Tuesday, June 14, 2016

വിപസ്യന ധ്യാനം- പ്രായോഗിക ബുദ്ധിസം





മഹാനായ ഭഗവാന്‍ ബുദ്ധന്‍ കണ്ടെത്തിയ ധമ്മം കേവലം ഉപദേശത്തിലൂടെ ജനങ്ങളോട് പറഞ്ഞു പോകുന്നവയായിരുന്നില്ല.

വരൂ- അനുഭവിച്ച് അറിയു, വിശ്വസിക്കു.ഞാന്‍ പറഞത് നിങ്ങള്‍ക്ക്  അനുഭവിച്ചറിയാന്‍ സാധിക്കുന്നില്ലെങ്കില്‍ അത് ഉപേക്ഷിക്കു എന്നാണ് ഭഗവാന്‍ ബുദ്ധന്‍ പറഞ്ഞത്.

അതായത് ബുദ്ധന്‍റെ ധമ്മം എന്നത് അദ്ദേഹത്തിന്‍റെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ രൂപപെടുതിയതാണ്. അല്ലാതെ ഏതെങ്കിലും മാലാഖയോ, ദൈവമോ, ഒന്നും അദ്ദേഹത്തിന് അരുളി ചെയ്ത് നല്‍കിയതല്ല എന്നര്‍ത്ഥം.

ബുദ്ധമതത്തിന്റെ കാതല്‍ എന്ന് പറയുന്നത് താഴെ കൊടുക്കുന്നവയാണ്.

ദുഖം
======
ജീവിതം ദുഖമാണ്-അതിന് കാരണമുണ്ട്-കാരണത്തെ ഇല്ലായ്മ ചെയ്യാന്‍ കഴിയും –അതിന് മാര്‍ഗ്ഗമുണ്ട്

അനിത്യം
=======
എല്ലാം അനിത്യമാണ്.
കൂടിചേരുന്നതെല്ലാം നശിക്കും.ഇത് പ്രകൃതിയിലെ എല്ലാറ്റിനും ബാധകമാണ്.

അനാത്മ
========
ആത്മാവെന്നൊന്നു ഇല്ല തന്നെ.


ഇവയെല്ലാം ജനങ്ങളെ ബോദ്ധ്യപെടുത്താന്‍ ശീലം- സമാധി-പ്രജ്ഞ-മൈത്രി എന്ന പ്രായോഗികമായ ധ്യാന പരിശീലന പദ്ധതിക്ക് ഭഗവാന്‍ ബുദ്ധന്‍ രൂപം നല്‍കി.
രാജ്യം ഉപേക്ഷിച്ച്, ദുഖത്തിന്റെ കാരണം അന്വേഷിച്ച് ആറുവര്‍ഷക്കാലം അലഞ്ഞ് തിരിഞ്ഞ്,ധ്യാനിച്ച്, അതിലൂടെ സ്വായത്തമാക്കിയ അനുഭവ സമ്പത്താണ്‌ ഈ പ്രായോഗിക പരിശീലന പദ്ധതി രൂപപെടുത്താന്‍ ഭഗവാന്‍ ബുദ്ധനെ പ്രാപ്തനാക്കിയത്.ഇതാണ് ഗൌതമനെ സമ്മാസംബുദ്ധനാക്കിയത്.
ബോധോദയം നേടിയവന്‍ എന്ന പേരിനര്‍ഹനാക്കിയത്.

അതാണ്‌ ഭഗവാന്‍ ബുദ്ധന്‍ കണ്ടെത്തിയ വിപസ്യന ധ്യാനം.
----------------------------------------------------------------------------------------------

ഈ ധ്യാന പ്രക്രിയയാണ് ബുദ്ധമതത്തെ ഏറ്റവും യുക്തിസഹവും ശാസ്ത്രീയവുമായ ദര്‍ശനമാക്കി കാലാകാലങ്ങളായി നിലനിര്‍ത്തിവരുന്നത്‌.

ദുഖത്തെ ഇല്ലായ്മ ചെയ്യാന്‍ തൊലിപുറത്തുള്ള ചികിത്സയല്ല വിപസന ധ്യാനത്തിലൂടെ ഭഗവാന്‍ ബുദ്ധന്‍ മുന്നോട്ടുവെച്ചത്.
അത് അങ്ങ് മനസ്സിന്‍റെ ആഴതട്ടില്‍ കടന്നു ചെന്ന് ശാസ്ത്രക്രിയ നടത്തി മനസിനെ ശുചീകരിക്കുന്നു.

വിപസന ധ്യാനം പരിശീലിക്കാന്‍ എത്തുന്നവരെ ഭഗവാന്‍ ബുദ്ധന്‍ പഞ്ചശീലത്തിലൂടെ കൂട്ടികൊണ്ടുപോയി.

അടുത്തത്‌ മനസ്സിനെ സമാധിയില്‍ എത്തിക്കാനാണ് ശ്രമം. അതായത് മനസ്സിനെ ശ്രദ്ധയിലൂന്നിക്കുന്ന പരിശീലനം അതിനാണ് ഭഗവാന്‍ ബുദ്ധന്‍  ആനാ അപാന സതി ധ്യാനം പരിശീലിപ്പിച്ചത്.

മൂന്നാമതായി മനസ്സിലെ പ്രജ്ഞ ഉണര്‍ത്തലാണ്. അതാണ്‌ വിപസ്യന.

പജ്ഞ ഉണര്‍ന്നു ഉണര്‍ന്ന് മനസ്സ് നിര്‍മ്മലമാകുമ്പോള്‍ ആ മനസ്സിലേക്ക് മൈത്രീ ഭാവനയിലൂടെ കരുണ വികസിപ്പിക്കുന്നു.
എല്ലാം കൊണ്ടും മുക്തിയിലേക്ക് അതിലൂടെ നിര്‍വ്വാണത്തിലേക്ക് നയിക്കുന്ന ഒരു തികഞ്ഞ പ്രായോഗിക പരിശീലന പരിപാടിയാണ് ബുദ്ധ ധമ്മം അഥവാ ബുദ്ധമതം.


================
ഹരിദാസ് ബോധ്
.


No comments: