Wednesday, August 8, 2018

Buddhist way of life for lay followers

ഗൃഹസ്ഥർക്ക് വേണ്ടിയുള്ള
ബുദ്ധിസ്റ്റ് ജീവിത രീതി
........................................
മനുഷ്യരുടെ സന്തോഷത്തിനുവേണ്ടി സാമ്പത്തികമായ ഉയർച്ചനേടുക മാത്രമല്ല അഭികാമ്യം, എന്നാൽ തൃപ്തികരവും, സമാധാനവും, സന്തോഷപൂർണ്ണവുമായ ജീവിതത്തിന് ധാർമ്മികവും, മനസ്സിന്റെ ശുചീകരണവും വികാസവും ആവശ്യമാണെന്നും ഭഗവാൻ ബുദ്ധൻ ഉപദേശിച്ചു.

ദിഗജനു എന്ന ഒരു സാധാരണ മനുഷ്യൻ ഭഗവാൻ ബുദ്ധനെ സന്ദർശിച്ച് ഇങ്ങിനെ പറഞ്ഞു,

'കാരുണ്യവാനെ, ഞാൻ ഭാര്യയും, കുട്ടികളുമൊത്തു കുടുംമ്പ ജീവിതം നയിക്കുന്ന സാധാരണക്കാരനാണ്.
ഈ ലോകത്ത് ഇപ്പോഴും,ഭാവിയിലും ഞങ്ങളുടെ സന്തോഷത്തിനും ക്ഷേമത്തിനും വേണ്ടി എന്താണ് അഭികാമ്യമെന്ന് ഞങ്ങളെ ഉപദേശിച്ചാലും '.

ഭഗവാൻ ബുദ്ധൻ അയാളോട് ഇങ്ങിനെ ഉപദേശിച്ചു.

'ഈ ലോകത്ത് സന്തോഷത്തോടെ ജീവിക്കാൻ നാലു കാര്യങ്ങളാണ് അഭികാമ്യം.

⛩: ഒരാൾ എന്തു ജ്യോലിയാണോ തിരഞ്ഞെടുത്തിട്ടുള്ളത് അയാൾക്കതിൽ വൈദഗ്ദ്യം, സമർത്ഥത, ആത്മാർത്ഥത, ഉൽസാഹം എന്നിവ ഉണ്ടായിരിക്കുകയും, അതിൽ കൃത്യമായ അറിവ് നേടിയിരിക്കുകയും വേണം
( ഉത്തന സമ്പാദ );

⛩: വിയർപ്പൊഴുക്കി, ശരിയായ മാർഗ്ഗത്തിലൂടെ എന്താണോ അയാൾ സമ്പാദിച്ചിട്ടുള്ളത് ആ വരുമാനത്തെ സംരക്ഷിക്കാൻ അയാൾക്ക് കഴിയണം.( അരക്ക സമ്പാദ)

⛩: ദുഷ്കർമ്മങ്ങളിൽ നിന്നും വിട്ടുനിന്ന് ശരിയായ ജീവിത പാതയിലൂടെ സഞ്ചരിക്കുന്നതിന് സഹായിക്കാനായി സത്യസന്ധനും, വിവേകമതിയും, ഉദാര ചിത്തന്നും, നീതിബോധവും, പാണ്ഡിത്യവുമുള്ള സുഹൃത്തുക്കളും അയാൾക്ക് ഉണ്ടായിരിക്കണം.
( കല്യാണ മിത്ര )

⛩: ധാരാളത്തിത്വത്തോടെയോ, എന്നാൽ പിശുക്കോടെയോ അല്ലാതെ മിതമായും ആനുപാതികരീതിയിലും ചിലവു ചെയ്യാനും അയാൾക്ക് കഴിയണം, മാത്രമല്ല ദുരാഗ്രഹത്തോടെയോ,
നിഗൂഡമായോ സമ്പാദ്യം സൂക്ഷിച്ചുവെക്കാനോ പാടില്ല. മറ്റൊരു തരത്തിൽ പറഞ്ഞാൽ അർത്ഥപൂർണ്ണമായ ജീവിതം നയിക്കണം.
 ( സമ്മ ജീവികത ).

സാധാരണക്കാർക്കായി സന്തോഷത്തോടെ ജീവിക്കാൻ അഭികാമ്യമായ നാലു ഗുണങ്ങളും ഭഗവാൻ ബുദ്ധൻ പിന്നീട് ഉപദേശിച്ചു.

⛩: വിശ്വാസം ( സദ്ധ )
ബുദ്ധിപരവും ആധ്യാത്മികവും, ധാർമ്മികവുമായ മൂല്യങ്ങളിൽ  ആശ്രയവും വിശ്വാസവും അയാൾക്കുണ്ടായിരിക്കണം.

⛩: ധാർമ്മിക ജീവിതം ( ശീലം )

കൊല്ലുന്നതിലും പീഢിപ്പിക്കുന്നതിൽ നിന്നും,

ചതിക്കുന്നതിലും നുണ പറയുന്നതിൽ നിന്നും,

വ്യഭിചാരത്തിൽ നിന്നും,

മോക്ഷണത്തിൽ നിന്നും,

ലഹരി മാദക വസ്തുക്കളുടെ ഉപയോഗത്തിൽ നിന്നും അയാൾ വിട്ടു നിൽക്കണം.

⛩: ഉദാരത ( കാഗ )
അത്യാഗ്രഹത്തിലൂടെയുള്ള ധനസമ്പാദത്തിനു വേണ്ടിയോ, സ്വാർത്ഥ താൽപര്യങ്ങൾ ലക്ഷ്യം വെച്ചോ അല്ലാതെ ദാനം ചെയ്യാനും ക്ഷേമ പ്രവർത്തികൾ ചെയ്യാനും തയ്യാറാകണം.

⛩: ബോധം ( പന്ന )
നിബ്ബാന അവസ്ഥ സാക്ഷാത്കരിക്കുന്നതിനും, ദു:ഖത്തെ പരിപൂർണ്ണമായി ഇല്ലാതാക്കുന്നതിനുമായി അയാൾ ബോധത്തെ, ബുദ്ധിയെ വികസിപ്പിക്കണം.

മുകളിൽ സൂചിപ്പിച്ച ഭഗവാൻ ബുദ്ധന്റെ ഉപദേശങ്ങളിൽ നിന്നും സാമ്പത്തികമായ അഭിവൃദ്ധി നേടിയാൽ മാത്രം ലഭിക്കുന്നതല്ല സന്തോഷമെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നു.

സന്തോഷത്തിനായി ജീവിതത്തിൽ ധാർമ്മികവും, ആധ്യത്മികവുമായ അടിത്തറയും ഉണ്ടായിരിക്കണം.

ഭൗതികമായ ഉയർച്ച മാത്രം ലക്ഷ്യമാകുമ്പോൾ അവിടെ അസന്തുഷ്ഠിയും, അധാർമ്മികതയും പെരുകുന്നു. എന്നാൽ ധാർമ്മിക മൂല്ല്യങ്ങളിൽ അധിഷ്ഠിതമായ ഭൗതിക ജീവിതവും ആദ്ധ്യാത്മികതയും ഒന്നിച്ചു കൊണ്ടുപോകാൻ ബുദ്ധധമ്മം ഊന്നൽ നൽകുന്നു. അതിലൂടെ സമൂഹത്തിൽ സന്തോഷം, സമാധാനം, സന്തുഷ്ടി എന്നിവ ഉണ്ടാകുന്നതിനായി ബുദ്ധധമ്മം ലക്ഷ്യം വെക്കുന്നു.

ഇന്ത്യൻ സാഹചര്യത്തിൽ, സമൂഹത്തിൽ നിലനിൽക്കുന്ന ചില ജാതി ഉച്ചനീചത്വങ്ങളിൽ നിന്നും രക്ഷനേടാനും ഭൗതികമായ ഉയർച്ചക്കു വേണ്ടിയും മാത്രമാണ് ബുദ്ധധമ്മം നിലകൊള്ളുന്നതെന്ന് ചിലരെങ്കിലും ചിന്തിക്കുന്നു. ഇത് തികച്ചും തെറ്റാണ്.

വർണ്ണാശ്രമധർമ്മമോ, ഉച്ചനീചത്വങ്ങളോ ബുദ്ധ ധമ്മത്തിന്റെ ഭാഗമല്ല.
ന്യായാനുവർത്തിയായി നമ്മുടെ ജീവിതത്തിൽ ധാർമ്മിക മൂല്ല്യങ്ങളെയും ആധ്യാത്മികതയേയും വികസിപ്പിക്കുകയും
ഭൗതിക സുഖങ്ങളോട് അടങ്ങാത്ത ആസക്തിയെ ഒഴിവാക്കാനുമാണ് ഭഗവാൻ ബുദ്ധൻ ഉപദേശിച്ചതിന്റെ സാരം.

ഒരു സാധാരണക്കാരനെപ്പോലെ  വിഷയാസക്തിയോടുള്ള അഭിവാജ്ഞമൂലം ജീവിക്കുമ്പോൾ  അവയോട്  ക്രമാധീതമായി ചേർന്നു നിൽക്കാൻ പ്രേരിപ്പിക്കപ്പെടുന്നു. അത് നമ്മുടെ മനസ്സിനെ മലിനപ്പെടുത്താനും സ്വാത്വികമായ വികസനത്തെ തടയുകയും ചെയ്യുന്നു.

മദ്ധ്യമമാർഗ്ഗം പിന്തുടരാനാണ് മനുഷർക്ക് വേണ്ടി ബുദ്ധധമ്മം എപ്പോഴും പ്രാമുഖ്യം നൽകുന്നത്.