Friday, July 22, 2016

ആഗ്രഹങ്ങളെ ത്രിപ്തിപെടുത്താന്‍ കഴിയുമോ?


ജീവിതത്തില്‍ യാതൊരു അര്‍ത്ഥവും കല്‍പിക്കാത്ത,കൊട്ടിഘോഷിക്കപെടുന്ന ഈ ആധുനിക സമൂഹത്തില്‍, അത്യാഗ്രഹം, വെറുപ്പ്‌ ,സംശയം,അസഹിഷ്ണുത,ഒറ്റപെടല്‍,അസൂയ,ശത്രുത, എന്നിവയൊക്കെ കൊടികുത്തി വാഴുന്നു. ഇത്തരം സാഹചര്യത്തില്‍ ആഗ്രഹങ്ങളെ ത്രിപ്തിപെടുത്താന്‍ കഴിയുമോ?

കുറ്റബോധമില്ലാത്ത പുതു തലമുറ
--------------------------------------------------
ഒരുതരത്തിലും ത്രിപ്തിയില്ലാത്ത പുതു തലമുറ അവരുടെ ആഗ്രഹങ്ങളെ ത്രിപ്തിപെടുത്താന്‍ കഴിയില്ലെന്ന് അവരുടെ വ്യത്യസ്തമായ പ്രവര്‍ത്തികളിലൂടെ കാണിച്ചു തന്നുകൊണ്ടിരിക്കുന്നു.യാതൊരു വിധത്തിലുള്ള കുറ്റബോധവുമില്ലാതെ അവര്‍ മയക്കുമരുന്നുകള്‍ക്ക് അടിമകളാകുന്നു.

ഏറ്റവും വലിയ ശത്രു അത്യാഗ്രഹം
-------------------------------------------------------------
മനുഷ്യകുലത്തിന്‍റെ ഏറ്റവും വലിയ പ്രതിയോഗി എന്ന് പറയുന്നത് അത്യാഗ്രഹത്തില്‍ അധിഷ്ടിതമായ സ്വാര്‍ത്തതയാണ്.ഈ ധുഷ്കര്‍മ്മത്തിലൂടെയാണ് എല്ലാ ജീവികളും പിറവിയെടുക്കുന്നത്.
മനുഷ്യര്‍ എപ്പോഴും ആനന്ദത്തിനുവേണ്ടി,പണത്തിനും സമ്പത്തിനും വേണ്ടി അത്യാഗ്രഹം കാണിച്ചുകൊണ്ടേയിരിക്കുന്നു.അവരുടെ
ചിന്തകള്‍ക്കനുസരിച്ചുള്ള സാങ്കല്പിക ലോകം മെനഞ്ഞ് അത് ആഗ്രഹമാകുകയും അത് നേടുമ്പോള്‍ സന്തോഷം കിട്ടുമെന്നും തെറ്റിദ്ധരിക്കുന്നു.ഈ വിശ്വാസമാണ് നമ്മള്‍ ഉള്‍പെടുന്ന ആധുനിക ഭൌതിക വാദ ലോകത്തിന്‍റെ അടിത്തറ.

അത്യാവശ്യങ്ങള്‍ പ്രശ്നമുണ്ടാക്കുന്നില്ല;
വിഷയാസക്തിയാണ് കുഴപ്പം.
-------------------------------------------------------------
നമ്മുടെ അത്യാവശ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കുമ്പോള്‍ അത് മറ്റുള്ളവര്‍ക്ക് ദുഖം ഉണ്ടാകാന്‍ കാരണമാകുന്നില്ല.അത് സന്തോഷത്തിന്‍റെ ചില ലക്ഷണങ്ങള്‍ നമുക്ക് കൊണ്ടുവരുന്നു.എന്നാല്‍ വിഷയാസക്തിയിലൂടെയുള്ള സംതൃപ്തിയാണ് സന്തോഷത്തിന്‍റെ താക്കോല്‍ എന്നുള്ള ചിന്തയാണ് പ്രശ്നം.ഒരു വ്യക്തി ഇത്തരത്തില്‍ ചിന്തിച്ച് ജീവിതം മുന്നോട്ട്കൊണ്ടുപോകുമ്പോള്‍ ,മാഞ്ഞുപോയ മഴവില്ലിനെ തിരഞ്ഞു പോകുന്നതോപോലെയിരിക്കും ജീവിതം.
ചില സംഗതികള്‍ നമുക്ക് ആനന്ദം നല്‍കുന്നു.അതുകൊണ്ട് നമ്മള്‍ അതിനെ മുറുകെപിടിച്ച് അത് കൂടുതല്‍ വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നു.ചില സംഗതികള്‍ നമുക്ക് ആനന്ദം നല്‍കുന്നില്ല അതുകൊണ്ട് നമ്മള്‍ അതിനെ ഒഴിവാക്കുന്നു.
നമ്മുടെ അത്യാഗ്രഹത്തെയോ, വെറുപ്പിനെയോ, നമ്മുടെ മനസ്സുകൊണ്ട് നിയന്ത്രിക്കാനോ അതില്‍ ആധിപത്യം സ്ഥാപിക്കാനോ കഴിഞ്ഞില്ലെങ്കില്‍,അതിന്‍റെ ഉള്‍പ്രേരണ ഒരു ദുഖത്തില്‍ നിന്നും മറ്റൊരു ദുഖത്തിലേക്ക് നമ്മെ നയിച്ചുകൊണ്ടേയിരിക്കും.

അത്യാഗ്രഹവും വെറുപ്പും സഹപ്രവര്‍ത്തകര്‍
---------------------------------------------------------------------
അത്യാഗ്രഹവും, വെറുപ്പും സഹകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. ഒരു സമയത്ത് അത് വെറുപ്പാണെങ്കില്‍ അടുത്ത നിമിഷത്തില്‍ അത് അത്യാഗ്രഹമായി മാറുന്നത് കാണാം.
വിശപ്പ് അല്ലെങ്കില്‍ ആര്‍ത്തി ഉയര്‍ന്നുവരുമ്പോള്‍ നമ്മില്‍ അസ്വസ്ഥത മുളപൊട്ടുന്നു.അതിനെ തുടര്‍ന്ന് ആഗ്രഹങ്ങള്‍ ഉണ്ടാകുകയും അത് ആ അസ്വസ്ഥതയെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു.
എല്ലാതരം ആഗ്രഹങ്ങളും ഇതുപോലെയാണ്.അത് ആരംഭിക്കുന്നത് അസ്വസ്ഥതയില്‍ നിന്നാണ്. എന്തില്‍ നിന്നാണോ ആ അസ്വസ്ഥത ഉണ്ടായത് അതിന്‍റെ കാരണങ്ങളെകുറിച്ച് ചിന്തിച് അത് സഫലീകരിക്കാന്‍ നമ്മള്‍ ശ്രമിക്കുന്നു. ആ ശൂന്യത ഇല്ലാതാക്കുന്നു.
നമ്മള്‍ ആഗ്രഹിച്ചത്‌ നമുക്ക് ലഭിച്ചില്ലെങ്കില്‍ ആ ശൂന്യത ഒരു വേദനയായി മാറുന്നു. അത് ലഭിക്കുന്നതില്‍ വിജയിച്ചാല്‍ ആഗ്രഹങ്ങളും വിശപ്പും ത്രിപ്തിപെടുന്നു. മറ്റുള്ളവരാല്‍ ചതിക്കപെട്ടോ മറ്റോ നമുക്ക് നമ്മള്‍ പ്രതീക്ഷിച്ചത് ലഭിച്ചില്ലെങ്കില്‍ പോലും നമ്മുടെ പ്രതീക്ഷ മനസ്സില്‍ നിന്നും വിട്ടുപോകാതെ നിലനില്‍ക്കും.മാത്രമല്ല പുതിയ ആഗ്രഹങ്ങളും പ്രതീക്ഷകളും ഉണ്ടാകുകയും ചെയ്യുന്നു.

ഭഗവാന്‍ ബുദ്ധന്‍ പറഞ്ഞ
സംസാര ചക്രം
-----------------------------------------
മനസ്സിന്‍റെ ആഗ്രഹത്തിനും സംത്രിപ്തിക്കുവേണ്ടിയുള്ള തുടര്‍ച്ചയായ ഈ ഉത്ഭവപ്രക്രിയയുടെ അടിസ്ഥാനമാണ് ഭഗവാന്‍ ബുദ്ധന്‍ പറഞ്ഞ മനുഷ ജീവിതചക്രം –അല്ലെങ്കില്‍ സംസാരചക്രം എന്ന് പറയപെടുന്നത്.
ചില മനുഷ്യര്‍ അവരുടെ ജീവിതം തന്നെ ചിലവഴിക്കുന്നത് പല വസ്തുക്കള്‍ സംഭരിച്ച് കൂട്ടാനാണ്. ഒരു സംഭരണവും അയാളെ ത്രിപ്തിപെടുത്തുന്നില്ല എന്നതാണ് വാസ്തവം.കൂടുതല്‍ കൂടുതലിനു വേണ്ടിയുള്ള അയാളുടെ ആഗ്രഹം ജീവിതം മുഴുവനും അതിനായി സമര്‍പ്പിക്കാന്‍ നീക്കി വെക്കുന്നു.

ആഗ്രഹിച്ചത്‌ ലഭിച്ചാലും ത്രിപ്തിയില്ലാത്തവര്‍
--------------------------------------------------------------------
ആഗ്രഹിച്ചത്‌ ലഭിക്കുന്നതില്‍ പരാജയപെടുമ്പോള്‍ അവര്‍ നിരാശരാകുന്നു.എന്നാല്‍ ആഗ്രഹിച്ചത് ലഭിച്ചാലും മതിവരാതെ വീണ്ടും വീണ്ടും ശ്രമിക്കുകയും ഒടുവില്‍ ലഭിക്കാതെ വരുമ്പോള്‍ വീണ്ടും നിരാശരാകുകയും ചെയ്യുന്നു. പിന്നെ അവരുടെ സ്വപ്നത്തില്‍ ആഗ്രഹിച്ച കാര്യങ്ങള്‍ മുന്‍പത്തേതില്‍ നിന്നും കുറച്ച് മങ്ങിയതാകുകയും,ഒടുവില്‍ അവരുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും ചെറിയ അടയാളങ്ങളായി മാറുകയും ആ സമയത്ത് ലഭിച്ചതില്‍ ത്രിപ്തിയില്ലാതായി മാറുകയും ചെയ്യുന്നു.

അത്യാഗ്രഹത്തെ ത്രിപ്തിപെടുത്താന്‍
ബുദ്ധിമുട്ടാണ്
---------------------------------------------------------
ഇക്കരയില്‍ നിന്നും നോക്കുമ്പോള്‍ അക്കരെ പച്ച എന്നുപോലെയാണ് മനുഷ്യന്‍റെ മനസ്സ്.ഇതുപോലെ മനുഷ്യന്‍ ഒരിക്കലും സന്തോഷവും തൃപ്തിയും നേടുന്നില്ല.അതുപോലെ ഉള്ളതില്‍ കൂടുതല്‍ ആണെങ്കില്‍ സാമാന്യത്തില്‍ കവിഞ്ഞ ആഗ്രഹവും ഉണ്ടാകുന്നു.
ഇത് ചൂണ്ടികാണിക്കപെടുന്നത്,മനുഷ്യന്‍റെ അത്യാവശ്യങ്ങളായ ഭക്ഷണം,പാര്‍പ്പിടം,വസ്ത്രം എന്നിവയെ നമുക്ക് ത്രിപ്തിപെടുത്താം.എന്നാല്‍ അവന്‍റെ അത്യാഗ്രഹത്തെ അപൂര്‍വ്വമായേ ത്രിപ്തിപെടുത്താന്‍ കഴിയു എന്നാണ്
====================
ശേഖരണം
എന്‍.ഹരിദാസ്‌ ബോധ്
=====================

Thursday, July 21, 2016

ബുദ്ധധമ്മം മനുഷ്യരോട് ആവശ്യപ്പെടുന്നതെന്ത്?

ചൈനയിലെ ഒരു തത്വചിന്തകന്‍ ബുദ്ധ ഭിക്ഷുവിനോട് ചോദിച്ചു:
എന്താണ് ബുദ്ധമതത്തിന്‍റെ അടിസ്ഥാന തത്ത്വം എന്ന്
ഭിക്ഷു മറുപടി നല്‍കി:
“നന്മ ചെയ്യുക ,തിന്മ ചെയ്യാതിരിക്കുക.
മനസ്സിനെ ശുചിയാക്കി വെക്കുക.
ഇതാണ് എല്ലാ ബുദ്ധന്മാരും പഠിപ്പിച്ചിട്ടുള്ളത്‌”.

സ്വാഭാവികമായി തത്വചിന്തകന്‍ വളരെ ആഴത്തിലുള്ള തത്വാധിഷ്ടിതമായ ഒരു ഉത്തരം പ്രതീക്ഷിച്ചതാണ്.അത് ലഭിക്കാതെ വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: “മൂന്നുവയസായ ഒരു കൊച്ചുകുട്ടിക്കുപോലും ഇത് മനസ്സിലാകുന്നതാണല്ലോ” എന്ന്.

എന്നാല്‍ ബുദ്ധ ഭിക്ഷുവിന്‍റെ മറുപടി ഇങ്ങനെയായിരുന്നു:

“മൂന്നുവയസ്സായ കൊച്ചുകുട്ടിക്കുപോലും മനസ്സിലാകുമെങ്കിലും എണ്‍പത് വയസ്സായ ആള്‍ക്കുപോലും ഇത് പരിശീലിക്കാന്‍ ബുദ്ധിമുട്ടാണ്”.

ലളിതമായ ഉപദേശങ്ങള്‍ ബുദ്ധ ധമ്മത്തിന്‍റെ കാതല്‍
-----------------------------------------------------------------------------------

ഭഗവാന്‍ ബുദ്ധന്‍ പലപ്പോഴും തന്‍റെ അടുത്ത അനുയായിയായിരുന്ന ആനന്ദനോട് ജീവിതത്തില്‍ പരിശീലിക്കേണ്ടുന്ന ഇത്തരത്തിലുള്ള വളരെ ലളിതമായ  ഉപദേശങ്ങള്‍ നല്‍കിയിരുന്നു.
ഇത്തരം ലളിതമായ ഉപദേശങ്ങളാണ് ബുദ്ധ ധമ്മത്തിന്‍റെ കാതല്‍.
ബുദ്ധ ധമ്മം ഇത്തരത്തിലുള്ള ലളിതമായ ജീവിതക്രമമാണ് മുന്നോട്ടു വെച്ചിട്ടുള്ളത്‌.എന്നാല്‍ ദുഷിച്ച സമൂഹത്തില്‍ ജീവിക്കുന്നവര്‍ക്ക് ജീവിതത്തില്‍ ഇത്തരം ലളിതമായ കാര്യങ്ങള്‍ പോലും പരിശീലിക്കാന്‍ ബുദ്ധിമുട്ടാണ്താനും.

ബുദ്ധ ധമ്മത്തിന്‍റെ അടിസ്ഥാന തത്ത്വം പഞ്ചശീലം
---------------------------------------------------------------------------------
ബുദ്ധ ധമ്മത്തിന്‍റെ അധിസ്ഥാന തത്ത്വം എന്തെന്ന് മനസിലാക്കാം.
ഒന്ന്: അറിഞ്ഞുകൊണ്ട് ഒരു ജീവിയുടെയും ജീവന്‍ എടുക്കരുത്.
രണ്ട്:ലഭിക്കാത്തതൊന്നും എടുക്കരുത്(മോഷ്ടിക്കരുത്)
മൂന്ന്‍:ലൈംഗിക ദുര്‍വാസനകളും ബന്ധങ്ങളും അരുത്.
നാല്:മറ്റുള്ളവരെ വിഷമിപ്പിക്കുന്നതും ,നുണപറയുന്നതും അരുത്.
അഞ്ച്:സ്വന്തം മനസ്സിന്‍റെ ശ്രദ്ധ –ബോധം ഇല്ലാതാക്കുന്ന ലഹരി ഉപയോഗിക്കരുത്.
ഇതാണ് ബുദ്ധ ധമ്മത്തിന്‍റെ പ്രധാനപെട്ട അഞ്ച് തത്വങ്ങള്‍.

ശീലങ്ങള്‍ മറ്റുള്ളവരെ ബോധ്യപെടുത്താനല്ല.
സ്വന്തം ജീവിതത്തില്‍ പകര്‍ത്താനാണ്‌ ഉപദേശിച്ചത്
--------------------------------------------------------------------------------
ഇത് മറ്റുള്ളവരെ ബോദ്ധ്യപെടുത്താനും കാണിക്കാനുമല്ല.മറിച്ച് കൃത്യമായി മനസ്സിലാക്കി സ്വന്തം ജീവിതത്തില്‍ പകര്‍ത്തി ജീവിക്കാനുമാണ് ബുദ്ധന്‍ നമ്മെ ഉപദേശിച്ചത്.
അധ്യാത്മിക ജീവിതത്തിന്‍റെ പ്രധാനമെന്നത് കടിച്ചാല്‍ പൊട്ടാത്ത തത്വ ശാസ്ത്രമാകരുതെന്ന് ഭഗവാന്‍ ബുദ്ധന് നിര്‍ബന്ധമുണ്ടായിരുന്നു. അത് പ്രായോഗിക ജീവിതത്തില്‍ പകര്‍ത്താന്‍പറ്റുന്ന ലളിതഉപദേശമായിരിക്കണം.

ബുദ്ധ ധമ്മ വിശ്വാസികള്‍ക്ക്
കൃത്യമായ ജീവിത ലക്ഷ്യമുണ്ട്.
--------------------------------------------------
ബുദ്ധ ധമ്മത്തില്‍ വിശ്വസിക്കുന്നവരുടെ അടിസ്ഥാന ലക്‌ഷ്യം എന്നത് അയാളെ വരിഞ്ഞു മുറുക്കിയിട്ടുള്ള എല്ലാവിധ കെട്ടുപാടുകളില്‍ നിന്നും മോചനം നേടുകയും, ജനിച്ച് വീണ്ടും ജനിച്ച് കറങ്ങികൊണ്ടിരിക്കുന്ന സംസാര ചക്രത്തില്‍ നിന്നുള്ള മോചനവുമാണ്-അതിലൂടെ എല്ലാവിധ ദുഖത്തില്‍ നിന്നുള്ള മോചനമാണ്.

ദു:ഖം അറിവില്ലായ്മയില്‍ നിന്നും തുടങ്ങുന്നു
--------------------------------------------------------------------------
ഒരാളുടെ അറിവില്ലായ്മയില്‍ നിന്നും തുടങ്ങുന്നു അയാളുടെ അവസാനിക്കാതെയുള്ള ജനനപ്രക്രിയ.സ്ഥിരമായി നിലനില്‍ക്കുന്നതാണ് എല്ലാമെന്ന് സങ്കല്‍പ്പിക്കുകയും “ഞാന്‍” എന്ന ബോധവുമാണ് അയാളെ ഈ ചക്രത്തില്‍ കുരുക്കുന്നത്.
“ഞാന്‍” എന്ന ചിന്തയെ അയാള്‍ യാഥാര്‍ത്യമായി സങ്കല്‍പ്പിക്കുമ്പോള്‍ അയാളുടെ അത്യാഗ്രഹം വികസിക്കാന്‍ തുടങ്ങുന്നു.അങ്ങിനെ അവന്‍ ഒരിക്കലും ത്രിപ്തിപെടുത്താന്‍ കഴിയാത്ത ദു:ഖം നിറഞ്ഞ അവന്‍റെ അത്യാഗ്രഹ ചിന്തയുടെ പിറകെ പായാന്‍ തുടങ്ങുന്നു.

ചിരങ്ങില്‍ ചൊറിയുമ്പോള്‍ കിട്ടുന്നത്
താല്കാലിക ശമനം
-------------------------------------------------------------
ശരീരത്തിലെ ചിരങ്ങില്‍ ചൊറിയുമ്പോള്‍ താല്‍ക്കാലികമായി ഒരു ശമനം കിട്ടുന്നതുപോലെയാണ് ദുഃഖം നിറഞ്ഞ ജീവിതത്തെ കുറിച്ചുമുള്ള മനുഷ്യന്‍റെ കാഴ്ചപാട്.എന്നാല്‍ ചൊറിഞ്ഞ് ചൊറിഞ്ഞ് ചിരങ്ങ് ശരീരമാസകലം വ്യാപിക്കുന്നു. കാരണം രോഗം അത്രയധികം വഷളായിരിക്കുന്നു എന്നാണ് അത് നമ്മോടു സൂചിപ്പിക്കുന്നത്.

ലക്‌ഷ്യം-സംസാര ചക്രമെന്ന
ആത്യന്തിക ദു:ഖത്തില്‍ നിന്നുള്ള മോചനം.
--------------------------------------------------------------------
ഈ ജന്മത്തില്‍ ഭൗതിക സുഖങ്ങളുടെ പിന്നാലെ പാഞ്ഞപ്പോള്‍ എന്തൊക്കെയോ ഇന്ദ്രിയ സുഖം ലഭിച്ചു.അതാണ്‌ യതാര്‍ത്ഥ സന്തോഷം എന്ന് കരുതി വീണ്ടും അത്യാഗ്രഹത്തിന്‍റെ –ഇന്ദ്രിയ സുഖങ്ങളുടെ പിന്നാലെ.അങ്ങിനെ ചക്രമാകുന്ന കുരുക്കില്‍ നിന്നും രക്ഷപെടാതെ വീണ്ടും കുരുക്കിലേക്ക് .
ഈ സംസാരചക്രമെന്ന ആത്യന്തിക ദുഖത്തില്‍ നിന്നുള്ള സമ്പൂര്‍ണ്ണ മോചനമാണ് മനസിന്‍റെ ശുചീകരണത്തിലൂടെ ബുദ്ധ ധമ്മം ലക്ഷ്യമാക്കുന്നത്.

===============
ശേഖരണം
ഹരിദാസ്‌ ബോധ്

Wednesday, July 20, 2016

ധമ്മചക്ര പ്രവര്‍ത്തന ദിനാഘോഷങ്ങള്‍ക്ക്‌ കേരളത്തില്‍ തുടക്കമായി.


 
മഹാനായ ഭാഗവാന്‍ ബുദ്ധന്‍ ബോധോദയത്തിന് ശേഷം ആദ്യമായി ധമ്മ പ്രഭാഷണം നടത്തിയതിന്‍റെ ഓര്‍മ്മ പുതുക്കുന്നതിന്‍റെ ഭാഗമായുള്ള “ധമ്മച്ചക്ര പ്രവര്‍ത്തന ദിനാഘോഷം” കേരളത്തില്‍ ഒരുമാസം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. അതിന്‍റെ ഭാഗമായി പൌര്‍ണമിദിനമായ ഇന്ന് ധമ്മ ദിനമായി ആഘോഷിച്ചു.
പാലക്കാട്‌ കേരള മഹാബോധി മിഷന്‍റെ ആഭിമുക്യത്തില്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു.ധമ്മ ദീപം തെളിയിക്കല്‍, ധമ്മ പ്രഭാഷണം, ബുദ്ധിസ്റ്റ് ധ്യാനം, പ്രാര്‍ത്ഥന എന്നിവ നടന്നു.
കേരള മഹാബോധി മിഷന്‍ ചെയര്‍മാന്‍ ഹരിദാസ്‌ബോധ്, ത്രിരത്ന ബൌദ്ധ മഹാസംഘ ധമ്മമിത്ര ബിനോജ്ബാബു എന്നിവര്‍ നേതൃത്വം നല്‍കി.
ഇന്നുമുതല്‍ ധമ്മ വിശ്വാസികളുടെ വീടുകളിലും വിഹാരങ്ങളിലും എന്നും വൈകിട്ട് ധമ്മപദ പാരായണം, ധ്യാനം, ഉപോസ്തുക ആചാരങ്ങള്‍,അഷ്ടാംഗ യോഗ,അഷ്ടാംഗ ഹൃദയ ആയുര്‍വേദ ക്യാമ്പുകള്‍,ആനാ അപാന സതി,വിപാസന,മൈത്രി തുടങ്ങിയ ധ്യാനങ്ങള്‍ എന്നിവയും നടക്കും.
ആഗസ്റ്റ്‌13,14,15 തീയതികളില്‍ തിരുവനന്തപുരം,കൊട്ടാരക്കര,മാവേലിക്കര,ത്രിശൂര്‍,പാലക്കാട്‌,കോഴിക്കോട്,വയനാട് എന്നിവിടങ്ങളില്‍ ധമ്മ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചിട്ടുണ്ട്.ബാംഗ്ലൂര്‍ സ്പൂര്തിധാമ വിഹാരത്തിലെ ബുദ്ധഭിക്ഷു വിനയരഖിത പ്രഭാഷണം നടത്തും.ഇതോടെ ഒരുമാസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് സമാപനം കുറിക്കും

ഭൂമിയിലെ എല്ലാ ദുരിതങ്ങളുടെയും ഉത്തരവാദി മനുഷ്യന്‍ തന്നെ.


 
ലോകത്തിലെ അനിശ്ചിതത്വത്തെ കുറിച്ച് മനുഷ്യര്‍ എപ്പോഴും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നു.വലിയ മഹത്വം നിറഞ്ഞവരെന്ന് സ്വയം അവകാശവാദം ഉന്നയിക്കുന്നവര്‍ സ്വയം ചോദിക്കേണ്ട ചോദ്യമിതാണ്. ആരാണ് ഇത്രയും ദുരിതം നിറഞ്ഞ സാഹചര്യം ഭൂമിയില്‍ സൃഷ്ടിച്ചത്?
സംസ്കാരമില്ലാത്തവരില്‍ നിന്ന്
സമാധാനം പ്രതീക്ഷിക്കേണ്ട.
------------------------------------
സംസ്കാരമില്ലാത്തവരായി പെരുമാറുന്ന മനുഷ്യരില്‍ നിന്നും എങ്ങിനെ ഒരു നല്ല സാഹചര്യം പ്രതീക്ഷിക്കാനാവും?
അനിസ്ചിതത്വം നിറഞ്ഞ ഈ ലോകത്ത് നമുക്കെങ്ങിനെ സന്തോഷത്തോടെയും സമാധാനത്തോടെയും കഴിഞ്ഞുകൂടാന്‍ കഴിയും?
ശാസ്ത്രജ്ഞര്‍ പ്രകൃതിയെ കീഴടക്കാന്‍ ശ്രമിക്കുന്നത് ഭൗധിക നേട്ടങ്ങള്‍ ഉയര്‍ത്താന്‍ വേണ്ടിയാണ്.
അധ്യാത്മിക ഉയര്‍ച്ചക്കും,മന:സമാധാനത്തിനും,പ്രകൃതിയുമായി സൌഹൃദത്തിനും വേണ്ടിയാണ് യഥാര്‍ത്ത മതതത്ത്വ ചിന്തകര്‍ ആഗ്രഹിക്കുന്നത്.

ലൌകികതയില്‍ മുങ്ങി
അപരിഷ്ക്രിതനാകുന്നു
------------------------------------
നമ്മുടെ ലൌകിക ആഗ്രഹങ്ങള്‍ക്കനുസരിച്ച് പ്രാപഞ്ചികമായ അടിസ്ഥാന തത്വത്തെ മാറ്റം വരുത്താന്‍ നമുക്ക് കഴിയില്ല,എന്നാല്‍ നമ്മുടെ മനസ്സിനെ മാറ്റം വരുത്തികൊണ്ട് സംതൃപ്തിയില്‍ നിന്നും സന്തോഷത്തിലേക്ക് മനസ്സിനെ നയിക്കാന്‍ കഴിയും.ലൌകികമായ സംത്രിപ്തിക്ക് വേണ്ടി മനുഷ്യന്‍ പരക്കം പായുമ്പോള്‍ ഒരിക്കലും മഹത്തായ അറിവിലേക്ക് എത്തി ചേരുന്നില്ല.മനുഷ്യന്‍ കേവലം ഭൌതികവാദിയായി മാറുമ്പോള്‍ അവന്‍ അപരിഷ്ക്രിതനായി തരം താഴുന്നു.ഭൌതിക വാദത്തിലധിഷ്ടിതമായ ഭരണ ക്രമം അവനെ ഏതെങ്കിലും സാഹചര്യങ്ങളുടെയും, ഇന്ദ്രിയങ്ങളുടെയും അടിമകളാക്കി മാറ്റുന്നു.

ജീവിത യാഥാര്‍ത്ത്യങ്ങളെ
ഭയപെടുന്ന മനുഷ്യന്‍.
--------------------------------
ഭൂരിപക്ഷം ജനങ്ങളും ജീവിതത്തിന്‍റെ സത്യസന്ധമായ യാഥാര്ത്യങ്ങളെ അഭിമുഖീകരിക്കാന്‍ ആഗ്രഹിക്കുന്നില്ല.
വെറും സാങ്കല്‍പിക ലോകത്ത് ജീവിക്കുകയും, സ്വപ്നത്തിലൂടെ തെറ്റായ ഒരു സുരക്ഷിതത്വം സ്വയം മെനയുകയും ചെയ്യുകയാണ് ഭൂരിപക്ഷം ജനങ്ങളും.
“ദൈവം രോഗത്തെ ഭേദമാക്കുന്നുവെന്ന്‍ മനുഷ്യന്‍ ചിന്തിക്കുന്നു.എന്നാല്‍ ഡോക്ടര്‍മാര്‍ അയാളുടെ കയ്യിലേക്ക് മെഡിക്കല്‍ ബില്‍ നല്‍കുന്നു”.

ഭഗവാന്‍ ബുദ്ധന്‍ പറഞ്ഞു;
വേണ്ടത്,മനസ്സിന്‍റെ സുചീകരണവും,പരിപൂര്‍ണ്ണതയും.
----------------------------------------------------------------
ഭൌതിക സു:ഖങ്ങളെകുറിച്ചും,അതിന്‍റെ ശക്തിയെ കുറിച്ചും ഭഗവാന്‍ ബുദ്ധന്‍ കൃത്യമായ ഉത്തരം നല്‍കിയിട്ടുണ്ട്:
“ഭൂമിയിലെ സമ്പൂര്‍ണ്ണമായ ആധിപത്യത്തെക്കാള്‍ നല്ലത്,സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നതിനെക്കാള്‍ നല്ലത്,ലോകത്ത് പ്രഭുസ്ഥാനം നേടുന്നതിനെക്കള്‍ നല്ലത്,ഒരു വിജയിക്ക് വേണ്ടത് മനസ്സിന്‍റെ ശുചീകരണവും, പരിപൂര്‍ണ്ണതയുമാണ്”.
ഭൗതിക സാഹചര്യങ്ങളുടെ വളര്‍ച്ചക്ക്‌ വേണ്ടി ഒരാള്‍ അയാളുടെ ജീവിതം ചിലവഴിക്കുമ്പോള്‍ അയാളുടെ മനസ്സിലേക്ക് ഒരിക്കലും അടങ്ങാത്ത ആഗ്രഹത്തെ നിറക്കുകയാണ് ചെയ്യുന്നത്,അത് ഒരിക്കലും ജീവിതത്തെ ത്രിപ്തിപെടുത്തുന്നില്ല.

ലൌകിക നേട്ടങ്ങള്‍ക്ക്‌ ഒരു വഴി;
മോക്ഷത്തിന് മറ്റൊന്ന്.
----------------------------------------
ബുദ്ധന്‍റെ അഭിപ്രായത്തില്‍ ഈ ലോകം സംഘര്‍ഷം നിറഞ്ഞതും,സംതൃപ്തി ഇല്ലാത്തതും,കലഹം നിറഞ്ഞതും,അസ്ഥിരതയുള്ളതുമാണ്‌.
ഭഗവാന്‍ ബുദ്ധന്‍ വീണ്ടും ഇങ്ങനെ പറഞ്ഞു: ലൌകിക നേട്ടങ്ങള്‍ക്ക്‌ വേണ്ടി ഒരു മാര്‍ഗ്ഗമുണ്ട്,എന്നാല്‍ മോക്ഷത്തിന് വേണ്ടിയുള്ള വഴി മറ്റൊന്നാണ്.
=============
ശേഖരണം
ഹരിദാസ്‌ ബോധ്

ആനന്ദവും, സന്തോഷവും വ്യത്യസ്തമാണ്

ആനന്ദവും, സന്തോഷവും
വ്യത്യസ്തമാണ്
===================


ഒരുപാട് അസ്വാസ്ഥ്യം നമ്മളില്‍ ചിലപ്പോള്‍ പ്രകടമാകുന്നില്ലെങ്കിലും ചില ദുഷ്ടചിന്താഗതികളുടെ അവശിഷ്ടം നമ്മുടെ മനസ്സില്‍ ആഴത്തില്‍ വേരൂന്നി കിടക്കുന്നുണ്ടാകാം.
മനസ്സിന്‍റെ മാറ്റമനുസരിച്ച് നമ്മള്‍
ശാന്തരാകുന്നു,അക്രമാസക്തനാകുന്നു
--------------------------------------------------------
ചില സമയങ്ങളില്‍ നമ്മളെ കാണാന്‍ ശാന്തരായിരിക്കാം,കാരണം ആ സമയത്ത് നമ്മുടെ മനസ്സില്‍ അസ്വസ്ഥതകള്‍ സംഘര്‍ഷം ഉണ്ടാക്കുന്നില്ല.എന്നാല്‍ ചില അസ്വസ്ഥതകള്‍ ഉണരുമ്പോള്‍ നമ്മുടെ മനോഭാവം പെട്ടെന്ന് തന്നെ മാറ്റുകയും നമ്മള്‍ അക്രമാസക്തനാകുകയും വൃത്തികെട്ടവനാകുകയും ചെയ്യുന്നു.

വിഷയാസക്തി സന്തോഷമല്ല;
വികാരപരമായ മാനസികാവസ്ഥമാത്രമാണ്
---------------------------------------------------------------------
ആ സമയത്ത് തന്നെ വിഷയാസക്തിയോടുള്ള അഭിലാഷം അനുനിമിഷം മനസ്സില്‍ ഉണര്‍ന്നുവന്നാല്‍ ഉടന്‍ തന്നെ അത് സന്തോഷമാണെന്ന്നമ്മള്‍ തെറ്റിദ്ധരിക്കുന്നു.അതൊരു യാഥാര്‍ത്യമാണ് എന്നാല്‍ സന്തോഷമല്ല.
ആനന്ദം, അഭിലാഷം,ഉല്ലാസം എന്നൊക്കെ പറയുന്നത് യഥാര്‍ത്തത്തില്‍ വികാരപരമായ മാനസികാവസ്ഥയാണ്.
ആനന്ദത്തിന്റെ ക്ഷണികമായ ചില സ്വഭാവം അടുത്ത സമയത്തിനുള്ളില്‍ തന്നെ ഇല്ലാതാകുകയും ചെയ്യുന്നു.

ഉല്ലാസത്തെ തേടുന്നതും
സന്തോഷത്തെ തേടുന്നതും തമ്മില്‍ തെറ്റിദ്ധാരണയരുത്.
--------------------------------------------------------------------------------
ഉല്ലാസം ,ആനന്ദം എന്നിവയെ അന്വേഷിക്കുന്നതും, യഥാര്‍ത്ത സന്തോഷത്തെ തേടുന്നതും തമ്മില്‍ തീര്‍ച്ചയായും തെറ്റിധാരണ അരുത്.ആനന്ദം എന്നത് നമുക്ക്പിടിതരുന്നില്ല,താല്‍കാലികമാണത്,
രുചി അറിഞ്ഞാല്‍ ഉടനെ അത് നമ്മില്‍ നിന്നും മാഞ്ഞു പോകുന്നു.മാത്രമല്ല അത് വിലപിടിപ്പുള്ളതാകാം,സംതൃപ്തി നല്‍കാത്തതുമാകാം.

സന്തോഷം വിലകൊടുത്താല്‍ കിട്ടില്ല;
അത് ലഭിക്കുന്നത് മനസ്സിന്‍റെ അടിത്തട്ടില്‍ നിന്നാണ്.
--------------------------------------------------------------------------
സന്തോഷം അതുപോലെ അല്ല.അത് വിലകൊടുത്ത് വാങ്ങാന്‍ കഴിയില്ല;അത് വരുന്നത് മനസിന്‍റെ അടിത്തട്ടില്‍ നിന്നാണ്,മാത്രമല്ല അത് നീണ്ടകാലം നിലനില്‍ക്കുന്നു.
ഈ നിമിഷത്തില്‍ ആനന്ദം ലഭിക്കുകയും,ഉടന്‍ തന്നെ അസ്വസ്ഥരാകുകയും ചെയ്യുന്നതെന്തെന്നുവെച്ചാല്‍ ആനന്ദത്തിന്‍റെ സ്വഭാവം ക്ഷണികമായതിനാലാണ്.

മനസ്സില്‍ അഴുക്കുള്ളവര്‍ക്ക്
യഥാര്‍ത്ഥ സന്തോഷം ലഭിക്കില്ല
------------------------------------------------
മനസ്സിലെ അഴുക്കുകളായ ഭയം, ദേഷ്യം, അസൂയ,പക,ദുഷ്ട വിചാരം,അത്യാഗ്രഹം എന്നിവ മനസ്സില്‍ സൂക്ഷിക്കുന്ന ഒരാള്‍ക്ക്‌ ഒരിക്കലും യഥാര്‍ത്ഥ സന്തോഷം നേടാന്‍ കഴിയില്ല.
ഇവ മനസ്സില്‍ സജീവമാകുന്നില്ലെങ്കില്‍ നമ്മുടെ മനസ്സ് താല്‍കാലികമായി തിളക്കമുള്ളതായും സന്തോഷമുള്ളതായും നമുക്ക് തോന്നും.പക്ഷെ മനസ്സിന്‍റെ പൂര്‍ണ്ണമായ ശുചീകരണത്തിലൂടെ മാത്രമെ ആത്യന്തികമായ സന്തോഷം കൈവരു.
====================
ശേഖരണം
എന്‍.ഹരിദാസ്‌ ബോധ്

Darkest Night is Ignorance-Buddhaനല്ല ശീലങ്ങള്‍ ആചരിക്കുന്നതോടൊപ്പം
നല്ല വിവേകമുള്ളവരാകാനും ശ്രമിക്കണം
======================================

ഒരു പ്രതിഭാശാലിക്ക് ഒറ്റക്ക് നമ്മുടെ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയില്ല.ചിലസമയങ്ങളില്‍ അയാള്‍ നമ്മുടെ നിസ്സാരപ്രശ്നങ്ങളെ കൂടതല്‍ വഷളാക്കാനും ശ്രമിക്കും.മനുഷ്യമനസ്സിലെ ഞാനെന്ന ഭാവം തന്നെ അതിന്‍റെ കാരണം.

സൂത്ര ശാലികളും,മൂല്യ ബോധാമില്ലാതവരും
നല്ല ഗുണമുള്ള മനുഷ്യരെ ചൂഷണം ചെയ്യുന്നുണ്ട്
-----------------------------------------------------------------------------
ദയ,തന്മയീഭാവം,ക്ഷമ,സഹനശക്തി,സത്യസന്ധത,മഹാമനസ്കത എന്നിവയുള്ളവര്‍ക്കും എല്ലാ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞെന്നു വരില്ല.കാരണം സൂത്രശാലികളും, ധാര്‍മ്മിക മൂല്യങ്ങള്‍ ഇല്ലാതെ എന്തും ചെയ്യാന്‍ മടിയില്ലാതവരും ഇത്തരം നല്ല ഗുണമുള്ളവരുടെ നേട്ടം തട്ടിയെടുക്കുന്നുണ്ട്.അതുകൊണ്ട് തീര്‍ച്ചയായും വിവേകത്തോടെയുള്ള നല്ല ശീലങ്ങള്‍ പിന്തുടരാന്‍ നമ്മള്‍ ശ്രമിക്കണം.

ലോകത്ത് ഒരുപാട് നല്ല ജനങ്ങളെ ദുഖം അലട്ടുന്നുണ്ട്.
ഉദാഹരണത്തിന്,സന്നദ്ധ പ്രവര്‍ത്തകര്‍ ഒരുപാട് സേവന പ്രവര്‍ത്തനങ്ങള്‍ ലോകമെമ്പാടുമായി ചെയ്യുന്നുണ്ട്.
ഇത്തരം സാമൂഹ്യ പ്രവര്‍ത്തകര്‍ മനുഷ്യരുടെ ദുഖം അകറ്റാന്‍ വേണ്ടിയാണ് ശ്രമിക്കുന്നത്.എന്നാല്‍ അവരുടെ ശ്രമത്തിലൂടെ മനുഷ്യന്‍റെ ചെറിയ പ്രശ്നങ്ങളെ മാത്രമേ പരിഹരിക്കാന്‍ കഴിയുന്നുള്ളൂ.

സ്വാര്‍ത്തത, സൂത്രശാലിത്ത്വം,പാകപിഴ
എല്ലാറ്റിനെയും തകിടം മറിക്കുന്നു.
-------------------------------------------------------------
രാജ്യത്തിന്‍റെ സമ്പത്തും, നികുതി വരുമാനവും ജനങ്ങള്‍ക്ക്‌ തുല്യമായി വീതിച്ചുകൊടുത്തുകൊണ്ട് മനുഷ്യരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിച്ചാല്‍ എന്ത് സംഭവിക്കും?.ഒന്നാമത് ഇന്ത്യയെ പോലുള്ള ചാതുര്‍വര്‍ണ്യം നടമാടുന്ന രാജ്യത്ത് അത് സ്വപ്നം മാത്രമായിരിക്കും.എങ്കിലും അങ്ങിനെ സംഭവിചാലോ?
ആ തീരുമാനത്തെ എങ്ങിനെ സ്വാര്‍ത്തവല്‍കരിച് അല്ലെങ്കില്‍ വടക്കാക്കി തനിക്കാക്കാം എന്നതായിരിക്കും പിന്നീട് അതിന്‍റെ നടത്തിപ്പില്‍ കാണുക.
അവിടെയും സ്വാര്‍ത്തത,സൂത്രശാലിത്വം,വഞ്ചന,പാകപിഴ എന്നിവ ഈ ചിന്തകളെ പോലും തകിടംമറിക്കും.കേരളത്തില്‍ നടപ്പിലാക്കിയ ഭൂപരിഷ്കരണ നിയമം ഒരു ഉദാഹരണം മാത്രം.നിഷ്കളങ്കരായ ജനത അവിടെ വഞ്ചിക്കപെട്ടു.

മനസ്സില്‍ നന്മകള്‍ പരിപോഷിപ്പിച്ചുകൊണ്ട്‌ നല്ല ശീലങ്ങള്‍ ആചരിച്ചുകൊണ്ട് പരിപൂര്‍ണത നേടാന്‍ ശ്രമിക്കുമ്പോള്‍ തന്നെ മനസ്സില്‍ വിവേകവും പരിപോഷിപ്പിക്കണം.അല്ലെങ്കില്‍ നന്മ നിറഞ്ഞവര്‍ എവിടെയും വഞ്ചിക്കപെടാം.

“ഒരു വിഡ്ഢി അവന്‍റെ സുഹൃത്തുക്കളില്‍ നിന്നും നേടുന്നതിനെക്കാള്‍,വിവേകശാലിയായ ഒരു മനുഷ്യന്‍ അവന്‍റെ ശത്രുവില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കുന്നു”.
================
ശേഖരണം
ഹരിദാസ്‌ ബോധ്


Tuesday, July 12, 2016

ആരാണ് മനുഷ്യന്‍ ? ഇതാ ഭഗവാന്‍ ബുദ്ധന്‍റെ ശാസ്ത്രീയമായ ഉത്തരം

ആരാണ് മനുഷ്യന്‍ ?
ഇതാ ഭഗവാന്‍ ബുദ്ധന്‍റെ ശാസ്ത്രീയമായ ഉത്തരം
=============================================


ജീവിതം എന്താണെന്നുള്ള ചോദ്യത്തിന് യുക്തി യുക്തമായ ഉത്തരം നൽകുന്നതിനു വേണ്ടിയാണ് ശാസ്ത്രം വികസിച്ചു വരുന്നതിന് വഴി ഒരുക്കിയത് .എന്നാൽ കുറെ ചോദ്യങ്ങൾ ഇവിടെ അവശേഷിക്കുന്നു.
1.ഏതു വിധത്തിൽ ജീവിതം നയിക്കണം?
2.ജീവിതത്തിന്റെ പരമമായ ലക്ഷ്യം എന്താണ്?
3.മനുഷ്യൻ കേവലം ഭൌതികമായ ഒരു പ്രതിഭാസം മാത്രമാണോ?.
4.മണ്ണും ,വെള്ളവും ,തീയും ,കാറ്റും മറ്റും ചേർന്നുണ്ടായ ഒരു കൂടു പദാർത്ഥം മാത്രമാണോ മനുഷ്യൻ?
മനുഷ്യന്റെ സ്വരൂപത്തെ കുറിക്കുന്ന ഇത്തരം വിഷയങ്ങളിൽ ബുദ്ധമതത്തിന്റെ അഭിപ്രായം എന്താണ്?
പ്രതി നിമിഷം'മാറിമറിഞ്ഞു രൂപാന്തര പെട്ടുകൊണ്ടിരിക്കുന്ന ഘടഘങ്ങളെ മാത്രമേ ഭഗവാൻ ബുദ്ധൻ മനുഷ്യനിൽ കാണുന്നുള്ളൂ.
ശരീരവും മനസ്സും ഒരുപോലെ ചങ്ങലകൾ ആണെന്നും അവയിൽ നിന്നും ഭിന്നമായി മറ്റു മതങ്ങള പറയുന്നതുപോലെ സ്ഥിരമായ ഒരു ആത്മ തത്വം മനുഷ്യനിൽ ഇല്ലെന്നുമാണ് ബുദ്ധന്റെ കാഴ്ചപ്പാട്.
മനുഷ്യനിൽ അടങ്ങിയിട്ടുള്ള ഘടകങ്ങൾ എന്തെല്ലാമാണ് ?
-------------------------------------------------------------------------------------
മനുഷ്യനെയും അവനു അറിയാൻ കഴിയുന്ന പ്രപഞ്ചത്തിന്റെയും കഥ കേവലം അഞ്ചിൽ മാത്രമായി ഭഗവാൻ ബുദ്ധൻ ഒതുക്കുന്നു.ഈ അഞ്ച് ഘടകങ്ങൾക്ക് ബുദ്ധമതം പഞ്ചസ്കന്ധങ്ങൾ എന്ന് പേര് നൽകിയിരിക്കുന്നു .
സ്കന്ധങ്ങൾ താഴെ പറയുന്നവയാണ്
--------------------------------------------------------.
1.രൂപ സ്കന്ധം
2.വേദന സ്കന്ധം
3.സംഞ്ജ സ്കന്ധം
4.സംസ്കാര സ്കന്ധം
5.വിജ്ഞാന സ്കന്ധം
ഈ സ്കന്ധങ്ങളിൽ ഓരോ വിഭാഗത്തിലും അതാതുമായി ബന്ധപെട്ട ഒന്നിലതികം അവാന്തര വിഭാഗങ്ങൾ ഉള്ളതുകൊണ്ടാണ് സമൂഹം എന്ന് അർത്ഥമുള്ള സ്കന്ധം എന്ന പദം പ്രയോഗിച്ചിരിക്കുന്നത് .
1.രൂപ സ്കന്ധം .
-----------------------
ജഡമായി എണ്ണപ്പെടുന്ന സകല പഥാർത്തങ്ങളും അവയുടെ ധർമ്മങ്ങളും ഇതിൽ ഉൾപെടുന്നു .
കണ്ണ് ,മൂക്ക് ,തൊക്ക് ,നാക്ക്, ചെവി .ഇവക്ക് ഗ്രഹിക്കാൻ കഴിയുന്ന എല്ലാംതന്നെ പദാർത്ഥങ്ങൾ ആയതുകൊണ്ടും അവയും, അവയുടെ ധർമ്മങ്ങളും രൂപസ്കന്ധത്തിൽ പെടുന്നു.
പരമാണുക്കൾ ചേർന്നിട്ടുള്ള മണ്ണ് ,വെള്ളം തീ,കാറ്റ് എന്നീ നാല് ഭൂതങ്ങളും രൂപ സ്കന്ധത്തിൽപ്പെടുന്നു.
മറ്റ് മതങ്ങളിൽ ആകാശത്തെ പഞ്ചഭൂതങ്ങളിൽ അവസാനത്തെ ഭൂതമായി പരിഗണിക്കുന്നുണ്ടെങ്കിലും രൂപമില്ലാത്തതിനാലും ,പരമാണുക്കളുടെ സംഘാതമില്ലാത്തതിനാലും ആകാശത്തെ ബുദ്ധൻ ഭൂതമായി കണക്കാക്കുന്നില്ല.പഞ്ചേന്ദ്രിയങ്ങളും അവയ്ക്ക് ഗോചരമായ രൂപം ,ശബ്ദം ,ഗന്ധം,രസം ,സ്പർശം എന്നീ ഗുണങ്ങളും രൂപ സ്കന്ധത്തിൽ തന്നെ.സ്ത്രീ പുരുഷ ഭേദങ്ങളും വിചാരം വീര്യം ദേശം,എന്ന ഉപാദികളും,ആശയ വിനിമയത്തിനുള്ള ഉപാദികളായ വാക്യം, ആഗ്യം,എന്നിവയും ജീവച്ഛരീരങ്ങളുടെ ധർമ്മങ്ങളായ ലാഘവം ,വഴക്കം ,പരിസരങ്ങൾക്കൊത്ത നില,ക്ഷയം ,പരിണിതി തുടങ്ങിയവയും ഭഗവാൻ ബുദ്ധന്റെ അഭിപ്രായത്തിൽ രൂപസ്കന്ധങ്ങൾ തന്നെ .
2.വേദന സ്കന്ധം
-------------------------
മനുഷ്യനിൽ അടങ്ങിയിട്ടുള്ള രണ്ടാമത്തെ ഘടകത്തിന് വേദന സ്കന്ധമെന്നു പേര് നൽകിയിരിക്കുന്നു .വേദന എന്നുവെച്ചാൽ ഇന്ദ്രിയങ്ങൾ അതാതിനോട് ചേർന്ന പദാർത്ഥങ്ങളുമായി സംഘടിക്കുമ്പോൾ ഉടനടി ഉണ്ടാകുന്നതായ പ്രതീതി എന്നാണ് അർത്ഥമാക്കുന്നത്.ആധുനിക ശാസ്ത്രത്തിൽ ഇതിന് സെൻസേഷൻ എന്നാണ് അർത്ഥമാക്കുന്നത്.
വേദന എന്ന ശബ്ദത്തിൽ നിന്നും ഇതിന്റെ സ്വഭാവത്തെ മനസ്സിലാക്കാം.അറിയുക എന്നാണ് വേദന എന്ന പദത്തിലെ "വിദ്" എന്ന വാക്കിന്റെ അർത്ഥം.ഇന്ദ്രിയവും അതിന്റെ വിഷയവും തമ്മിൽ സമ്പർക്കം ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന പ്രാഥമികമായ പ്രതീതി (അറിവ്) തന്നെ വേദന.പഞ്ചേന്ദ്രിയങ്ങളിൽ ഓരോന്നിനും അതാതിന് യോജിച്ച രീതികളിൽ പ്രതീതികൾ ഉളവാക്കുന്നു.പൂര്ണ്ണമായ കാഴ്ചയുടെ മുൻ രൂപമായ നേരിയ പ്രതീതിയെ കണ്ണ് അതിന്റെ വിഷയത്തോട് മുട്ടുന്ന മാത്രയിൽ ഉണ്ടാക്കും.അതുപോലെ നാല് ഇന്ദ്രിയങ്ങളും കൂടാതെ അതീന്ദ്രിയമായ മനസ്സ് ഓർമ്മശക്തി വഴി ഉള്ളിലുണ്ടാക്കുന്ന പ്രതീതികളെയും വേദനകളായി കണക്കാക്കാം.ഈ ആറുതരത്തിലുള്ള പ്രതീതി സമൂഹങ്ങളെ വീണ്ടും അനുകൂലങ്ങളായും പ്രതികൂലങ്ങളായും രണ്ടുമല്ലാത്ത ഉദാസീനങ്ങളായും തിരിക്കാം.ആകെക്കൂടി ഈ വിധത്തിൽ നോക്കിയാൽ വേദന സ്കന്ധത്തിൽ പതിനെട്ട് തരത്തിലുള്ള പ്രാഥമിക പ്രതീതിക്ക് ഇടമുള്ളതായി കാണാം.
3.സംജ്ജ്ഞ സ്കന്ധം
----------------------------
മൂന്നാമത്തെ വിഭാഗമായ സംജ്ജ്ഞ സ്കന്ധത്തിന് വേദന സ്കന്ധവുമായി അടുപ്പമുണ്ട്.രണ്ടാമത്തേതിൽ ഉൾപെട്ട ആറുതരം വേദന (പ്രതീതി,അറിവ്) കളെയും ആസ്പദമാക്കി അവയുടെ പ്രതിഫലനം എന്നോണം മനസ്സില് ഉടലെടുക്കുന്ന ആശയങ്ങളെ സംജ്ജ്ഞകൾ എന്ന് വിളിക്കുന്നു.ഉദാഹരണത്തിന് കണ്ണ് പച്ചിലയിൽ പതിക്കുമ്പോൾ ഉണ്ടാകുന്ന പ്രാഥമികമായ പ്രതീതി (വേദന) പച്ച എന്ന ആശയം ഉണ്ടാക്കുവാൻ പ്രേരണ ആയി തീരുന്നു.പ്രതീതി ക്ഷണത്തിൽ അതിൽ നിന്ന് വേർതിരിച്ച് അതിന്റെ ഉള്ളടക്കത്തിന് നാമകരണം ചെയ്യുമ്പോൾ സംജ്ജ്ഞയായി.
ഇവിടെ പച്ച എന്നുള്ളത് സംജ്ജ്ഞ .ഇതുപോലെ മറ്റുള്ള ഇന്ദ്രിയങ്ങളും അതാതിനോട് ചേർന്ന പ്രതീതികളിൽനിന്നും സംജ്ജ്ഞ കളെ ഉളവാക്കുന്നു .ഇന്ദ്രിയത്തിലൂടെ ഉണ്ടാകുന്ന അനുഭവങ്ങൾക്ക് അവയുടെ ബാഹ്യ രൂപങ്ങളിൽ നിന്നും മാറി മനസ്സില് ഉണ്ടാക്കുന്ന രൂപവിശേഷങ്ങൾ ആണ് സംജ്ജ്ഞ സ്കന്ധത്തിന്റെ ഉള്ളടക്കം .
4.സംസ്കാര സ്കന്ധം.
--------------------------------
നാലാം സ്കന്ധമായ സംസ്കാരം വളരെ പ്രാധാന്യം അർഹിക്കുന്ന വിഭാഗമാണ് .എണ്ണത്തിൽ സംസ്കാരങ്ങളെ 52 എണ്ണമായി ബുദ്ധമതം വേർതിരിച്ചിട്ടുണ്ടെങ്കിലും അവ സ്വതന്ത്രങ്ങളല്ല.മുൻപ് മൂന്നു സ്കന്ധങ്ങളിൽ ഉൾപെട്ട ചില ഘടകങ്ങളും സംസ്കാര സ്കന്ധത്തിൽ പരിഗണിക്കപെട്ടിട്ടുണ്ട്.സംസ്കാരം എന്നുള്ളത് മാനസ്സിക പ്രവർത്തനങ്ങളുടെ ആകെകൂടിയുള്ള ഒരു പേര് മാത്രമാണ്.സംസ്കാര സ്കന്ധത്തിൽ ഉൾപെട്ടിട്ടുള്ള ഘടകങ്ങൾ താഴെ കൊടുക്കുന്നു.സ്പർശം ,ഇന്ദ്രിയങ്ങളും അവയുടെ വിഷയങ്ങളുമായുള്ള സമ്പർക്കം,സ്പർശത്തിന്റെ ഫലമായി ഉണ്ടായ പ്രതീതി (വേദന)എന്നിവ എല്ലാം സംസ്കാരം തന്നെ.വേദനകളെ അടിസ്ഥാനമാക്കി മനസ്സിൽ രൂപമെടുക്കുന്ന ആശയങ്ങളെ ,അതായത് സംജ്ജ്ഞകളെ അനുഭവസ്ഥൻറെ നിലയിൽ നിന്നും അയാളുടെ ആഭ്യന്തര സമ്പത്ത് ആയി പരിഗണിക്കുമ്പോൾ സംസ്കാരമായി മാറുന്നു.
ആശയങ്ങളെ യഥാസമയം അടുക്കി ചേർത്ത് രൂപം കൊടുക്കുമ്പോൾ കിട്ടുന്ന ചിന്താശകലങ്ങളും സംസ്കാരങ്ങൾ തന്നെ.അവക്ക് ബുദ്ധ മതത്തിൽ കൊടുത്തിരിക്കുന്ന പേര് ചേതന എന്നാണ് .ഇവയെ വീണ്ടും വീണ്ടും മറിച്ചും തിരിച്ചും പരിശോദിക്കുന്ന ആലോചനാഗതിയും സംസ്കാരം തന്നെ.
സ്മൃതി ,ഉത്സാഹം ,ഏകാഗ്രത ,ജാഗരൂഗത,വിചാരം എല്ലാ മനോ വ്യാപാരങ്ങൾക്കും തുണയായി നിൽക്കുന്ന വീര്യം ,ഇടതടവില്ലാതെ നിൽക്കുന്ന ക്രിയാഭിമുഖ്യം,പ്രീതി ,മധ്യസ്ഥത ,ആലസ്യം ,മോഹം, ഭയം,എടുത്തുചാട്ടം ,ലജ്ജ,ദേഷ്യം,സംശയം ,ശ്രദ്ധ ,വ്യാമോഹം,പ്രസാദം ,ലാഘവം ,മാർദ്ദവം വൈദഗ്ദ്യം,ആർജ്ജവം, വാക്ക് ,പ്രവർത്തി ,കരുണ, ഈർഷ്യ,മാത്സര്യം,ക്രൌര്യം ,അഭിമാനം,ഇങ്ങിനെ പല മാനസ്സിക പ്രവർത്തികളെയും പ്രത്യേകം പേരെടുത്ത് കൊടുത്തതിൽ ചിലതാണ് ഇവ .
വാസ്തവത്തിൽ നിർവ്വാണവും,ആകാശവും ഒഴിച്ച് മറ്റെല്ലാം സംസ്കാരമായി ബുദ്ധമതം അഭിപ്രായപെടുന്നു.
5.വിജ്ജ്ഞാന സ്കന്ധം.
----------------------------------
അഞ്ചാമത്തെ സ്കന്ധത്തിനു കൊടുത്തിട്ടുള്ള പേര് വിജ്ജ്ഞാനമാണ്.ചേതന എന്ന പേരിൽ സംസ്കാര സ്കന്ധത്തിൽ ചേർത്തിട്ടുള്ള മനസ്സിന്റെ പ്രവർത്തിയുടെ വിശദീകരണവും ,വിപുലീകരണവുമാണ് വിജ്ജ്ഞാനത്തെ ഒരു പ്രത്യേക സ്കന്ധ്മായി പരിഗണിച്ച് പഠിക്കാനുള്ള കാരണമത്രെ.ചേതനയുടെ പ്രവത്തികൾ അഥവ ബോധപൂർവ്വമായ പ്രവർത്തികൾ നല്ലതോ ചീത്തയോ ആകാം .ഇവയുടെ ഏറ്റകുറച്ചിൽ ആലോചിച്ചാൽ വിജ്ജ്ഞാനത്തിന്റെ വക ഭേദങ്ങൾ ഒട്ടേറെ ഉണ്ട്.വിജ്ജ്ഞാനഭേദങ്ങൾ ഉൾകൊള്ളുന്ന ഈ സ്കന്ധത്തിൽ മനുഷ്യന് കൊടുത്തിട്ടുള്ള സ്ഥാനം ഏറ്റവും മികച്ചതാണ്.സംസാര യാത്രയിൽ ഓരോ ജീവിതത്തിലും വ്യക്തികൾക്ക് ലഭിക്കുന്ന കർമ്മങ്ങളെ ,പുണ്യ പുണ്യങ്ങളെ,ഈ വിജ്ജ്ഞാനത്തിന്റെ സത്തായും ബുദ്ധമതം വിലയിരുത്തുന്നു.ഈ കർമ്മ ഫലങ്ങളോ ,പുണ്യ പുണ്യങ്ങളോ ആണ് ജന്മ ജന്മാന്തരങ്ങൾക്ക് കാരണമാകുന്നത്.അപ്പോൾ വിജ്ജ്ഞാനം കർമ്മ ഫലങ്ങൾക്ക് അനുരൂപമായി ആവിർഭവിക്കുകയും ഇല്ലാതാകുകയും ചെയ്യുന്ന ചിത്രമാണ് ലഭിക്കുക.
സംസാരത്തിനും വിജ്ജ്ഞാനത്തിനും തമ്മിലുള്ള ബന്ധവും സുസൂഷ്മമാകുന്നു.ബുദ്ധമതത്തിലെ കാര്യ കാരണ വാദത്തെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഇതിന്റെ പ്രാധാന്യം വ്യക്ത്തമാകും.വിജ്ജ്ഞാനമില്ലെങ്കിൽ മറ്റു സ്കന്ധങ്ങൾക്ക് ആവിർഭവിക്കാൻ കഴിയില്ല.ഇതര സ്കന്ധങ്ങൾക്ക് സ്വയം പ്രവർത്തിക്കാൻ കഴിവില്ല.രൂപം ,വേദന ,സംജ്ജ്ഞ എന്നിവയെല്ലാം വിജ്ജ്ഞാനത്തിന്റെ പ്രവർത്തനങ്ങൾ ആകുന്നു .അപ്പോൾ വിജ്ജ്ഞാനത്തിന്റെ പ്രകാശമില്ലെങ്കിൽ ഇവക്ക് എങ്ങിനെ പ്രവർത്തിക്കാൻ കഴിയും?ചുരുക്കത്തിൽ പഞ്ച സ്കന്ധങ്ങൾ വിവിധങ്ങളായ മാനസ്സിക ഘടകങ്ങൾ ആകുന്നു.
--------------------------
ഹരിദാസ് ബോധ്

Saturday, July 2, 2016

LIFE OF ASHOKA THE GREAT


 
ASHOKA THE GREAT
 
ബുദ്ധ സന്യാസിയായി മാറി;
ഒടുവില്‍ അശോക ചക്രവര്‍ത്തിയും തന്‍റെ സാമ്രാജ്യം ഉപേക്ഷിച്ചു.
=================================================
മഹാനായ അശോക ചക്രവര്‍ത്തിയെ കുറിച്ച് ചരിത്രത്തില്‍ നമ്മള്‍ പലതും വായിച്ചിട്ടുണ്ടെങ്കിലും.നാം അറിയാതെ പോയ പല കാര്യങ്ങളും അദ്ദേഹത്തിന്‍റെ ജീവിതവുമായി ബന്ധപെട്ടുണ്ട്.

അശോക വിജയദശമി
----------------------------------
കലിംഗ യുദ്ധത്തിന് ശേഷം അഗാത ദുഖത്തിലായ അശോക ചക്രവര്‍ത്തിയെ ഒരു യുവാവായ ബുദ്ധ സന്യാസി പത്ത് ദിവസം ബുദ്ധധമ്മം ഉപദേശിക്കുകയും പത്താംനാള്‍ അദ്ദേഹം തന്‍റെ ഉറയില്‍ സൂക്ഷിച്ചിരുന്ന വാള്‍ വലിച്ചെറിയുകയും
ബുദ്ധമതം സ്വീകരിക്കുകയും ചെയ്തു.
ആ ദിവസത്തിന്‍റെ ഓര്‍മ്മക്കായാണ് “അശോക വിജയദശമി” എന്ന പേരില്‍ ബുദ്ധിസ്റ്റുകള്‍ ആഘോഷിക്കുന്നത്.

ബുദ്ധധമ്മം പത്ത് ദിവസം ശ്രവിച്ചപ്പോള്‍ പത്താംനാളില്‍
ധമ്മം അശോക ചക്രവര്‍ത്തിയില്‍ വിജയംകൈവരിക്കുകയും അദ്ദേഹത്തെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കും സമാധാനത്തിലേക്കും നയിച്ച ദിവസം എന്ന അര്‍ത്ഥമാണ് അതിനുള്ളത്.

ജാതിമത ഭേദങ്ങള്‍ക്ക് സ്ഥാനം
നല്‍കാതെയുള്ള ഭരണം
---------------------------------------
തുടര്‍ന്ന് മുപ്പത്തിഏഴ് വര്‍ഷക്കാലം അദ്ദേഹം തന്‍റെ സാമ്രാജ്യം ധമ്മത്തിനനുസരിച്ച് ഭരിച്ചു.ഒട്ടും വിശ്രമമില്ലാതെ ജീവിതത്തിന്‍റെ സത്യം,ധര്‍മ്മം നീതി ന്യായം എന്നിവ ജനങ്ങളെ പഠിപ്പിച്ചു.അദ്ദേഹത്തിന്‍റെ മുന്നില്‍ ജാതി മത ഭേദങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.സാമ്രാജ്യം മുഴുവനും സന്തോഷവും സമാധാനവും കൊണ്ട് നിറഞ്ഞു. ജാതി, മത, വര്‍ഗ്ഗമോ, ഉയര്‍ന്നവന്‍ ,താഴ്ന്നവന്‍ എന്നൊന്നില്ലാതെ എല്ലാവരും ഈ സന്തോഷവും സമാധാനവും അനുഭവിച്ചു.

ലോക ചരിത്രത്തില്‍ കാണാത്ത
മൂല്യാധിഷ്ടിത ഭരണം
---------------------------------------
ബുദ്ധമതം സ്വീകരിച്ചതിനു ശേഷം അദ്ദേഹം തന്‍റെ സൈന്യത്തെ അക്രമങ്ങള്‍ക്ക് ഉപയോഗിക്കുന്നത് പാടെ നിര്‍ത്തിവെച്ചു. പകരം അവരുടെ കായിക ശേഷിയെ സമൂഹത്തിന്റെ നന്മക്കായി പ്രയോജനപെടുത്തി. സ്കൂളുകള്‍, സത്രങ്ങള്‍,പാതകള്‍,
ആശുപത്രികള്‍(മനുഷ്യര്‍ക്കും,മൃഗങ്ങള്‍ക്കും) ,കിണറുകള്‍ എന്നിവയെല്ലാം പോതുജനങ്ങള്‍ക്കായി പണികഴിപ്പിച് നല്‍കി.
മൃഗവേട്ട നിരോധിച്ചു.ഔഷധ സസ്യപരിപാലനം എന്നിവ നടപ്പിലാക്കി.അയല്‍ രാജ്യങ്ങളുമായുള്ള നയതന്ത്രം അഹിംസയില്‍ അധിഷ്ടിതമായ ബുദ്ധ ധമ്മത്തിന്‍റെ പാതയിലാക്കി.

മഹത്തായ അടയാളപെടുത്തലുകള്‍
--------------------------------------------
മഹാനായ ഭഗവാന്‍ ബുദ്ധന്‍റെ ജനനംനടന്ന ലുംബിനി ,ബോധോദയം ലഭിച്ച ബോധ്ഗയ , ആദ്യ പ്രഭാഷണം നടന്ന സാരാനാഥ് ,പരിനിര്‍വ്വാണം നടന്ന കുഷിനര എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഭഗവാന്‍ ബുദ്ധനോടുള്ള ബഹുമാനാര്‍ത്ഥം അവിടെ അദ്ദേഹം സ്തുപങ്ങള്‍ പണിത് അടയാളപെടുത്തി.
ബുദ്ധധമ്മത്തിലെ ആശയങ്ങളെ നിരവധി കൊത്തുപണികളും ചിഹ്നങ്ങളും കൊണ്ട് ജനങ്ങള്‍ക്ക്‌ പെട്ടെന്ന് ബോദ്ധ്യപെടുത്താന്‍ ശ്രമിച്ചു.അശോക ചക്രം (ധമ്മചക്രം), അശോക സ്തംഭം, ലയണ്‍ ഹെഡ്, മധ്യപ്രദേശില്‍ പണികഴിപ്പിച്ച സാഞ്ചി സ്തുപത്തിലെ കൊത്തുപണികള്‍ എന്നിവ ഇതിന്‍റെ ഉദാഹരണം.അദ്ദേഹം ഇങ്ങിനെ അടയാളപെടുത്തിയില്ലായിരുന്നുവെങ്കില്‍ ഭഗവാന്‍ ബുദ്ധന്‍ ഇന്ത്യയില്‍ ജീവിച്ചിരുന്നുവെന്ന് ആര്‍ക്കും അറിയില്ലായിരുന്നുവെന്ന് ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ അഭിപ്രായപെട്ടിടുണ്ട്.

ബുദ്ധ മതത്തെ ലോകമെമ്പാടും എത്തിച്ചു.
--------------------------------------------------
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബുദ്ധ ധമ്മം പ്രചരിപ്പിക്കാന്‍ സന്യാസിമാരെയും ,മക്കളായ മഹിന്ദനെയും, സംഘമിത്തയെയും പറഞ്ഞയച്ചു.അദ്ദേഹത്തിന്‍റെ സാമ്രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഭഗവാന്‍ ബുദ്ധന്‍റെ തത്വങ്ങള്‍ പാറകളിലും, ഗുഹകളിലും സ്തൂപങ്ങളിലും കൊത്തിവെച്ചു.
ബുദ്ധം മതം സ്വീകരിച്ചതിനു ശേഷം കരുണയുടെയും സ്നേഹത്തിന്റെയും ദയയുടെയും,ദാനത്തിന്‍റെയും മൂര്‍ത്തിഭാവമായി മാറി.

ബുദ്ധസന്യാസിയായി മാറി
സമ്പത്തെല്ലാം ദാനം ചെയ്ത
അശോക ചക്രവര്‍ത്തി
----------------------------------
അറുപത്തിരണ്ട് വയസ്സായപ്പോള്‍ അദ്ദേഹം പൂര്‍ണ്ണമായും ബുദ്ധ സന്യാസിയായി മാറുകയും ആര്‍ഭാടങ്ങളും, സുഖ സൌകര്യങ്ങളും ഉപേക്ഷിച്ച് ലളിത ജീവിതവും തുടങ്ങിയിരുന്നു. ഈ കാലയളവില്‍ കൊട്ടാരത്തില്‍ താമസിക്കുന്നതിനു പകരം വിഹാരങ്ങളില്‍ അധിക സമയവും കഴിച്ചുകൂട്ടി. തന്‍റെ സമ്പത്തെല്ലാം ബുദ്ധവിഹാരങ്ങള്‍ക്കും ധമ്മ പ്രചരണങ്ങള്‍ക്കുമായി ദാനം ചെയ്തുവന്നു.

ധമ്മത്തെ ഭരണ രംഗങ്ങളില്‍ ഉള്‍പെടുത്തി
----------------------------------------------------
വിഹാരങ്ങളില്‍ താമസ്സിക്കുന്ന സമയങ്ങളില്‍ അദ്ദേഹം ഉപവസിക്കുകയും വിപസന ധ്യാനത്തില്‍ മുഴുകുകയും ബുദ്ധമത ആചാരം കൃത്യമായി പാലിക്കുകയും ചെയ്തു.വിഹാരങ്ങളില്‍ താമസിച്ചുകൊണ്ടു ബുദ്ധമത തത്വങ്ങള്‍ വിശദമായി പഠിക്കുകയും പരിശീലിക്കുകയും അത് ഭരണരംഗങ്ങളില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്തു.അദ്ദേഹത്തിന്‍റെ മക്കളായ മഹേന്ദനും,കുനലയും, തീവലയും, സംഘമിത്തയെയുമൊക്കെ ബുദ്ധമതം പ്രചരിപ്പിക്കാനായി അയല്‍ രാജ്യങ്ങളിലേക്ക് അയച്ചു.

പേരകുട്ടികളുടെ
കിരീട അവകാശതര്‍ക്കം ദുഖത്തിലേക്ക്
------------------------------------------------
ഈ സമയത്ത് പേരകുട്ടികളായ ദസരതനും,സംപ്രതിയും കിരീടാവകാശത്തിനുവേണ്ടി തര്‍ക്കം തുടങ്ങി.ഇതേ തുടര്‍ന്ന് രാജ്ഞിമാരും തര്‍ക്കത്തിലായി.ഈ രാജ്ഞിമാര്‍ക്കിടയില്‍ തിക്ഷ്യരഖി എന്ന ഒരു ദുഷ്ട സ്ത്രീയായ ഭാര്യയും ഉണ്ടായിരുന്നു.
ചക്രവര്‍ത്തിയുടെ സന്യാസത്തിലധിഷ്ടിതമായ ലളിത ജീവിതം ,ആര്‍ഭാടത്തോടെ ജീവിച്ച തിക്ഷ്യരഖിക്ക് വളരെയധികം ദേഷ്യത്തിനിടയാക്കി.ചക്രവര്‍ത്തിയില്‍ ഉണ്ടായ ഈ മനംമാറ്റത്തിന് വഴിവെച്ച ബുദ്ധധമ്മത്തിനു നേരെയും അവര്‍ നീക്കം തുടങ്ങി.ഇതിന്‍റെ ഭഗമായി ഭഗവാന്‍ ബുദ്ധന് ബോധോദയം ലഭിച്ച ഗയയിലെ ബോധി വൃക്ഷത്തെ നശിപ്പിക്കാനും ഇവര്‍ ശ്രമിച്ചു.ഇതെല്ലാം അദ്ദേഹത്തിന് ദുഖത്തിനിടയാക്കി.

ഒടുവില്‍ സാമ്രാജ്യം തന്നെ ഉപേക്ഷിച്ച്
തക്ഷശിലയിലേക്ക്. അവിടെ വെച്ച് നിര്‍വ്വാണം
----------------------------------------------------------
സ്ഥാനരോഹണത്തെ ചൊല്ലിയുള്ള പെരകുട്ടികളുടെ തര്‍ക്കംമൂര്‍ച്ചിച്ചപ്പോള്‍ രാജ്യം തന്നെ ഉപേക്ഷിച്ച് ബുദ്ധസന്യാസിയായ അദ്ധ്യാപകനുമൊത്ത് അദ്ദേഹം തീര്‍ത്ഥാടനത്തിന് പോയി.ഒടുവില്‍ തക്ഷശിലയിലെത്തിചേര്‍ന്ന് അവിടെ പൂര്‍ണ്ണമായും സന്യാസ ജീവിതവുമായി കഴിഞ്ഞുകൂടി.എഴുപത്തി രണ്ടാമത്തെ വയസ്സില്‍ അവിടെ വെച്ച് അദ്ദേഹം നിര്‍വ്വാണം പ്രാപിച്ചു.

ബുദ്ധ സന്യാസിയായ ഏക ചക്രവര്‍ത്തി;
മനുഷ്യ ചരിത്രത്തിലെ വേറിട്ട വ്യക്തിത്വം
-------------------------------------------------
മുപ്പത്തി ഏഴു വര്‍ഷക്കാലം സാമ്രാജ്യം ഭരിച്ച അശോക ചക്രവര്‍ത്തി,മഹാനായ ന്യായധിപനും, രാജാക്കന്മാര്‍ക്കിടയിലെ ഏക ബുദ്ധ സന്യാസിയുമായിരുന്നു.

മനുഷ്യ ചരിത്രത്തിലെ വേറിട്ട വ്യക്തിത്വമായിരുന്ന അദ്ദേഹം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കൊത്തിവെച്ച രേഖകളില്‍ അദ്ദേഹം സ്വയം പറയുന്നത് “പ്രിയാദാസി അശോക” എന്നാണ്.ഏവര്‍ക്കും സന്തോഷം നല്‍കുന്നവന്‍ എന്നാണ് അതിന്‍റെ അര്‍ത്ഥം.തന്‍റെ പ്രജകളെ അദ്ദേഹം മക്കളെ എന്നാണ് അഭിസംബോധന ചെയ്തത്. അദ്ദേഹം തന്‍റെ തന്നെ അധ്യാപകനും തന്‍റെ ആഗ്രഹത്തെ കുറിച്ച് ബോധാവാനും ആയിരുന്നു. തന്‍റെ ജീവിതം ജനങ്ങളുടെ ക്ഷേമത്തിനും നന്മക്കുമായി നീക്കിവെച്ചു.
.
മരണ രഹിതമായി നിലനില്‍ക്കുന്ന
അശോക സാമ്രാജ്യവും ഓര്‍മ്മകളും
-----------------------------------------.
രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് അശോക ചക്രവര്‍ത്തി ലോകത്തുനിന്ന് വിട്ടുപോയെങ്കിലും അദ്ദേഹത്തില്‍ നിലനിന്നിരുന്ന കരുണയും, സത്യസന്ധതയും , ധാര്‍മിക മൂല്യങ്ങളും, അഹിംസ സിദ്ധാന്തവും, സഹ ജീവികളോടും പ്രകൃതിയോടുമുള്ള സ്നേഹവും ഇന്നും ലോകത്ത് മഹത്തായ ഓര്‍മ്മയായി നില നില്‍ക്കുന്നു.അദ്ദേഹത്തിന്‍റെ സാമ്രാജ്യം മരണരഹിതമായി ഇന്നും മനുഷ്യമനസുകളില്‍ നിലനില്‍ക്കുന്നു.

എച്.ജി.വെല്‍സിന്‍റെ അഭിപ്രായം;
“ഏറ്റവും തിളക്കമുള്ള നക്ഷത്രമായി ഇന്നും
അശോക ചക്രവര്‍ത്തി നിലകൊള്ളുന്നു”.
-------------------------------------------------
അതുകൊണ്ടാണ് ഇംഗ്ലീഷ് ചരിത്രകാരനായ എച് .ജി.വെല്‍സ് ഇങ്ങിനെ ആഭിപ്രായപെട്ടത്‌.

“ലോക ചരിത്രത്തില്‍ ആയിരക്കണക്കിന് രാജാക്കന്മാരും അവരുടെ സാമ്രാജ്യവും ഉണ്ടായിട്ടുണ്ട്. അവരെല്ലാം “സ്വയം ഉയര്‍ത്തപെട്ടവര്‍” , “സ്വയം വാഴ്ത്തപെട്ടവര്‍”, “സ്വയം അഭിമാനിക്കുന്നവര്‍” എന്നെല്ലാം പറയഞ്ഞ് അധികാരത്തില്‍ കയറുകയും പിന്നീട് ചരിത്രത്തില്‍ നിന്ന് അപ്രത്യക്ഷമാകുകയും ചെയ്തിട്ടുണ്ട്.എന്നാല്‍ അശോക ചക്രവര്‍ത്തി തിളങ്ങി തിളങ്ങി ഏറ്റവും തിളക്കമുള്ള നക്ഷത്രമായി ഇന്നും നിലകൊള്ളുന്നു”.
ഇത് അദ്ദേഹത്തിന്‍റെ ജീവിതത്തിന് നല്‍കുന്ന ഏറ്റവും മഹത്തായ അന്ഗീകാരമുള്ള സമ്മാനമാണ്.

അശോക ചക്രവര്‍ത്തിക്കുശേഷം മൌര്യസാമ്രാജ്യത്തിനും
ബുദ്ധമതത്തിനും എന്ത് സംഭവിച്ചു?
================================ =========

പിന്നീട് 57 വര്‍ഷക്കാലം മൌര്യസാമ്രാജ്യം
ചിന്നഭിന്നമായി നിലനിന്നു
---------------------------------------------------
അശോക ചക്രവര്‍ത്തി രാജഭരണം ഉപേക്ഷിച്ചതിനു ശേഷം അന്‍പത്തിഏഴ് വര്‍ഷക്കാലം വീണ്ടും മൌര്യസാമ്രാജ്യം നിലനിന്നു. അശോക ചക്രവര്‍ത്തിയുടെ മകന്‍ കുനലയുടെ മകനായിരുന്ന ദസരതനായിരുന്നു പിന്നീട് രാജ്യം ഭരിച്ചതെന്നും അതല്ല കിരീടാവകാശത്തെചൊല്ലി തര്‍ക്കം ഉണ്ടായതിനാല്‍ രാജ്യത്തെ രണ്ടായി തിരിച്ച് പാടലിപുത്രം ദസരതനും, ഉജ്ജയിനി സംബ്പ്രതിയും ഭരിച്ചു എന്നും ചരിത്രത്തില്‍ പറയുന്നുണ്ട്.അശോക ചക്രവര്‍ത്തി നടപ്പിലാക്കിയ സാമൂഹികവും മതപരവുമായ കാഴ്ചപാടുകള്‍ ദസരതന്‍ തുടര്‍ന്നുവന്നു.പിന്നീട് ശാലിസുഖ,ദേവരാമന്‍,സദതനവന്‍ , ബ്രഹിതത എന്നിവരും രാജ്യം ഭരിച്ചു.ഇതിനിടയില്‍ സാമ്രാജ്യത്തിന്‍റെ കെട്ടുറപ്പ് ചിന്നഭിന്നമായി.വിദേശ ശക്തികളില്‍ നിന്നും ആക്രമണം നേരിടാന്‍ തുടങ്ങി.

ഒടുവിലത്തെ മൌര്യരാജാവ് ബ്രഹിതിതന്‍
സ്വന്തം സേനാധിപനാല്‍ കൊലചെയ്യപെടുന്നു
--------------------------------------------------------
ബ്രഹിതിതനായിരുന്നു ഒടുവിലത്തെ മൌര്യരാജാവ്.ഇദ്ദേഹം ഏഴു വര്‍ഷമായിരുന്നു രാജ്യം ഭരിച്ചത്.ഇദ്ദേഹത്തിന്‍റെ സേനാനിയായിരുന്നു ബ്രാഹ്മണനായ പുഷ്യമിത്രസുംഗന്‍. പട്ടാളത്തിന്‍റെ പരേഡ് പരിശോധിക്കുന്നതിനിടെ വളരെ മൃഗീയമായി ബ്രഹിതിതനെ കൊലപെടുത്തികൊണ്ട് പുഷ്യമിത്രസുംഗന്‍ ബി.സി 180 ല്‍ മൌര്യ കാലഘട്ടത്തിന്‍റെ അന്ത്യം കുറിച്ച് സുംഗസാമ്രാജ്യം സ്ഥാപിക്കുകയും ചെയ്തതായി ചരിത്രം പറയുന്നു.

ബൌദ്ധ സംസ്കാരത്തെ തകര്‍ക്കുന്നു
--------------------------------------------
സുംഗ കാലഘട്ടത്തില്‍ അശോക ചക്രവര്‍ത്തി സ്ഥാപിച്ച ബുദ്ധ വിഹാരങ്ങളും സ്തുപങ്ങളും തകര്‍ക്കപെടുകയും, ബുദ്ധ സന്യാസിമാര്‍ കൂട്ടത്തോടെ കൊല ചെയ്യപെടുകയും ചെയ്തതായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ബൗദ്ധ ഭിക്ഷുക്കളും ചരിത്രകാരന്മാരും രചിച്ച ചരിത്രഗ്രന്ഥങ്ങളില്‍ രേഖപെടുത്തിയിരിക്കുന്നു.

ഗുപ്ത,പലാ സാമ്രാജ്യത്തിന്‍റെ വരവോടെ
ബുദ്ധധമ്മം വീണ്ടും സംരക്ഷിക്കപെടുന്നു.
------------------------------------------------

പിന്നീട് ഗുപ്ത കാലഘട്ടത്തിലാണ് ബുദ്ധ സംസകാരത്തിന് സംരക്ഷണം ലഭിക്കുന്നത്. ഈ കാലഘട്ടത്തിലാണ് തകര്‍ക്കപെട്ട ബുദ്ധ വിഹാരങ്ങളെ സംരക്ഷിക്കുകയും,പുനസ്ഥാപിക്കുകയും ലോകത്തെ ഏറ്റവും വലിയ സര്‍വ്വകലാശാല നാളന്ദയില്‍ സ്ഥാപിക്കപെടുകയും ചെയ്യപെടുന്നത്.പിന്നീട് വന്ന ഹര്‍ഷ, പാല സാമ്രാജ്യവും ഇതേ നിലപാട് സ്വീകരിച്ചു. എ.ഡി പന്ത്രണ്ടാം നൂറ്റാണ്ടുവരെ അവ തുടര്‍ന്നു.

നളന്ദ തീയിട്ടു നശിപ്പിക്കപെടുന്നു
--------------------------------------
സുംഗ കാലഘട്ടത്തില്‍ നേരിട്ട അതേ ആക്രമണരീതി
പിന്നീട് 1290-1320 കാലഘട്ടത്തില്‍ കില്‍ജി എന്ന അധിനിവേശ സംസ്കാരം ഇന്ത്യയില്‍ എത്തിയതോടെ ബുദ്ധ സംകാരത്തിന് വീണ്ടും നേരിടേണ്ടി വന്നു.
ഈ കാലഘട്ടത്തിലാണ് നളന്ദയെന്ന മഹത്തായ സര്‍വ്വകലാശാല തീയിട്ടു നശിപ്പിക്കപെടുന്നതെന്നും ചരിത്രം പറയുന്നു.

===============
ഹരിദാസ് ബോധ്