Thursday, July 21, 2016

ബുദ്ധധമ്മം മനുഷ്യരോട് ആവശ്യപ്പെടുന്നതെന്ത്?

ചൈനയിലെ ഒരു തത്വചിന്തകന്‍ ബുദ്ധ ഭിക്ഷുവിനോട് ചോദിച്ചു:
എന്താണ് ബുദ്ധമതത്തിന്‍റെ അടിസ്ഥാന തത്ത്വം എന്ന്
ഭിക്ഷു മറുപടി നല്‍കി:
“നന്മ ചെയ്യുക ,തിന്മ ചെയ്യാതിരിക്കുക.
മനസ്സിനെ ശുചിയാക്കി വെക്കുക.
ഇതാണ് എല്ലാ ബുദ്ധന്മാരും പഠിപ്പിച്ചിട്ടുള്ളത്‌”.

സ്വാഭാവികമായി തത്വചിന്തകന്‍ വളരെ ആഴത്തിലുള്ള തത്വാധിഷ്ടിതമായ ഒരു ഉത്തരം പ്രതീക്ഷിച്ചതാണ്.അത് ലഭിക്കാതെ വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: “മൂന്നുവയസായ ഒരു കൊച്ചുകുട്ടിക്കുപോലും ഇത് മനസ്സിലാകുന്നതാണല്ലോ” എന്ന്.

എന്നാല്‍ ബുദ്ധ ഭിക്ഷുവിന്‍റെ മറുപടി ഇങ്ങനെയായിരുന്നു:

“മൂന്നുവയസ്സായ കൊച്ചുകുട്ടിക്കുപോലും മനസ്സിലാകുമെങ്കിലും എണ്‍പത് വയസ്സായ ആള്‍ക്കുപോലും ഇത് പരിശീലിക്കാന്‍ ബുദ്ധിമുട്ടാണ്”.

ലളിതമായ ഉപദേശങ്ങള്‍ ബുദ്ധ ധമ്മത്തിന്‍റെ കാതല്‍
-----------------------------------------------------------------------------------

ഭഗവാന്‍ ബുദ്ധന്‍ പലപ്പോഴും തന്‍റെ അടുത്ത അനുയായിയായിരുന്ന ആനന്ദനോട് ജീവിതത്തില്‍ പരിശീലിക്കേണ്ടുന്ന ഇത്തരത്തിലുള്ള വളരെ ലളിതമായ  ഉപദേശങ്ങള്‍ നല്‍കിയിരുന്നു.
ഇത്തരം ലളിതമായ ഉപദേശങ്ങളാണ് ബുദ്ധ ധമ്മത്തിന്‍റെ കാതല്‍.
ബുദ്ധ ധമ്മം ഇത്തരത്തിലുള്ള ലളിതമായ ജീവിതക്രമമാണ് മുന്നോട്ടു വെച്ചിട്ടുള്ളത്‌.എന്നാല്‍ ദുഷിച്ച സമൂഹത്തില്‍ ജീവിക്കുന്നവര്‍ക്ക് ജീവിതത്തില്‍ ഇത്തരം ലളിതമായ കാര്യങ്ങള്‍ പോലും പരിശീലിക്കാന്‍ ബുദ്ധിമുട്ടാണ്താനും.

ബുദ്ധ ധമ്മത്തിന്‍റെ അടിസ്ഥാന തത്ത്വം പഞ്ചശീലം
---------------------------------------------------------------------------------
ബുദ്ധ ധമ്മത്തിന്‍റെ അധിസ്ഥാന തത്ത്വം എന്തെന്ന് മനസിലാക്കാം.
ഒന്ന്: അറിഞ്ഞുകൊണ്ട് ഒരു ജീവിയുടെയും ജീവന്‍ എടുക്കരുത്.
രണ്ട്:ലഭിക്കാത്തതൊന്നും എടുക്കരുത്(മോഷ്ടിക്കരുത്)
മൂന്ന്‍:ലൈംഗിക ദുര്‍വാസനകളും ബന്ധങ്ങളും അരുത്.
നാല്:മറ്റുള്ളവരെ വിഷമിപ്പിക്കുന്നതും ,നുണപറയുന്നതും അരുത്.
അഞ്ച്:സ്വന്തം മനസ്സിന്‍റെ ശ്രദ്ധ –ബോധം ഇല്ലാതാക്കുന്ന ലഹരി ഉപയോഗിക്കരുത്.
ഇതാണ് ബുദ്ധ ധമ്മത്തിന്‍റെ പ്രധാനപെട്ട അഞ്ച് തത്വങ്ങള്‍.

ശീലങ്ങള്‍ മറ്റുള്ളവരെ ബോധ്യപെടുത്താനല്ല.
സ്വന്തം ജീവിതത്തില്‍ പകര്‍ത്താനാണ്‌ ഉപദേശിച്ചത്
--------------------------------------------------------------------------------
ഇത് മറ്റുള്ളവരെ ബോദ്ധ്യപെടുത്താനും കാണിക്കാനുമല്ല.മറിച്ച് കൃത്യമായി മനസ്സിലാക്കി സ്വന്തം ജീവിതത്തില്‍ പകര്‍ത്തി ജീവിക്കാനുമാണ് ബുദ്ധന്‍ നമ്മെ ഉപദേശിച്ചത്.
അധ്യാത്മിക ജീവിതത്തിന്‍റെ പ്രധാനമെന്നത് കടിച്ചാല്‍ പൊട്ടാത്ത തത്വ ശാസ്ത്രമാകരുതെന്ന് ഭഗവാന്‍ ബുദ്ധന് നിര്‍ബന്ധമുണ്ടായിരുന്നു. അത് പ്രായോഗിക ജീവിതത്തില്‍ പകര്‍ത്താന്‍പറ്റുന്ന ലളിതഉപദേശമായിരിക്കണം.

ബുദ്ധ ധമ്മ വിശ്വാസികള്‍ക്ക്
കൃത്യമായ ജീവിത ലക്ഷ്യമുണ്ട്.
--------------------------------------------------
ബുദ്ധ ധമ്മത്തില്‍ വിശ്വസിക്കുന്നവരുടെ അടിസ്ഥാന ലക്‌ഷ്യം എന്നത് അയാളെ വരിഞ്ഞു മുറുക്കിയിട്ടുള്ള എല്ലാവിധ കെട്ടുപാടുകളില്‍ നിന്നും മോചനം നേടുകയും, ജനിച്ച് വീണ്ടും ജനിച്ച് കറങ്ങികൊണ്ടിരിക്കുന്ന സംസാര ചക്രത്തില്‍ നിന്നുള്ള മോചനവുമാണ്-അതിലൂടെ എല്ലാവിധ ദുഖത്തില്‍ നിന്നുള്ള മോചനമാണ്.

ദു:ഖം അറിവില്ലായ്മയില്‍ നിന്നും തുടങ്ങുന്നു
--------------------------------------------------------------------------
ഒരാളുടെ അറിവില്ലായ്മയില്‍ നിന്നും തുടങ്ങുന്നു അയാളുടെ അവസാനിക്കാതെയുള്ള ജനനപ്രക്രിയ.സ്ഥിരമായി നിലനില്‍ക്കുന്നതാണ് എല്ലാമെന്ന് സങ്കല്‍പ്പിക്കുകയും “ഞാന്‍” എന്ന ബോധവുമാണ് അയാളെ ഈ ചക്രത്തില്‍ കുരുക്കുന്നത്.
“ഞാന്‍” എന്ന ചിന്തയെ അയാള്‍ യാഥാര്‍ത്യമായി സങ്കല്‍പ്പിക്കുമ്പോള്‍ അയാളുടെ അത്യാഗ്രഹം വികസിക്കാന്‍ തുടങ്ങുന്നു.അങ്ങിനെ അവന്‍ ഒരിക്കലും ത്രിപ്തിപെടുത്താന്‍ കഴിയാത്ത ദു:ഖം നിറഞ്ഞ അവന്‍റെ അത്യാഗ്രഹ ചിന്തയുടെ പിറകെ പായാന്‍ തുടങ്ങുന്നു.

ചിരങ്ങില്‍ ചൊറിയുമ്പോള്‍ കിട്ടുന്നത്
താല്കാലിക ശമനം
-------------------------------------------------------------
ശരീരത്തിലെ ചിരങ്ങില്‍ ചൊറിയുമ്പോള്‍ താല്‍ക്കാലികമായി ഒരു ശമനം കിട്ടുന്നതുപോലെയാണ് ദുഃഖം നിറഞ്ഞ ജീവിതത്തെ കുറിച്ചുമുള്ള മനുഷ്യന്‍റെ കാഴ്ചപാട്.എന്നാല്‍ ചൊറിഞ്ഞ് ചൊറിഞ്ഞ് ചിരങ്ങ് ശരീരമാസകലം വ്യാപിക്കുന്നു. കാരണം രോഗം അത്രയധികം വഷളായിരിക്കുന്നു എന്നാണ് അത് നമ്മോടു സൂചിപ്പിക്കുന്നത്.

ലക്‌ഷ്യം-സംസാര ചക്രമെന്ന
ആത്യന്തിക ദു:ഖത്തില്‍ നിന്നുള്ള മോചനം.
--------------------------------------------------------------------
ഈ ജന്മത്തില്‍ ഭൗതിക സുഖങ്ങളുടെ പിന്നാലെ പാഞ്ഞപ്പോള്‍ എന്തൊക്കെയോ ഇന്ദ്രിയ സുഖം ലഭിച്ചു.അതാണ്‌ യതാര്‍ത്ഥ സന്തോഷം എന്ന് കരുതി വീണ്ടും അത്യാഗ്രഹത്തിന്‍റെ –ഇന്ദ്രിയ സുഖങ്ങളുടെ പിന്നാലെ.അങ്ങിനെ ചക്രമാകുന്ന കുരുക്കില്‍ നിന്നും രക്ഷപെടാതെ വീണ്ടും കുരുക്കിലേക്ക് .
ഈ സംസാരചക്രമെന്ന ആത്യന്തിക ദുഖത്തില്‍ നിന്നുള്ള സമ്പൂര്‍ണ്ണ മോചനമാണ് മനസിന്‍റെ ശുചീകരണത്തിലൂടെ ബുദ്ധ ധമ്മം ലക്ഷ്യമാക്കുന്നത്.

===============
ശേഖരണം
ഹരിദാസ്‌ ബോധ്

No comments: