന്നുണ്ട്.എന്നാല്‍ ആധുനിക ചികിത്സാ സമ്പ്രദായത്തിന്‌ അതിനെ കണ്ടെത്താനോ പരീക്ഷിക്കാനോ താല്‍പര്യമില്ല.പുരാതനമായ അറിവുകള്‍ നമുക്ക് ഗ്രാമങ്ങളിലും പാരമ്പര്യ സമൂഹത്തിലും കണ്ടെത്താന്‍ കഴിയും.എന്നാല്‍ ആധുനിക ലബോറട്ടറികള്‍ക്ക് അതിന് കഴിയില്ല.ആധുനിക മനുഷ്യന്‍ അവന്‍റെ നിത്യ ജീവിതവുമായി ബന്ധപെട്ട ഒട്ടുമിക്ക വിഷയങ്ങളിലും അന്ധനാണ്.അവന്‍ കണ്ടെത്തിയ ചില അറിവുകള്‍ ശരിയും,പുരാതന സംസ്കാരത്തിന്‍റെ ഭാഗമായുള്ള അറിവുകള്‍ തെറ്റായതും കാലഹരണപെട്ടതുമാണെന്നാണ് അവര്‍ ധരിച്ചുവെച്ചിരിക്കുന്നത്.

കാന്‍സറിനുമാത്രമല്ല ഒട്ടുമിക്ക രോഗങ്ങള്‍ക്കും അഷ്ടാംഗ ഹൃദയ ചികിത്സയില്‍ പ്രധിവിധികള്‍ ഉണ്ട്.ഇന്ത്യയിലെ ഗ്രാമങ്ങളില്‍ താമസിക്കുന്ന ബൗദ്ധ പാരമ്പര്യവൈദ്യമ്മാരിലും ,തിബത്ത്, ശ്രീലങ്ക,തുടങ്ങിയ ബൗദ്ധ രാജ്യങ്ങളിലും ഇത് നിലനില്‍ക്കുന്നുണ്ട്.
കച്ചവടത്തിലും, ചൂഷണത്തിലും അധിഷ്ടിതമായ ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ പിടിയില്‍ അമര്‍ന്നവര്‍ക്ക് ഇതൊന്നും കണ്ടെത്താന്‍ കഴിയില്ല, അല്ലെങ്കില്‍ താല്‍പര്യമില്ല.

പാരമ്പര്യ ചികിത്സാ സമ്പ്രദായത്തിന് നേരെ ആധുനിക സമൂഹത്തിന് എക്കാലവും കണ്ണടക്കാന്‍ കഴിയില്ല .ഇന്ത്യയില്‍ ബുദ്ധ ധമ്മത്തിന്‍റെ തിരിച്ചുവരവിലൂടെ ധാര്‍മ്മിക പാരമ്പര്യ ചികിത്സാ സമ്പ്രദായവും, അത് മുന്നോട്ടുവെക്കുന്ന രീതികളും മെല്ലെ മെല്ലെ തിരിച്ചു വരുന്നുണ്ട്.

സഹായക ഗ്രന്ഥങ്ങള്‍
1..പുരാതന,മധ്യകാല പാരമ്പര്യ ചികിത്സാസമ്പ്രദായം
                        കാലിഫോര്‍ണിയ/1976
2.മഹാനായ വൈദ്യന്‍ ഭഗവാന്‍ ബുദ്ധന്‍,
 മതവും ചികിത്സകളും-1974
  

  

Wednesday, March 8, 2017