സഹോദരനയ്യപ്പൻ
പാലക്കാട് ജില്ലയിലെമ്പാടും നടന്ന്
ബുദ്ധധമ്മം പ്രചരിപ്പിച്ചു.
.......................................
കേരളത്തിൽ 1919 മുതൽ
സഹോദരനയ്യപ്പൻ, മിതവാതി സി. കൃഷ്ണൻ, തൃശൂരിലെ അയ്യാകുട്ടി ജഡ്ജി, കേരളകൗമുദി പത്രാധിപർ സി.വി കുഞ്ഞിരാമൻ തുടങ്ങിയവർ നാടുനീളെ ബുദ്ധമത പ്രചരണവുമായി പ്രവർത്തിച്ചു.
സഹോദരനയ്യപ്പന്റെ ജീവചരിത്രം എഴുതിയ പല മാന്യന്മാരും ബുദ്ധമതവുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെ മന:പൂർവ്വം ഒഴിവാക്കിയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
അതിനാൽ അദ്ദേഹത്തെക്കുറിച്ച് പഠിക്കുന്നവർക്ക് വികലമായ ധാരണയാണ് ലഭിക്കുക.
സഹോദരനയ്യപ്പൻ കേരളത്തിലെമ്പാടും ബുദ്ധധമ്മ പ്രചരണത്തിൽ ഏർപ്പെട്ടതു പോലെ തന്നെ 1920 കാലം മുതൽ പാലക്കാട് ജില്ലയിൽ
ഒരുപാട് ബുദ്ധിമുട്ടി ധമ്മം പ്രചരിപ്പിച്ച മഹാനാണ്.
അതിന്റെ തെളിവുകൾ പുസ്തകത്തിലൂടെ കഴിഞ്ഞ മാസം പുറത്തു വന്നു.
ഈഴവർ ബുദ്ധമതം സ്വീകരിക്കുന്നത് മതം മാറ്റമെന്ന പേരിലല്ല മറിച്ച് അവരുടെ പൂർവ്വ മതത്തെ പിന്തുടരുകയാണ് എന്ന മനോഭാവത്തോടെയാണ് ബുദ്ധധമ്മത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരുന്നത്.
സഹോദരനയ്യപ്പൻ, മിതവാദി സി. കൃഷണർ തുടങ്ങിയവരുടെ നേതൃത്ത്വത്തിൽ ബുദ്ധ ധമ്മ പ്രചരണം ശക്തമായതോടെ അവർണ്ണർ അവരുടെ യഥാർത്ഥ മതം തിരിച്ചറിഞ്ഞെന്ന് മനസ്സിലാക്കിയ വിവരം സിലോണിൽ അറിഞ്ഞ് അവിടെ നിന്നും ബുദ്ധഭിക്ഷുക്കൾ പല തവണയായി കേരളത്തിൽ വന്ന് ബുദ്ധമത പ്രചരണം നടത്തിവന്നതായി ചരിത്രം പറയുന്നു.
കേരളത്തിൽ 1918 മുതൽ 1935 വരെയായി ആറു ഭിക്ഷു സംഘങ്ങൾ വന്നിരുന്നു. ആദ്യമായി വന്നത് ഭിക്ഷു ധർമ്മപാലതേരോ ആയിരുന്നു.രണ്ടാമതായി ജന വംശ ഭിക്ഷുവും, പ്രജ്ഞാ ജ്യോതി ഭിക്ഷുവും മുന്നാമതായി ശിലാനന്ദ ഭിക്ഷുവും, നാലാമതായി ആനന്ദ മൈത്രേയ ഭിക്ഷുവും, പിന്നീട് 1926 ൽ നാലു ഭിക്ഷുക്കൾ സംഘമായി ഇവിടെയെത്തി.
ചരണ തിസ്സതേരോ, ബുദ്ധ ദത്ത തേരോ, ധർമ്മധീരഭിക്ഷു, ധർമ്മരത്ന തേരോ എന്നിവരാണവർ.ഇതിൽ ധർമ്മരത്ന തേരോ ബുദ്ധ ധർമ്മ ദീപകയുടെ രണ്ടാം ഭാഗം രചിച്ച വ്യക്തിയാണ്. 1926 ൽ ഈ ഗ്രൻഥം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.
ഇതിൽ ധർമ്മധീര ഭിക്ഷു എറണാകുളത്തു നിന്നുള്ള ഈഴവ കുടുംബത്തിലെ അംഗമാണ്. സിലോണിൽ പോയി ഭിക്ഷു സ്ഥാനം സ്വീകരിച്ച ആളുകൂടിയായിരുന്നു.
1935ൽ സിലോണിൽ നിന്നും ഒരു സംഘം ഭിക്ഷുക്കൾ കേരളത്തിലെത്തി.ഇതിൽ ധർമ്മസ് കന്ധഭിക്ഷു തിയ്യ കുടുമ്പത്തിലെ അംഗമായിരുന്നു.
സഹോദരനയ്യപ്പന്റെ പ്രവർത്തന ഫലമായി 1923 ൽ പാലക്കാട് വിവിധ ഭാഗങ്ങളിലായി ബുദ്ധമത മിഷൻ പ്രവർത്തിച്ചു തുടങ്ങി.
ഒരു പാട് ബുദ്ധിമുട്ടുകൾ സഹിച്ച് സഹോദരനയ്യപ്പൻ
പാലക്കാട്ടുള്ള കണ്ണനൂർ, തച്ചങ്ങാട്, തേങ്കുറ്റശ്ശി,കൊല്ലങ്കോട്, കല്ലപ്പുള്ളി തുടങ്ങിയ ദേശങ്ങൾ തോറും നടന്ന് ബുദ്ധ ധമ്മത്തെക്കുറിച്ച് പ്രസംഗിച്ച് പ്രചാരണം നടത്തി വന്നതായി രേഖകൾ പറയുന്നു. അദ്ദേഹത്തിന്റെ പ്രവർത്തന ഫലമായി
ഒരു പാട് ബുദ്ധിസ്റ്റ് സംഘങ്ങൾ രൂപീകരിക്കപ്പെട്ടു.
പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കപ്പെട്ട ചെറിയ ചെറിയ ബുദ്ധ സംഘങ്ങളെ ഒന്നായി സംഘടിപ്പിച്ച് പാലക്കാട് ബുദ്ധമതമിഷൻ എന്ന പേരിൽ ജനവംശ ഭിക്ഷു വിന്റെ നേതൃത്ത്വത്തിൽ ഒരു പ്രധാന സംഘം സ്ഥാപിക്കപ്പെട്ടു.ഈ സംഘത്തിന്റെ ധർമ്മകർത്താവും സെക്രട്ടറിയുമായി ജന വംശ ഭിക്ഷുവിനെയും നിശ്ചയിച്ചു.
ഈ സംഘത്തിന്റെ നടത്തിപ്പിനായി പാലക്കാട്ട് ബുദ്ധമത ഫണ്ട് എന്ന പേരിൽ ഫണ്ട് ആരംഭിക്കുകയും പാലക്കാട്ടുള്ള കാലിക്കറ്റ് ബാങ്കിൽ കറണ്ട് ഡിപ്പോസിറ്റ് അക്കൗണ്ട് ആരംഭിക്കുകയും ചെയ്തതായി ബുദ്ധമത വിശ്വാസി എഴുതിയ 'പാലക്കാടിന്റെ സാമൂഹിക ചരിത്രം എന്ന പുസ്തക 'ത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.
കൂടാതെ പാലക്കാട് ഉൾപ്പെടുന്ന മലബാറിലെ അവർണ്ണ സമൂഹം ജാതിയുടെ പേരിൽ നേരിട്ട കൊടിയ പീഢനങ്ങളുടെ പച്ചയായ വിവരണങ്ങളും പുസ്തകത്തിൽ പ്രതിപാദിക്കുന്നു.
ബുദ്ധമത വിശ്വാസിയായിരുന്ന ഇ.കെ ചാമി 1936ൽ കയ്യെഴുത്ത് പ്രതിയായി എഴുതി പെട്ടകത്തിൽ സൂക്ഷിച്ച ഈ രേഖ അദ്ദേഹത്തിന്റെ പുതിയ തലമുറയാണ് പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പുസ്തകം വേണ്ടവർ: 9744962858 ഈ നമ്പറിൽ ബന്ധപ്പെടുക.