Thursday, November 29, 2018

എല്ലാവരേയും എവിടെയും സ്നേഹിക്കന്‍ ബുദ്ധന്‍ ആഹ്വാനം ചെയ്തു.എല്ലാവരേയും എവിടെയും സ്നേഹിക്കന്‍
ബുദ്ധന്‍ ആഹ്വാനം ചെയ്തു.
===========================
“നമുക്ക് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കണമെങ്കില്‍ നാം മറ്റുള്ളവരെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാന്‍ അനുവദിക്കുക കൂടി വേണ”മെന്ന് ഭഗവാന്‍ ബുദ്ധന്‍ ഉപദേശിച്ചു.
ഇതിനായി മൈത്രി, കരുണ, മുദിത, ഉപേക്ഷ എന്നെ നാലു ഭാവനകള്‍ മനസ്സില്‍ വികസിപ്പിക്കാനും ഭഗവാന്‍ ബുദ്ധന്‍ പറഞ്ഞു.

“ഒരു മാതാവ് തന്‍റെ ഒരേയൊരു കുഞ്ഞിന്‍റെ പ്രാണനെ കരുതി രാത്രിമുഴുവന്‍ ഉറക്കമിഴിച്ച് ശുശ്രൂഷിക്കുന്നതുപോലെ നാം എല്ലാവരും എല്ലാ പ്രാണികളുടെയും സുഖത്തെയും മനസ്സില്‍ വിചാരിച്ചുകൊണ്ട്‌ നിസീമമായ കരുണയും സ്നേഹവും വെച്ചു പുലര്‍ത്തണം.”-ബുദ്ധന്‍
(സു.നികായ-149)
ഭഗവാന്‍ ബുദ്ധന്‍ പറഞ്ഞ ഈ ഉപദേശത്തെ മൈത്രി, കരുണ, മുദിത,ഉപേക്ഷ എന്നീ ഭാവനകളുമായി ബന്ധിപ്പിച്ച് ബുദ്ധഘോഷന്‍ ഒരു ഉദാഹരണം നല്‍കിയിട്ടുണ്ട്.

ബുദ്ധഘോഷന്‍ ഇങ്ങിനെ പറയുന്നു.
-----------------------------------------------------------
“ആ ഒരേയൊരു കുട്ടിയുടെ സുഗമമായ വളര്‍ച്ചയില്‍ ആ അമ്മക്കുള്ള മഹത്തായ താലപര്യമാണ് “ മെത്ത” അഥവാ മൈത്രി എന്ന് പറയുന്നത്.
ആ കുഞ്ഞിന്‍റെ രോഗം മാറി അതിന് സുഖം വീണ്ടെടുക്കണമെന്നുള്ള ആ അമ്മയുടെ ഉത്സാഹം “കരുണ”യില്‍ നിന്നാണ് ഉണ്ടാകുന്നത്.
രോഗം മാറി കഴിഞ്ഞപ്പോള്‍ ആ കുഞ്ഞിന് ശാരീരികമായോ മാനസികമായോ ഉള്ള കഴിവുകള്‍ക്ക് ഒന്നിനും ഒരു കുറവും വരാതെ ഇരുന്നതില്‍ ആ അമ്മയുടെ മനസ്സില്‍ ഉണ്ടായ അവസ്ഥയാണ് “മുദിത”
പിന്നീട് ആ കുട്ടി വളര്‍ന്ന് വലുതായി ആ കുട്ടിക്ക് തന്നോടുണ്ടാകുന്ന മനോഭാവം അനുകൂലമോ പ്രതികൂലമോ ആകട്ടെ –അതില്‍ ആ അമ്മക്ക് ഒട്ടും ഉത്കണ്ടയുമില്ലാത്ത ആ മാനസികാവസ്ഥയാണ് “ഉപേക്ഷ”. എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്.
ലോകത്തുള്ള എല്ലാ മനുഷ്യജീവജാലങ്ങളോടും ഈ മനോഭാവം വെച്ചു പുലര്‍ത്തി ജീവിക്കാനാണ് ബുദ്ധമതം നമ്മെ ഉപദേശിക്കുന്നത്.
ഇതില്‍ നിന്നും ബുദ്ധമതം/ധമ്മം വെറും സ്വാര്‍ത്ഥതകൊണ്ടും , നിര്‍വ്വാണപ്രാപ്തിക്കുവേണ്ടിയും മാത്രമായി സ്വീകരിച്ച അഭിപ്രായങ്ങളല്ലെന്നും,
വ്യക്തിയുടെയും സമൂഹത്തിന്‍റെയും വളര്‍ച്ചയില്‍ ഏറ്റവും അധികം സ്പര്‍ശിക്കുന്ന ഒരു മഹത്തായ തത്വസംഹിതയാണെന്നും നമുക്ക് കാണാന്‍ കഴിയുന്നു.
=================
ധമ്മ സ്കൂള്‍
കേരള മഹാബോധി മിഷന്‍

ചരിത്ര നിയോഗം പോലെ ഭഗവാൻ ബുദ്ധൻ ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു.

ചരിത്ര നിയോഗം പോലെ
ഭഗവാൻ ബുദ്ധൻ ഇന്ത്യയിലേക്ക് തിരിച്ചുവരുന്
..........................................
ഭഗവാൻ ബുദ്ധനുലഭിച്ച
ദു:ഖ നിവാരണമെന്ന പരമസത്യം പ്രചരിപ്പിച്ചതിന്റെ പേരിൽ ബുദ്ധഭിക്ഷുക്കളെയും ബൗദ്ധസ്ക്കാരത്തെ തന്നെയും നശിപ്പിച്ചും നാടുകടത്തിയ ചരിത്രമാണ് യഥാർത്ഥ ഇന്ത്യാചരിത്രം പഠിക്കുന്ന ആർക്കും മനസ്സിലാവുക.
എന്നാൽ ആ നാട്ടിലേക്ക് മെല്ലെമെല്ലെ ആ മഹത്തായ സംസ്കാരം
ഭരണ കർത്താക്കളിലൂടെ തന്നെ തിരിച്ചെത്തുന്ന കാഴ്ച്ചകൾ നാം കാണുകയാണ്.
ഭഗവാൻ ബുദ്ധൻ കാൽനടയായി സഞ്ചരിക്കുകയും വിഹരിക്കുകയും ചെയ്ത ഇടം എന്നതിനാലാണ് ബീഹാർ എന്ന പ്രദേശം തന്നെ ഉണ്ടാകുന്നത്.
ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ഉയരമുള്ള
ബുദ്ധശില ബീഹാറിലെ രാജഗിറിൽ മുഖ്യമന്ത്രി നിതീഷ്കുമാർ ഇക്കഴിഞ ഞായറാഴ്ച്ച രാജ്യത്തിനായി സമർപ്പിച്ചു.
70 അടി ഉയരമുള്ള ശില 13 കോടി രൂപ ചിലവിട്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്.
രാജഗിറിലെ തടാകത്തിന്റെ നടുവിലാണ് ശില സ്ഥാപിച്ചിട്ടുള്ളത്.
മഹാബോധി ബുദ്ധവിഹാരത്തിലെ
മുഖ്യഭിക്ഷുചലിന്ദ ,യോഗത്തിൽ
അദ്ധ്യക്ഷത വഹിച്ചു.നിരവധി ബുദ്ധഭിക്ഷുക്കളെ കൂടാതെ ഡെപ്യുട്ടി ചീഫ് മിനിസ്റ്റർ സുശിൽകുമാർ മോഡി, മറ്റു സർക്കാർ ഉദ്യോഗസ്ഥരും പൊതുജനങ്ങളും യോഗത്തിൽ സംബന്ധിച്ചു.രാജഗിറിലെ വിശ്വശാന്തി സ്ഥൂപത്തിലെ ജാപ്പനീസ് ബുദ്ധഭിക്ഷു ഒകാങ്കിയുടെ നേതൃത്വത്തിലുള്ള ഭിക്ഷുക്കളുടെ പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
ബുദ്ധശില സ്ഥിതി ചെയ്യുന്ന തടാകവും പരിസര പ്രദേശങ്ങളും പരിസ്ഥിതി സൗഹൃദ പ്രദേശമായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കാൽനടയായോ, കുതിരവണ്ടിയിലോ, സൈക്കിൾ യാത്രയായോ മാത്രമെ ഇവിടേക്ക് എത്തിച്ചേരാൻ കഴിയു.
ഭഗവാൻ ബുദ്ധൻ കാൽനടയായി സഞ്ചരിച്ച പ്രദേശങ്ങളിൽ ചരിത്രത്തിൽ രേഖപ്പെടുത്തിയ രാജഗിറിലെ (പണ്ടത്തെ രാജഗൃഹം )ഇടങ്ങളെ അതേപോലെ തന്നെ ബീഹാർ പുരാവസ്തു വകുപ്പ് സംരക്ഷിച്ചു വന്നിരുന്നു. അവിടെയാണ് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയതിൽ രണ്ടാമത്തെ ബുദ്ധശില പണി കഴിച്ചിരിക്കുന്നത്.
മനുഷ്യരുടെ ദുഃഖകാരണമന്യേഷിച്ച് കൊട്ടാരവും കുടുംമ്പവും ഉപേക്ഷിച്ച സിദ്ധാർത്ഥ ഗൗതമൻ ആദ്യമായി എത്തിച്ചേർന്നത് രാജഗൃഹമെന്നപേരിൽ അറിയപ്പെട്ടിരുന്ന ഇന്നത്തെ രാജ്ഗിറിലായിരുന്നു.
അന്നിവിടം ഭരിച്ചിരുന്നത് ബിംബിസാര ചക്രവർത്തിയായിരുന്നു.കൊട്ടാരം വിട്ട് പരിവ്രാജകനായി മാറിയ സിദ്ധാർത്ഥൻ ആദ്യമായി ഭിക്ഷയാചിച്ച് നടന്നത് രാജഗൃഹത്തിലെ തെരുവുകളിലായിരുന്നു.കപില വസ്തുവിലെ രാജാവിന്റെ മകൻ തെരുവിൽ ഭിക്ഷ യാചിക്കുന്നത് മനസ്സിലാക്കിയ ബിംബിസാര ചക്രവർത്തി, സന്യാസജീവിതം ഉപേക്ഷിച്ച് രാജ്യത്തിലേക്ക് തിരികെ പോകാൻ സിദ്ധാർത്ഥനോട് ആവശ്യപ്പെടുന്നതും അതിന് സിദ്ധാർത്ഥൻ നൽകിയ മറുപടികളും വളരെ പ്രശസ്തമാണ്.
ആ കാലഘട്ടത്തിൽ ഈ പ്രദേശം മൃഗബലി നടത്തിക്കൊണ്ട് യാഗം നടത്തുന്നതിലൂടെ അറിയപ്പെട്ടിരുന്നു.
യാഗം നടത്തുന്നതിനായി ആടുകളെ കൊല്ലുന്നത് കണ്ട സിദ്ധാർത്ഥൻ അത് തടയുന്നതും, അതിനായി അദ്ദേഹം നടത്തിയ ഉപദേശവുമെല്ലാം രാജഗിറിൽ വെച്ചാണ്.
അഗ്നിയെ ആരാധിക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന സിദ്ധാർത്ഥന്റെ പ്രഭാഷണം നടക്കുന്നതും രാജഗിറിൽ വെച്ചാണ് .ഇത് കേട്ട ബിംബിസാരന്റെയും ജനങ്ങളുടെയും മനസ്സ് മാറുന്നതും ബുദ്ധധമ്മ ഗ്രൻഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇവിടങ്ങളിലെ മുളങ്കാടുകളിലും മറ്റുമായി വർഷങ്ങളോളം സിദ്ധാർത്ഥ ഗൗതമൻ ധ്യാനനിരതനായിരുന്നു. ആ കാലഘട്ടത്തിൽ ഇവിടം ഭരിച്ചിരുന്ന ബിംബിസാര ചക്രവർത്തി സിദ്ധാർത്ഥ ഗൗതമനുമായി നടന്ന ചർച്ചകൾ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഭഗവാൻ ബുദ്ധൻ ബോധോദയം നേടിയതിനു ശേഷം ഈ സ്ഥലത്തുവെച്ച് നിരവധി ധമ്മ പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്.
രാജഗിറിലെ മലയിടുക്കുകളിലൂടെ യാത്രചെയ്യവെ ദേവദത്തൻ എന്ന ബദ്ധശത്രു ഭഗവാൻ ബുദ്ധനെ പാറക്കല്ലുകൾ കൊണ്ട് അപായപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. ഈ രാജഗിറിൽ വെച്ചാണ് നലഗിരി എന്ന ആനക്ക് മദ്യം നൽകി ബുദ്ധനെ കൊല്ലാനും ദേവദത്തൻ ശ്രമിച്ചത് .
വർഷക്കാലങ്ങളിൽ ഭഗവാൻ ബുദ്ധൻ
ധ്യാന നിരതനായിരുന്നത് രാജഗ്രിഹത്തിനടുത്ത വേണുവനത്തിലായിരുന്നു.ഇതിനടുത്ത ശ്രാവസ്ഥിയിലായിരുന്നു അനാഥപിഢിക എന്ന വ്യാപാരി ആദ്യമായി ഭഗവാൻ ബുദ്ധന് ഒരു വിഹാരം പണിതു സമ്മാനിക്കുന്നത്. അത് ജേതവന വിഹാരം എന്ന പേരിൽ അറിയപ്പെട്ടിരുന്നു.ഇവിടങ്ങിൽ സിദ്ധാർത്ഥ ഗൗതമൻ ധ്യാനിച്ച സ്ഥലങ്ങൾ, എന്നിവയെല്ലാം പുരാവസ്തു വകുപ്പ് കൃത്യമായി രേഖപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്തു വരുന്നുണ്ട്.
രാജ്ഗീറിനു തൊട്ടടുത്താണ് ലോക പ്രശസ്ഥമായ നാളന്ദ സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്. നശിപ്പിക്കപ്പെട്ട അതിന്റെ അവശിഷ്ടങ്ങളും ഇന്ന് നമുക്ക് കാണാൻ കഴിയും. മഹത്തായ ആ നാളന്ദയും ഇപ്പോൾ മെല്ലെ മെല്ലെ പുനർജ്ജനിക്കുകയാണ്.
🌸🌸🌸🌸🌸🌸🌸🌸
ധമ്മ സ്കൂൾ,
കേരള മഹാബോധി മിഷൻ.

Buddha's Compassion

നിറഞ്ഞുനിന്ന കനിവ്
ബുദ്ധനിലെ പ്രത്യേകത
===================
ഭഗവാന്‍ ബുദ്ധനില്‍ മനുഷ്യോചിതമായ കനിവ്, സൌഹാര്‍ദം തുടങ്ങിയ ഗുണങ്ങള്‍(humanity) അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ ഉടനീളം കാണാം.ബുദ്ധിവികാസം പല മഹാന്മാരിലും സാധാരണക്കാരില്‍നിന്നുള്ള അകല്‍ച്ചക്കും,അവരോടുള്ള അവജ്ജ്ഞയോടുകൂടിയ അനുകമ്പക്കും കാരണമാകാറുണ്ട്.എന്നാല്‍ ബുദ്ധനാകുന്നതിലൂടെ അഹന്തയെ വേരോടെ അറുത്തുകളഞ്ഞ അദ്ദേഹം സര്‍വ്വതോന്മുഖമായ ഗുണതികവില്‍ പരിണമിക്കുകയായിരുന്നു.
നിന്ദിക്കാന്‍ ധാരാളം പേര്‍
----------------------------------------
ഭഗവാന്‍ ബുദ്ധനെ നിന്ദിക്കാന്‍ ധാരാളംപേര്‍ അന്നുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ നന്മനിറഞ്ഞ പ്രചാരണത്തിന് അന്നുണ്ടായ വര്‍ദ്ധിച്ചുവരുന്ന വിജയത്തില്‍ അസൂയപൂണ്ട രാജഗ്രിഹത്തിനടുത്തുള്ള ഒരു ബ്രാഹ്മണന്‍ ബുദ്ധ ഭഗവാനെ പരസ്യമായി നിന്ദിച്ചു.എന്നാല്‍ അദ്ധേഹത്തിന്‍റെ സമചിത്തതക്ക് ഉലച്ചില്‍ തട്ടിയില്ല. ബുദ്ധഭഗവാന്‍ ആ ബ്രാഹ്മണനോട് ചോദിച്ചു: “ സ്നേഹിതന്മാരും സഹപ്രവര്‍ത്തകരും അഥിതികളായി വന്നാല്‍ അവര്‍ക്കുവേണ്ടി വിരുന്നൊരുക്കാരില്ലേ നിങ്ങള്‍?
നിന്ദകനായ ബ്രാഹ്മണന്‍ പറഞ്ഞു: ‘അതെ ചിലപ്പോഴൊക്കെ ചെയാറുണ്ട്’.
ബുദ്ധഭഗവാന്‍: “പക്ഷെ അവര്‍ നിങ്ങളുടെ ആഥിത്യം സ്വീകരിച്ചില്ലെങ്കില്‍ നിങ്ങള്‍ ഒരുക്കിയ പദാര്‍ത്ഥങ്ങള്‍ ആര്‍ക്കുള്ളതായി തീരും?
ബ്രാഹ്മണന്‍: ‘ എന്ത് സംശയം ഞങ്ങള്‍ക്ക് തന്നെ’.
ബുദ്ധഭഗവാന്‍: ‘ഹേ ബ്രാഹ്മണാ! അതുപോലെതന്നെ ഇവിടെയും.അങ്ങോട്ട്‌ ചീത്തപറച്ചിലോ പ്രകോപനമോ കൂടാതെ നമ്മെ പറഞ്ഞ ചീത്തവാക്കുകള്‍ നാം ഏറ്റെടുക്കുകയില്ല.അവയെല്ലാം താങ്കള്‍ക്കുതന്നെ ഇരിക്കട്ടെ’.
(സംയുക്ത നികായം)


ബുദ്ധന്‍ ഒരിക്കലും
പരുഷമായി സംസാരിച്ചില്ല.
-------------------------------------------
ദേവദത്തന്‍ ബുദ്ധന്‍റെ അടുത്ത ബന്ധുവായിരുന്നെങ്കിലും ബുദ്ധസംഘത്തില്‍ ചേര്‍ന്നതിനുശേഷം ഭഗവാന്‍ ബുദ്ധനോട് മത്സരിച്ചുകൊണ്ടിരുന്നു.ഒടുവില്‍ ചതിചെയ്ത് ഭഗവാന്‍ ബുദ്ധന്‍റെ ജീവിതം അവസാനിപ്പിക്കുവാനും ശ്രമിച്ചു.എന്നാല്‍ അലൌകികമായ തന്‍റെ മൈത്രികൊണ്ട് മദയാനയെ മയക്കിയ അദ്ദേഹത്തിന് ദേവദത്തന്‍റെ വിദ്വേഷത്തെ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ദുരിതഭാരംകൊണ്ട് ദയനീയമാംവണ്ണം മരിച്ച ദേവദത്തനെകുറിച്ച് ഒരിക്കലും പരുഷമായി സംസാരിച്ചില്ലെന്ന വസ്തുത ഭഗവാന്‍ ബുദ്ധനിലെ നിറഞ്ഞുനില്‍ക്കുന്ന അനുകമ്പയുടെ ഉദാഹരണമാണ്.
--------------------------
ധമ്മ സ്കൂള്‍
കേരള മഹാബോധി മിഷന്‍
Wednesday, August 8, 2018

Buddhist way of life for lay followers

ഗൃഹസ്ഥർക്ക് വേണ്ടിയുള്ള
ബുദ്ധിസ്റ്റ് ജീവിത രീതി
........................................
മനുഷ്യരുടെ സന്തോഷത്തിനുവേണ്ടി സാമ്പത്തികമായ ഉയർച്ചനേടുക മാത്രമല്ല അഭികാമ്യം, എന്നാൽ തൃപ്തികരവും, സമാധാനവും, സന്തോഷപൂർണ്ണവുമായ ജീവിതത്തിന് ധാർമ്മികവും, മനസ്സിന്റെ ശുചീകരണവും വികാസവും ആവശ്യമാണെന്നും ഭഗവാൻ ബുദ്ധൻ ഉപദേശിച്ചു.

ദിഗജനു എന്ന ഒരു സാധാരണ മനുഷ്യൻ ഭഗവാൻ ബുദ്ധനെ സന്ദർശിച്ച് ഇങ്ങിനെ പറഞ്ഞു,

'കാരുണ്യവാനെ, ഞാൻ ഭാര്യയും, കുട്ടികളുമൊത്തു കുടുംമ്പ ജീവിതം നയിക്കുന്ന സാധാരണക്കാരനാണ്.
ഈ ലോകത്ത് ഇപ്പോഴും,ഭാവിയിലും ഞങ്ങളുടെ സന്തോഷത്തിനും ക്ഷേമത്തിനും വേണ്ടി എന്താണ് അഭികാമ്യമെന്ന് ഞങ്ങളെ ഉപദേശിച്ചാലും '.

ഭഗവാൻ ബുദ്ധൻ അയാളോട് ഇങ്ങിനെ ഉപദേശിച്ചു.

'ഈ ലോകത്ത് സന്തോഷത്തോടെ ജീവിക്കാൻ നാലു കാര്യങ്ങളാണ് അഭികാമ്യം.

⛩: ഒരാൾ എന്തു ജ്യോലിയാണോ തിരഞ്ഞെടുത്തിട്ടുള്ളത് അയാൾക്കതിൽ വൈദഗ്ദ്യം, സമർത്ഥത, ആത്മാർത്ഥത, ഉൽസാഹം എന്നിവ ഉണ്ടായിരിക്കുകയും, അതിൽ കൃത്യമായ അറിവ് നേടിയിരിക്കുകയും വേണം
( ഉത്തന സമ്പാദ );

⛩: വിയർപ്പൊഴുക്കി, ശരിയായ മാർഗ്ഗത്തിലൂടെ എന്താണോ അയാൾ സമ്പാദിച്ചിട്ടുള്ളത് ആ വരുമാനത്തെ സംരക്ഷിക്കാൻ അയാൾക്ക് കഴിയണം.( അരക്ക സമ്പാദ)

⛩: ദുഷ്കർമ്മങ്ങളിൽ നിന്നും വിട്ടുനിന്ന് ശരിയായ ജീവിത പാതയിലൂടെ സഞ്ചരിക്കുന്നതിന് സഹായിക്കാനായി സത്യസന്ധനും, വിവേകമതിയും, ഉദാര ചിത്തന്നും, നീതിബോധവും, പാണ്ഡിത്യവുമുള്ള സുഹൃത്തുക്കളും അയാൾക്ക് ഉണ്ടായിരിക്കണം.
( കല്യാണ മിത്ര )

⛩: ധാരാളത്തിത്വത്തോടെയോ, എന്നാൽ പിശുക്കോടെയോ അല്ലാതെ മിതമായും ആനുപാതികരീതിയിലും ചിലവു ചെയ്യാനും അയാൾക്ക് കഴിയണം, മാത്രമല്ല ദുരാഗ്രഹത്തോടെയോ,
നിഗൂഡമായോ സമ്പാദ്യം സൂക്ഷിച്ചുവെക്കാനോ പാടില്ല. മറ്റൊരു തരത്തിൽ പറഞ്ഞാൽ അർത്ഥപൂർണ്ണമായ ജീവിതം നയിക്കണം.
 ( സമ്മ ജീവികത ).

സാധാരണക്കാർക്കായി സന്തോഷത്തോടെ ജീവിക്കാൻ അഭികാമ്യമായ നാലു ഗുണങ്ങളും ഭഗവാൻ ബുദ്ധൻ പിന്നീട് ഉപദേശിച്ചു.

⛩: വിശ്വാസം ( സദ്ധ )
ബുദ്ധിപരവും ആധ്യാത്മികവും, ധാർമ്മികവുമായ മൂല്യങ്ങളിൽ  ആശ്രയവും വിശ്വാസവും അയാൾക്കുണ്ടായിരിക്കണം.

⛩: ധാർമ്മിക ജീവിതം ( ശീലം )

കൊല്ലുന്നതിലും പീഢിപ്പിക്കുന്നതിൽ നിന്നും,

ചതിക്കുന്നതിലും നുണ പറയുന്നതിൽ നിന്നും,

വ്യഭിചാരത്തിൽ നിന്നും,

മോക്ഷണത്തിൽ നിന്നും,

ലഹരി മാദക വസ്തുക്കളുടെ ഉപയോഗത്തിൽ നിന്നും അയാൾ വിട്ടു നിൽക്കണം.

⛩: ഉദാരത ( കാഗ )
അത്യാഗ്രഹത്തിലൂടെയുള്ള ധനസമ്പാദത്തിനു വേണ്ടിയോ, സ്വാർത്ഥ താൽപര്യങ്ങൾ ലക്ഷ്യം വെച്ചോ അല്ലാതെ ദാനം ചെയ്യാനും ക്ഷേമ പ്രവർത്തികൾ ചെയ്യാനും തയ്യാറാകണം.

⛩: ബോധം ( പന്ന )
നിബ്ബാന അവസ്ഥ സാക്ഷാത്കരിക്കുന്നതിനും, ദു:ഖത്തെ പരിപൂർണ്ണമായി ഇല്ലാതാക്കുന്നതിനുമായി അയാൾ ബോധത്തെ, ബുദ്ധിയെ വികസിപ്പിക്കണം.

മുകളിൽ സൂചിപ്പിച്ച ഭഗവാൻ ബുദ്ധന്റെ ഉപദേശങ്ങളിൽ നിന്നും സാമ്പത്തികമായ അഭിവൃദ്ധി നേടിയാൽ മാത്രം ലഭിക്കുന്നതല്ല സന്തോഷമെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നു.

സന്തോഷത്തിനായി ജീവിതത്തിൽ ധാർമ്മികവും, ആധ്യത്മികവുമായ അടിത്തറയും ഉണ്ടായിരിക്കണം.

ഭൗതികമായ ഉയർച്ച മാത്രം ലക്ഷ്യമാകുമ്പോൾ അവിടെ അസന്തുഷ്ഠിയും, അധാർമ്മികതയും പെരുകുന്നു. എന്നാൽ ധാർമ്മിക മൂല്ല്യങ്ങളിൽ അധിഷ്ഠിതമായ ഭൗതിക ജീവിതവും ആദ്ധ്യാത്മികതയും ഒന്നിച്ചു കൊണ്ടുപോകാൻ ബുദ്ധധമ്മം ഊന്നൽ നൽകുന്നു. അതിലൂടെ സമൂഹത്തിൽ സന്തോഷം, സമാധാനം, സന്തുഷ്ടി എന്നിവ ഉണ്ടാകുന്നതിനായി ബുദ്ധധമ്മം ലക്ഷ്യം വെക്കുന്നു.

ഇന്ത്യൻ സാഹചര്യത്തിൽ, സമൂഹത്തിൽ നിലനിൽക്കുന്ന ചില ജാതി ഉച്ചനീചത്വങ്ങളിൽ നിന്നും രക്ഷനേടാനും ഭൗതികമായ ഉയർച്ചക്കു വേണ്ടിയും മാത്രമാണ് ബുദ്ധധമ്മം നിലകൊള്ളുന്നതെന്ന് ചിലരെങ്കിലും ചിന്തിക്കുന്നു. ഇത് തികച്ചും തെറ്റാണ്.

വർണ്ണാശ്രമധർമ്മമോ, ഉച്ചനീചത്വങ്ങളോ ബുദ്ധ ധമ്മത്തിന്റെ ഭാഗമല്ല.
ന്യായാനുവർത്തിയായി നമ്മുടെ ജീവിതത്തിൽ ധാർമ്മിക മൂല്ല്യങ്ങളെയും ആധ്യാത്മികതയേയും വികസിപ്പിക്കുകയും
ഭൗതിക സുഖങ്ങളോട് അടങ്ങാത്ത ആസക്തിയെ ഒഴിവാക്കാനുമാണ് ഭഗവാൻ ബുദ്ധൻ ഉപദേശിച്ചതിന്റെ സാരം.

ഒരു സാധാരണക്കാരനെപ്പോലെ  വിഷയാസക്തിയോടുള്ള അഭിവാജ്ഞമൂലം ജീവിക്കുമ്പോൾ  അവയോട്  ക്രമാധീതമായി ചേർന്നു നിൽക്കാൻ പ്രേരിപ്പിക്കപ്പെടുന്നു. അത് നമ്മുടെ മനസ്സിനെ മലിനപ്പെടുത്താനും സ്വാത്വികമായ വികസനത്തെ തടയുകയും ചെയ്യുന്നു.

മദ്ധ്യമമാർഗ്ഗം പിന്തുടരാനാണ് മനുഷർക്ക് വേണ്ടി ബുദ്ധധമ്മം എപ്പോഴും പ്രാമുഖ്യം നൽകുന്നത്.

Thursday, May 3, 2018

Buddha purnima celebration in Palakkad, Kerala

ബുദ്ധന്‍റെ ബോധോദയ പ്രാപ്തി
വ്യക്തിപരമായ സന്തോഷത്തിനായിരുന്നില്ല.
================================

പാലക്കാട്: സിദ്ധാര്‍ത്ഥ ബുദ്ധന്‍ നേടിയ ബോധോദയ പ്രാപ്തി വ്യക്തിപരമായ സന്തോഷത്തിനുവേണ്ടി മാത്രമായിരുന്നില്ലെന്ന് ഭിക്ഷു ബുദ്ധമൗര്യ അഭിപ്രായപ്പെട്ടു.കേരള മഹാബോധിമിഷന്‍ സംഘടിപ്പിച്ച ബുദ്ധപൂര്‍ണ്ണിമ ആഘോഷത്തില്‍ ധമ്മ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ബുദ്ധന്‍റെ ബോധോദയ പ്രാപ്തി സാമൂഹിക പ്രതിബദ്ധതയുമായി ബന്ധപ്പെട്ടിരിക്കുന്നു.അത് ലോകത്തെ സര്‍വ്വ മനുഷ്യരുടെയും ദുഖ:നിവാരണവുമായി ബന്ധപ്പെട്ടതാണ്.ബോധോദയമെന്നത് ശീലവും, ധ്യാനവും, പ്രജ്ഞയും,കരുണയുടെയും പ്രത്യക്ഷ പ്രവര്‍ത്തിയാണ്- ഭിക്ഷു തുടര്‍ന്നു.

ബോധോദയപ്രാപ്തി ബുദ്ധന്‍ നേടിയത് സ്വന്തം മനസ്സിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിലൂടെയാണെന്ന് തുടര്‍ന്ന് സംസാരിച്ച ബോംബെ ത്രിരത്ന ബുദ്ധമഹാസംഘയുടെ ധമ്മചാരിണി മോക്ഷസാര അഭിപ്രായപ്പെട്ടു.ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം സ്വന്തം മനസ്സിനെ കീഴ്പെടുത്തി നന്മയിലേക്ക് നയിക്കുന്നതാണ് ഏറ്റവും വലിയ പോരാട്ടം.ഇതിനുള്ള കഴിവ് ഏവരിലും ഉണ്ടെന്ന് ബുദ്ധധമ്മം നമ്മെ ബോദ്ധ്യപെടുത്തുന്നു.

ചടങ്ങില്‍ കേരള മഹാബോധി മിഷന്‍ ചെയര്‍മാന്‍ ഹരിദാസ്‌ ബോധ് അധ്യക്ഷത വഹിച്ചു. വിപസ്സനധ്യാന അദ്ധ്യാപകന്‍ ചന്ദ്രന്‍, ധമ്മമിത്ര നാഗരത്ന, രാമചന്ദ്രന്‍ ബോധ് എന്നിവര്‍ സംസാരിച്ചു.
തെങ്കുറിസ്സിയിലെ ബുദ്ധ തപോബോധി വിഹാരത്തിലും ബുദ്ധ പൂര്‍ണിമ ആഘോഷിച്ചു.നിര്‍ധനരായ വിദ്ധ്യാര്‍ത്തികള്‍ക്കുള്ള പഠനോപകരണ വിതരണവും, കുട്ടികള്‍ക്കായുള്ള ചിത്രരചന മത്സരവും നടന്നു.ത്രിസരണം പഞ്ചശീലം, ത്രിരത്ന വന്ദന എന്നീ ചടങ്ങുകളോടെ പരിപാടികള്‍ ആരംഭിച്ചു.

Sunday, April 22, 2018

Buddha purnima celebration 2018 in Palakkad


മാന്യ ധമ്മമിത്രങ്ങളെ,
നമോ ബുദ്ധായ,

ലോകത്തിലെ മനുഷ്യ രാശിയുടെ സമ്പൂര്‍ണ്ണ ദുഖ നിവാരണത്തിനായി ധമ്മോപദേശങ്ങളും ,അതിനായി പ്രായോഗികമായ ജീവിത വ്യവസ്ഥയും നല്‍കിയ മഹാനാണ് ഭഗവാന്‍ ബുദ്ധന്‍.

അദ്ദേഹത്തിന്‍റെ 2562- മത് ബുദ്ധ പൂര്‍ണ്ണിമ ഏപ്രില്‍ 30 ന് കാലത്ത് 9.30 മുതല്‍ വൈകിട്ട് 7 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുകയാണ്.

ആ മഹാന്‍റെ ജനനം, ബോധോദയം, പരിനിബ്ബാനം, എന്നിവ നടന്നത് ഈ പൌര്‍ണമിയില്‍ ആയതിനാലാണ് ഈ ദിവസത്തിന് വളരെ പ്രാധാന്യം കൈവന്നത്.

പാലക്കാട് ഡയറ സ്ട്രീറ്റിലെ ധമ്മബോധി ഹാളിൽ കാലത്ത് 9.30 മുതൽ നടക്കുന്ന
ആഘോഷപരിപാടികളില്‍ നാഗ്പൂര്‍ ത്രിരത്ന ബൗദ്ധ മഹാ സംഘിന്‍റെ ധമ്മാചാരി മണിധമ്മമുഖ്യ അഥിതിയായി ധമ്മപ്രഭാഷണം നടത്തും.കൂടാതെ പ്രായോഗിക ബുദ്ധിസമായ വിപാസന ധ്യാനത്തെകുറിച്ച് ദുബായ് വിപാസന സെന്‍ററിലെ ടീച്ചര്‍ ചന്ദ്രന്‍ ക്ലാസെടുക്കുകയും ചെറു പരിശീലനവും നല്‍കും.ധമ്മ മിത്രങ്ങളായ നാഗരത്ന,ഹരിദാസ്‌ ബോധ് സംബന്ധിക്കും.

വൈകിട്ട് അഞ്ചുമണിമുതല്‍ 7 മണിവരെ കാക്കയൂരിലെ ബുദ്ധ വിഹാരത്തിലും ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
എല്ലാ ധമ്മമിത്രങ്ങള്‍, ധമ്മ വിശ്വാസികള്‍, ഉപാസക ഉപാസികമാരെയും സ്വാഗതം ചെയ്യുന്നു.

ആഘോഷ കമ്മിറ്റിക്കുവേണ്ടി
ധമ്മമിത്രങ്ങള്‍
രാമചന്ദ്രന്‍:
ആനന്ദന്‍:
രാജു:
ജ്യോതി
അനൂപ്‌:

Sunday, April 1, 2018

BUDDHISM IN PALAKKAD DISTRICT


സഹോദരനയ്യപ്പൻ
പാലക്കാട് ജില്ലയിലെമ്പാടും നടന്ന്
ബുദ്ധധമ്മം പ്രചരിപ്പിച്ചു.
.......................................
കേരളത്തിൽ 1919 മുതൽ
സഹോദരനയ്യപ്പൻ, മിതവാതി സി. കൃഷ്ണൻ, തൃശൂരിലെ അയ്യാകുട്ടി ജഡ്ജി, കേരളകൗമുദി പത്രാധിപർ സി.വി കുഞ്ഞിരാമൻ തുടങ്ങിയവർ നാടുനീളെ ബുദ്ധമത പ്രചരണവുമായി പ്രവർത്തിച്ചു.
സഹോദരനയ്യപ്പന്റെ ജീവചരിത്രം എഴുതിയ പല മാന്യന്മാരും ബുദ്ധമതവുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെ മന:പൂർവ്വം ഒഴിവാക്കിയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
അതിനാൽ അദ്ദേഹത്തെക്കുറിച്ച് പഠിക്കുന്നവർക്ക് വികലമായ ധാരണയാണ് ലഭിക്കുക.
സഹോദരനയ്യപ്പൻ കേരളത്തിലെമ്പാടും ബുദ്ധധമ്മ പ്രചരണത്തിൽ ഏർപ്പെട്ടതു പോലെ തന്നെ 1920 കാലം മുതൽ പാലക്കാട് ജില്ലയിൽ
ഒരുപാട് ബുദ്ധിമുട്ടി ധമ്മം പ്രചരിപ്പിച്ച മഹാനാണ്.
അതിന്റെ തെളിവുകൾ പുസ്തകത്തിലൂടെ കഴിഞ്ഞ മാസം പുറത്തു വന്നു.
ഈഴവർ ബുദ്ധമതം സ്വീകരിക്കുന്നത് മതം മാറ്റമെന്ന പേരിലല്ല മറിച്ച് അവരുടെ പൂർവ്വ മതത്തെ പിന്തുടരുകയാണ് എന്ന മനോഭാവത്തോടെയാണ് ബുദ്ധധമ്മത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരുന്നത്.
സഹോദരനയ്യപ്പൻ, മിതവാദി സി. കൃഷണർ തുടങ്ങിയവരുടെ നേതൃത്ത്വത്തിൽ ബുദ്ധ ധമ്മ പ്രചരണം ശക്തമായതോടെ അവർണ്ണർ അവരുടെ യഥാർത്ഥ മതം തിരിച്ചറിഞ്ഞെന്ന് മനസ്സിലാക്കിയ വിവരം സിലോണിൽ അറിഞ്ഞ് അവിടെ നിന്നും ബുദ്ധഭിക്ഷുക്കൾ പല തവണയായി കേരളത്തിൽ വന്ന് ബുദ്ധമത പ്രചരണം നടത്തിവന്നതായി ചരിത്രം പറയുന്നു.
കേരളത്തിൽ 1918 മുതൽ 1935 വരെയായി ആറു ഭിക്ഷു സംഘങ്ങൾ വന്നിരുന്നു. ആദ്യമായി വന്നത് ഭിക്ഷു ധർമ്മപാലതേരോ ആയിരുന്നു.രണ്ടാമതായി ജന വംശ ഭിക്ഷുവും, പ്രജ്ഞാ ജ്യോതി ഭിക്ഷുവും മുന്നാമതായി ശിലാനന്ദ ഭിക്ഷുവും, നാലാമതായി ആനന്ദ മൈത്രേയ ഭിക്ഷുവും, പിന്നീട് 1926 ൽ നാലു ഭിക്ഷുക്കൾ സംഘമായി ഇവിടെയെത്തി.
ചരണ തിസ്സതേരോ, ബുദ്ധ ദത്ത തേരോ, ധർമ്മധീരഭിക്ഷു, ധർമ്മരത്ന തേരോ എന്നിവരാണവർ.ഇതിൽ ധർമ്മരത്ന തേരോ ബുദ്ധ ധർമ്മ ദീപകയുടെ രണ്ടാം ഭാഗം രചിച്ച വ്യക്തിയാണ്. 1926 ൽ ഈ ഗ്രൻഥം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.
ഇതിൽ ധർമ്മധീര ഭിക്ഷു എറണാകുളത്തു നിന്നുള്ള ഈഴവ കുടുംബത്തിലെ അംഗമാണ്. സിലോണിൽ പോയി ഭിക്ഷു സ്ഥാനം സ്വീകരിച്ച ആളുകൂടിയായിരുന്നു.
1935ൽ സിലോണിൽ നിന്നും ഒരു സംഘം ഭിക്ഷുക്കൾ കേരളത്തിലെത്തി.ഇതിൽ ധർമ്മസ് കന്ധഭിക്ഷു തിയ്യ കുടുമ്പത്തിലെ അംഗമായിരുന്നു.
സഹോദരനയ്യപ്പന്റെ പ്രവർത്തന ഫലമായി 1923 ൽ പാലക്കാട് വിവിധ ഭാഗങ്ങളിലായി ബുദ്ധമത മിഷൻ പ്രവർത്തിച്ചു തുടങ്ങി.
ഒരു പാട് ബുദ്ധിമുട്ടുകൾ സഹിച്ച് സഹോദരനയ്യപ്പൻ
പാലക്കാട്ടുള്ള കണ്ണനൂർ, തച്ചങ്ങാട്, തേങ്കുറ്റശ്ശി,കൊല്ലങ്കോട്, കല്ലപ്പുള്ളി തുടങ്ങിയ ദേശങ്ങൾ തോറും നടന്ന് ബുദ്ധ ധമ്മത്തെക്കുറിച്ച് പ്രസംഗിച്ച് പ്രചാരണം നടത്തി വന്നതായി രേഖകൾ പറയുന്നു. അദ്ദേഹത്തിന്റെ പ്രവർത്തന ഫലമായി
ഒരു പാട് ബുദ്ധിസ്റ്റ് സംഘങ്ങൾ രൂപീകരിക്കപ്പെട്ടു.
പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കപ്പെട്ട ചെറിയ ചെറിയ ബുദ്ധ സംഘങ്ങളെ ഒന്നായി സംഘടിപ്പിച്ച് പാലക്കാട് ബുദ്ധമതമിഷൻ എന്ന പേരിൽ ജനവംശ ഭിക്ഷു വിന്റെ നേതൃത്ത്വത്തിൽ ഒരു പ്രധാന സംഘം സ്ഥാപിക്കപ്പെട്ടു.ഈ സംഘത്തിന്റെ ധർമ്മകർത്താവും സെക്രട്ടറിയുമായി ജന വംശ ഭിക്ഷുവിനെയും നിശ്ചയിച്ചു.
ഈ സംഘത്തിന്റെ നടത്തിപ്പിനായി പാലക്കാട്ട് ബുദ്ധമത ഫണ്ട് എന്ന പേരിൽ ഫണ്ട് ആരംഭിക്കുകയും പാലക്കാട്ടുള്ള കാലിക്കറ്റ് ബാങ്കിൽ കറണ്ട് ഡിപ്പോസിറ്റ് അക്കൗണ്ട് ആരംഭിക്കുകയും ചെയ്തതായി ബുദ്ധമത വിശ്വാസി എഴുതിയ 'പാലക്കാടിന്റെ സാമൂഹിക ചരിത്രം എന്ന പുസ്തക 'ത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.
കൂടാതെ പാലക്കാട് ഉൾപ്പെടുന്ന മലബാറിലെ അവർണ്ണ സമൂഹം ജാതിയുടെ പേരിൽ നേരിട്ട കൊടിയ പീഢനങ്ങളുടെ പച്ചയായ വിവരണങ്ങളും പുസ്തകത്തിൽ പ്രതിപാദിക്കുന്നു.
ബുദ്ധമത വിശ്വാസിയായിരുന്ന ഇ.കെ ചാമി 1936ൽ കയ്യെഴുത്ത് പ്രതിയായി എഴുതി പെട്ടകത്തിൽ സൂക്ഷിച്ച ഈ രേഖ അദ്ദേഹത്തിന്റെ പുതിയ തലമുറയാണ് പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പുസ്തകം വേണ്ടവർ: 9744962858 ഈ നമ്പറിൽ ബന്ധപ്പെടുക.

FULLMOON DAY MEDITATION


'ഫുൾമൂൺ ദിന' ധമ്മ പ്രഭാഷണവും,
ആനഅപാന സതി,
മൈത്രീ ഭാവന ധ്യാനവും
................................................

ധമ്മ പ്രഭാഷണവും 
ആനഅപാനസതി ,മൈത്രീഭാവന ധ്യാനവും
പാലക്കാട് ധമ്മബോധി ഹാളിൽ സംഘടിപ്പിച്ചു.
വിപാസന ടീച്ചർ ചന്ദ്രൻ, എൻ.ഹരിദാസ് ബോധ് എന്നിവർ ക്ലാസ്സുകൾ നയിച്ചു.

STUDENTS INTERACTION WITH BUDDHA BIKKUബുദ്ധ ഭിക്ഷുവുമായി
വേറിട്ടൊരു ചരിത്ര ചര്‍ച്ച
-------------------------------------------
ചരിത്രപുസ്തക താളുകളില്‍ മാത്രം പഠിച്ച ബുദ്ധിസത്തെയും അതിന്‍റെ ചരിത്രത്തെയും അറിയാന്‍ ബുദ്ധ ഭിക്ഷുവുമായി വിദ്യാര്‍ത്തികള്‍ നടത്തിയ ചര്‍ച്ച അവര്‍ക്ക് വേറിട്ടൊരു അനുഭവമായി മാറി.ബുദ്ധഭിക്ഷുവിനെ ആദ്യമായി കണ്ടവര്‍ക്ക് അത്ഭുതം,ഭിക്ഷുവുമായി നേരിട്ട് സംശയ നിവാരണം കഴിഞ്ഞവര്‍ക്ക് സന്തോഷവും സംതൃപ്തിയും.

കേരള മഹാബോധി മിഷനാണ് സ്കൂള്‍,കോളേജ് ചരിത്ര വിദ്യാര്‍ഥികള്‍ക്കായി നാഗ്പൂരില്‍ നിന്നെത്തിയ നാഗസേന്‍ ഭിക്ഷുവുമായി ബുദ്ധിസ്റ്റ് ചരിത്രത്തെ കുറിച്ച് നേരിട്ട് സംവദിക്കാന്‍ അവസരം ഒരുക്കിയത്.
ബുദ്ധിസത്തെ കുറിച്ചും അതിന്‍റെ ചരിത്രത്തെ കുറിച്ചും വിധ്യാര്‍ത്തികള്‍ക്ക് എന്ത് ചോദ്യങ്ങളും തുറന്ന് ചോദിക്കാന്‍ സ്വാതന്ത്രം നല്‍കിയിരുന്നു.

ചിലര്‍ക്ക് അറിയേണ്ടിയിരുന്നത് ബുദ്ധിസത്തില്‍ വിഗ്രഹ ആരാധന ഉണ്ടോ എന്നായിരുന്നു,പാഠപുസ്തകത്തില്‍ കാണാത്തതും എന്നാല്‍ ചിലര്‍ പ്രചരിപ്പിക്കുന്നതുപോലെ ബുദ്ധന്‍ ദൈവമാണോ, വിഷ്ണുവിന്‍റെ അവതാരമാണോ തുടങ്ങിയ ചോദ്യങ്ങളായിരുന്നു മറ്റുചില വിധ്യാര്‍ത്തികള്‍ ചോദിച്ചത്.വേറെ ചിലരാകട്ടെ, രണ്ടായിരത്തി അഞ്ഞൂറ് കൊല്ലങ്ങള്‍ക്ക് മുന്‍പ് നിലവില്‍ വന്ന ബുദ്ധിസത്തിന് ഇന്ന് എന്ത് ആനുകാലിക പ്രസക്തിയാനുള്ളത് എന്ന ചോദ്യമാണ് ഉന്നയിച്ചത്.

“ബുദ്ധന്‍ ദൈവമല്ല, എന്നെയും നിങ്ങളെയും പോലെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും പിറന്നുവീണ ഒരു മനുഷ്യനായിരുന്നു,ആയതിനാല്‍ ആരുടേയും അവതാരമല്ല,ബുദ്ധന്‍ കാരുണ്യത്തെകുറിച്ചും, സ്നേഹത്തെ കുറിച്ചും, മനുഷ്യരുടെ ദുഖ നിവാരണത്തെ കുറിച്ചും,പറയുക മാത്രമല്ല അതിനൊരു കൃത്യമായ ജീവിതരീതിയും പറഞ്ഞുതന്ന മനുഷ്യനാണ്.അദ്ദേഹത്തിന്‍റെ ആശയങ്ങളെ ആകാലഘട്ടത്തിലെ രാജാക്കന്മാരും കലാകാരന്മാരും പല രൂപങ്ങളാക്കി അവതരിപ്പിച്ചു.ആ മഹാനോടുള്ള സ്നേഹം മൂലം അദ്ദേഹത്തിന്റെ ശാന്തമായ മുഖം അവര്‍ വരച്ചു,പിന്നീടത് വിഗ്രഹമായി മാറിയെന്നെയുള്ളു.ബുദ്ധിസത്തില്‍ ബുദ്ധന്‍റെ രൂപത്തെയല്ല ആരാധിക്കുന്നത്,അദ്ദേഹം പറഞ്ഞ ആശയങ്ങളെ യുക്തിസഹമായി അനുഷ്ടിക്കുകമാത്രമാണ് ചെയ്യുന്നത്.
ബുദ്ധിസത്തില്‍ ദൈവ വിശ്വാസത്തിന് പകരം പഞ്ച ശീലങ്ങള്‍ക്കും അഷ്ടാംഗ മാര്‍ഗ്ഗങ്ങള്‍ക്കുമാണ് പ്രസക്തി.

ആര്‍ക്കും ആചരിക്കാന്‍ കഴിയുന്ന ഈ പ്രാപഞ്ചിക നിയമങ്ങളെ മനുഷ്യ മനസ്സില്‍ നിന്നും ഒഴിവാക്കപെട്ടതുകൊണ്ടാണ് ലോകത്തിന്ന് കൊലപാതകങ്ങളും, പിടിച്ചുപറിയും,നുണകളും,ലഹരിയുടെ അടിമത്വവും,കാമ ആസക്തിയും പെരുകുന്നത്,അതിനാല്‍ സമൂഹം എത്രത്തോളം  ധുഷിക്കുന്നുവോ അത്രത്തോളം ബുദ്ധിസത്തിന് ലോകത്ത് പ്രസക്തിയും ഏറിവരുന്നു-ഭിക്ഷു നാഗസേന്‍ അഭിപ്രായപെട്ടു.

വിവിധ സ്കൂള്‍, കോളേജ് എന്നിവിടങ്ങളില്‍ നിന്നും നിരവധി ചരിത്ര വിദ്യാര്‍ത്തികളും, കൂടാതെ ക്ഷണിക്കപെട്ട അഥിതികളും സംബന്ധിച്ചു.കേരള മഹാബോധി മിഷന്‍ ചെയര്‍മാന്‍ ഹരിദാസ്‌ ബോധ് അധ്യക്ഷത വഹിച്ചു.നാഗരത്ന, രാമചന്ദ്രന്‍ ബോധ് എന്നിവര്‍ പ്രസംഗിച്ചു.