Thursday, November 29, 2018

എല്ലാവരേയും എവിടെയും സ്നേഹിക്കന്‍ ബുദ്ധന്‍ ആഹ്വാനം ചെയ്തു.



എല്ലാവരേയും എവിടെയും സ്നേഹിക്കന്‍
ബുദ്ധന്‍ ആഹ്വാനം ചെയ്തു.
===========================
“നമുക്ക് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കണമെങ്കില്‍ നാം മറ്റുള്ളവരെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാന്‍ അനുവദിക്കുക കൂടി വേണ”മെന്ന് ഭഗവാന്‍ ബുദ്ധന്‍ ഉപദേശിച്ചു.
ഇതിനായി മൈത്രി, കരുണ, മുദിത, ഉപേക്ഷ എന്നെ നാലു ഭാവനകള്‍ മനസ്സില്‍ വികസിപ്പിക്കാനും ഭഗവാന്‍ ബുദ്ധന്‍ പറഞ്ഞു.

“ഒരു മാതാവ് തന്‍റെ ഒരേയൊരു കുഞ്ഞിന്‍റെ പ്രാണനെ കരുതി രാത്രിമുഴുവന്‍ ഉറക്കമിഴിച്ച് ശുശ്രൂഷിക്കുന്നതുപോലെ നാം എല്ലാവരും എല്ലാ പ്രാണികളുടെയും സുഖത്തെയും മനസ്സില്‍ വിചാരിച്ചുകൊണ്ട്‌ നിസീമമായ കരുണയും സ്നേഹവും വെച്ചു പുലര്‍ത്തണം.”-ബുദ്ധന്‍
(സു.നികായ-149)
ഭഗവാന്‍ ബുദ്ധന്‍ പറഞ്ഞ ഈ ഉപദേശത്തെ മൈത്രി, കരുണ, മുദിത,ഉപേക്ഷ എന്നീ ഭാവനകളുമായി ബന്ധിപ്പിച്ച് ബുദ്ധഘോഷന്‍ ഒരു ഉദാഹരണം നല്‍കിയിട്ടുണ്ട്.

ബുദ്ധഘോഷന്‍ ഇങ്ങിനെ പറയുന്നു.
-----------------------------------------------------------
“ആ ഒരേയൊരു കുട്ടിയുടെ സുഗമമായ വളര്‍ച്ചയില്‍ ആ അമ്മക്കുള്ള മഹത്തായ താലപര്യമാണ് “ മെത്ത” അഥവാ മൈത്രി എന്ന് പറയുന്നത്.
ആ കുഞ്ഞിന്‍റെ രോഗം മാറി അതിന് സുഖം വീണ്ടെടുക്കണമെന്നുള്ള ആ അമ്മയുടെ ഉത്സാഹം “കരുണ”യില്‍ നിന്നാണ് ഉണ്ടാകുന്നത്.
രോഗം മാറി കഴിഞ്ഞപ്പോള്‍ ആ കുഞ്ഞിന് ശാരീരികമായോ മാനസികമായോ ഉള്ള കഴിവുകള്‍ക്ക് ഒന്നിനും ഒരു കുറവും വരാതെ ഇരുന്നതില്‍ ആ അമ്മയുടെ മനസ്സില്‍ ഉണ്ടായ അവസ്ഥയാണ് “മുദിത”
പിന്നീട് ആ കുട്ടി വളര്‍ന്ന് വലുതായി ആ കുട്ടിക്ക് തന്നോടുണ്ടാകുന്ന മനോഭാവം അനുകൂലമോ പ്രതികൂലമോ ആകട്ടെ –അതില്‍ ആ അമ്മക്ക് ഒട്ടും ഉത്കണ്ടയുമില്ലാത്ത ആ മാനസികാവസ്ഥയാണ് “ഉപേക്ഷ”. എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്.
ലോകത്തുള്ള എല്ലാ മനുഷ്യജീവജാലങ്ങളോടും ഈ മനോഭാവം വെച്ചു പുലര്‍ത്തി ജീവിക്കാനാണ് ബുദ്ധമതം നമ്മെ ഉപദേശിക്കുന്നത്.
ഇതില്‍ നിന്നും ബുദ്ധമതം/ധമ്മം വെറും സ്വാര്‍ത്ഥതകൊണ്ടും , നിര്‍വ്വാണപ്രാപ്തിക്കുവേണ്ടിയും മാത്രമായി സ്വീകരിച്ച അഭിപ്രായങ്ങളല്ലെന്നും,
വ്യക്തിയുടെയും സമൂഹത്തിന്‍റെയും വളര്‍ച്ചയില്‍ ഏറ്റവും അധികം സ്പര്‍ശിക്കുന്ന ഒരു മഹത്തായ തത്വസംഹിതയാണെന്നും നമുക്ക് കാണാന്‍ കഴിയുന്നു.
=================
ധമ്മ സ്കൂള്‍
കേരള മഹാബോധി മിഷന്‍

ചരിത്ര നിയോഗം പോലെ ഭഗവാൻ ബുദ്ധൻ ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു.





ചരിത്ര നിയോഗം പോലെ
ഭഗവാൻ ബുദ്ധൻ ഇന്ത്യയിലേക്ക് തിരിച്ചുവരുന്
..........................................
ഭഗവാൻ ബുദ്ധനുലഭിച്ച
ദു:ഖ നിവാരണമെന്ന പരമസത്യം പ്രചരിപ്പിച്ചതിന്റെ പേരിൽ ബുദ്ധഭിക്ഷുക്കളെയും ബൗദ്ധസ്ക്കാരത്തെ തന്നെയും നശിപ്പിച്ചും നാടുകടത്തിയ ചരിത്രമാണ് യഥാർത്ഥ ഇന്ത്യാചരിത്രം പഠിക്കുന്ന ആർക്കും മനസ്സിലാവുക.
എന്നാൽ ആ നാട്ടിലേക്ക് മെല്ലെമെല്ലെ ആ മഹത്തായ സംസ്കാരം
ഭരണ കർത്താക്കളിലൂടെ തന്നെ തിരിച്ചെത്തുന്ന കാഴ്ച്ചകൾ നാം കാണുകയാണ്.
ഭഗവാൻ ബുദ്ധൻ കാൽനടയായി സഞ്ചരിക്കുകയും വിഹരിക്കുകയും ചെയ്ത ഇടം എന്നതിനാലാണ് ബീഹാർ എന്ന പ്രദേശം തന്നെ ഉണ്ടാകുന്നത്.
ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ഉയരമുള്ള
ബുദ്ധശില ബീഹാറിലെ രാജഗിറിൽ മുഖ്യമന്ത്രി നിതീഷ്കുമാർ ഇക്കഴിഞ ഞായറാഴ്ച്ച രാജ്യത്തിനായി സമർപ്പിച്ചു.
70 അടി ഉയരമുള്ള ശില 13 കോടി രൂപ ചിലവിട്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്.
രാജഗിറിലെ തടാകത്തിന്റെ നടുവിലാണ് ശില സ്ഥാപിച്ചിട്ടുള്ളത്.
മഹാബോധി ബുദ്ധവിഹാരത്തിലെ
മുഖ്യഭിക്ഷുചലിന്ദ ,യോഗത്തിൽ
അദ്ധ്യക്ഷത വഹിച്ചു.നിരവധി ബുദ്ധഭിക്ഷുക്കളെ കൂടാതെ ഡെപ്യുട്ടി ചീഫ് മിനിസ്റ്റർ സുശിൽകുമാർ മോഡി, മറ്റു സർക്കാർ ഉദ്യോഗസ്ഥരും പൊതുജനങ്ങളും യോഗത്തിൽ സംബന്ധിച്ചു.രാജഗിറിലെ വിശ്വശാന്തി സ്ഥൂപത്തിലെ ജാപ്പനീസ് ബുദ്ധഭിക്ഷു ഒകാങ്കിയുടെ നേതൃത്വത്തിലുള്ള ഭിക്ഷുക്കളുടെ പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
ബുദ്ധശില സ്ഥിതി ചെയ്യുന്ന തടാകവും പരിസര പ്രദേശങ്ങളും പരിസ്ഥിതി സൗഹൃദ പ്രദേശമായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കാൽനടയായോ, കുതിരവണ്ടിയിലോ, സൈക്കിൾ യാത്രയായോ മാത്രമെ ഇവിടേക്ക് എത്തിച്ചേരാൻ കഴിയു.
ഭഗവാൻ ബുദ്ധൻ കാൽനടയായി സഞ്ചരിച്ച പ്രദേശങ്ങളിൽ ചരിത്രത്തിൽ രേഖപ്പെടുത്തിയ രാജഗിറിലെ (പണ്ടത്തെ രാജഗൃഹം )ഇടങ്ങളെ അതേപോലെ തന്നെ ബീഹാർ പുരാവസ്തു വകുപ്പ് സംരക്ഷിച്ചു വന്നിരുന്നു. അവിടെയാണ് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയതിൽ രണ്ടാമത്തെ ബുദ്ധശില പണി കഴിച്ചിരിക്കുന്നത്.
മനുഷ്യരുടെ ദുഃഖകാരണമന്യേഷിച്ച് കൊട്ടാരവും കുടുംമ്പവും ഉപേക്ഷിച്ച സിദ്ധാർത്ഥ ഗൗതമൻ ആദ്യമായി എത്തിച്ചേർന്നത് രാജഗൃഹമെന്നപേരിൽ അറിയപ്പെട്ടിരുന്ന ഇന്നത്തെ രാജ്ഗിറിലായിരുന്നു.
അന്നിവിടം ഭരിച്ചിരുന്നത് ബിംബിസാര ചക്രവർത്തിയായിരുന്നു.കൊട്ടാരം വിട്ട് പരിവ്രാജകനായി മാറിയ സിദ്ധാർത്ഥൻ ആദ്യമായി ഭിക്ഷയാചിച്ച് നടന്നത് രാജഗൃഹത്തിലെ തെരുവുകളിലായിരുന്നു.കപില വസ്തുവിലെ രാജാവിന്റെ മകൻ തെരുവിൽ ഭിക്ഷ യാചിക്കുന്നത് മനസ്സിലാക്കിയ ബിംബിസാര ചക്രവർത്തി, സന്യാസജീവിതം ഉപേക്ഷിച്ച് രാജ്യത്തിലേക്ക് തിരികെ പോകാൻ സിദ്ധാർത്ഥനോട് ആവശ്യപ്പെടുന്നതും അതിന് സിദ്ധാർത്ഥൻ നൽകിയ മറുപടികളും വളരെ പ്രശസ്തമാണ്.
ആ കാലഘട്ടത്തിൽ ഈ പ്രദേശം മൃഗബലി നടത്തിക്കൊണ്ട് യാഗം നടത്തുന്നതിലൂടെ അറിയപ്പെട്ടിരുന്നു.
യാഗം നടത്തുന്നതിനായി ആടുകളെ കൊല്ലുന്നത് കണ്ട സിദ്ധാർത്ഥൻ അത് തടയുന്നതും, അതിനായി അദ്ദേഹം നടത്തിയ ഉപദേശവുമെല്ലാം രാജഗിറിൽ വെച്ചാണ്.
അഗ്നിയെ ആരാധിക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന സിദ്ധാർത്ഥന്റെ പ്രഭാഷണം നടക്കുന്നതും രാജഗിറിൽ വെച്ചാണ് .ഇത് കേട്ട ബിംബിസാരന്റെയും ജനങ്ങളുടെയും മനസ്സ് മാറുന്നതും ബുദ്ധധമ്മ ഗ്രൻഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇവിടങ്ങളിലെ മുളങ്കാടുകളിലും മറ്റുമായി വർഷങ്ങളോളം സിദ്ധാർത്ഥ ഗൗതമൻ ധ്യാനനിരതനായിരുന്നു. ആ കാലഘട്ടത്തിൽ ഇവിടം ഭരിച്ചിരുന്ന ബിംബിസാര ചക്രവർത്തി സിദ്ധാർത്ഥ ഗൗതമനുമായി നടന്ന ചർച്ചകൾ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഭഗവാൻ ബുദ്ധൻ ബോധോദയം നേടിയതിനു ശേഷം ഈ സ്ഥലത്തുവെച്ച് നിരവധി ധമ്മ പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്.
രാജഗിറിലെ മലയിടുക്കുകളിലൂടെ യാത്രചെയ്യവെ ദേവദത്തൻ എന്ന ബദ്ധശത്രു ഭഗവാൻ ബുദ്ധനെ പാറക്കല്ലുകൾ കൊണ്ട് അപായപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. ഈ രാജഗിറിൽ വെച്ചാണ് നലഗിരി എന്ന ആനക്ക് മദ്യം നൽകി ബുദ്ധനെ കൊല്ലാനും ദേവദത്തൻ ശ്രമിച്ചത് .
വർഷക്കാലങ്ങളിൽ ഭഗവാൻ ബുദ്ധൻ
ധ്യാന നിരതനായിരുന്നത് രാജഗ്രിഹത്തിനടുത്ത വേണുവനത്തിലായിരുന്നു.ഇതിനടുത്ത ശ്രാവസ്ഥിയിലായിരുന്നു അനാഥപിഢിക എന്ന വ്യാപാരി ആദ്യമായി ഭഗവാൻ ബുദ്ധന് ഒരു വിഹാരം പണിതു സമ്മാനിക്കുന്നത്. അത് ജേതവന വിഹാരം എന്ന പേരിൽ അറിയപ്പെട്ടിരുന്നു.ഇവിടങ്ങിൽ സിദ്ധാർത്ഥ ഗൗതമൻ ധ്യാനിച്ച സ്ഥലങ്ങൾ, എന്നിവയെല്ലാം പുരാവസ്തു വകുപ്പ് കൃത്യമായി രേഖപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്തു വരുന്നുണ്ട്.
രാജ്ഗീറിനു തൊട്ടടുത്താണ് ലോക പ്രശസ്ഥമായ നാളന്ദ സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്. നശിപ്പിക്കപ്പെട്ട അതിന്റെ അവശിഷ്ടങ്ങളും ഇന്ന് നമുക്ക് കാണാൻ കഴിയും. മഹത്തായ ആ നാളന്ദയും ഇപ്പോൾ മെല്ലെ മെല്ലെ പുനർജ്ജനിക്കുകയാണ്.
🌸🌸🌸🌸🌸🌸🌸🌸
ധമ്മ സ്കൂൾ,
കേരള മഹാബോധി മിഷൻ.

Buddha's Compassion

നിറഞ്ഞുനിന്ന കനിവ്
ബുദ്ധനിലെ പ്രത്യേകത
===================
ഭഗവാന്‍ ബുദ്ധനില്‍ മനുഷ്യോചിതമായ കനിവ്, സൌഹാര്‍ദം തുടങ്ങിയ ഗുണങ്ങള്‍(humanity) അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ ഉടനീളം കാണാം.ബുദ്ധിവികാസം പല മഹാന്മാരിലും സാധാരണക്കാരില്‍നിന്നുള്ള അകല്‍ച്ചക്കും,അവരോടുള്ള അവജ്ജ്ഞയോടുകൂടിയ അനുകമ്പക്കും കാരണമാകാറുണ്ട്.എന്നാല്‍ ബുദ്ധനാകുന്നതിലൂടെ അഹന്തയെ വേരോടെ അറുത്തുകളഞ്ഞ അദ്ദേഹം സര്‍വ്വതോന്മുഖമായ ഗുണതികവില്‍ പരിണമിക്കുകയായിരുന്നു.
നിന്ദിക്കാന്‍ ധാരാളം പേര്‍
----------------------------------------
ഭഗവാന്‍ ബുദ്ധനെ നിന്ദിക്കാന്‍ ധാരാളംപേര്‍ അന്നുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ നന്മനിറഞ്ഞ പ്രചാരണത്തിന് അന്നുണ്ടായ വര്‍ദ്ധിച്ചുവരുന്ന വിജയത്തില്‍ അസൂയപൂണ്ട രാജഗ്രിഹത്തിനടുത്തുള്ള ഒരു ബ്രാഹ്മണന്‍ ബുദ്ധ ഭഗവാനെ പരസ്യമായി നിന്ദിച്ചു.എന്നാല്‍ അദ്ധേഹത്തിന്‍റെ സമചിത്തതക്ക് ഉലച്ചില്‍ തട്ടിയില്ല. ബുദ്ധഭഗവാന്‍ ആ ബ്രാഹ്മണനോട് ചോദിച്ചു: “ സ്നേഹിതന്മാരും സഹപ്രവര്‍ത്തകരും അഥിതികളായി വന്നാല്‍ അവര്‍ക്കുവേണ്ടി വിരുന്നൊരുക്കാരില്ലേ നിങ്ങള്‍?
നിന്ദകനായ ബ്രാഹ്മണന്‍ പറഞ്ഞു: ‘അതെ ചിലപ്പോഴൊക്കെ ചെയാറുണ്ട്’.
ബുദ്ധഭഗവാന്‍: “പക്ഷെ അവര്‍ നിങ്ങളുടെ ആഥിത്യം സ്വീകരിച്ചില്ലെങ്കില്‍ നിങ്ങള്‍ ഒരുക്കിയ പദാര്‍ത്ഥങ്ങള്‍ ആര്‍ക്കുള്ളതായി തീരും?
ബ്രാഹ്മണന്‍: ‘ എന്ത് സംശയം ഞങ്ങള്‍ക്ക് തന്നെ’.
ബുദ്ധഭഗവാന്‍: ‘ഹേ ബ്രാഹ്മണാ! അതുപോലെതന്നെ ഇവിടെയും.അങ്ങോട്ട്‌ ചീത്തപറച്ചിലോ പ്രകോപനമോ കൂടാതെ നമ്മെ പറഞ്ഞ ചീത്തവാക്കുകള്‍ നാം ഏറ്റെടുക്കുകയില്ല.അവയെല്ലാം താങ്കള്‍ക്കുതന്നെ ഇരിക്കട്ടെ’.
(സംയുക്ത നികായം)


ബുദ്ധന്‍ ഒരിക്കലും
പരുഷമായി സംസാരിച്ചില്ല.
-------------------------------------------
ദേവദത്തന്‍ ബുദ്ധന്‍റെ അടുത്ത ബന്ധുവായിരുന്നെങ്കിലും ബുദ്ധസംഘത്തില്‍ ചേര്‍ന്നതിനുശേഷം ഭഗവാന്‍ ബുദ്ധനോട് മത്സരിച്ചുകൊണ്ടിരുന്നു.ഒടുവില്‍ ചതിചെയ്ത് ഭഗവാന്‍ ബുദ്ധന്‍റെ ജീവിതം അവസാനിപ്പിക്കുവാനും ശ്രമിച്ചു.എന്നാല്‍ അലൌകികമായ തന്‍റെ മൈത്രികൊണ്ട് മദയാനയെ മയക്കിയ അദ്ദേഹത്തിന് ദേവദത്തന്‍റെ വിദ്വേഷത്തെ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ദുരിതഭാരംകൊണ്ട് ദയനീയമാംവണ്ണം മരിച്ച ദേവദത്തനെകുറിച്ച് ഒരിക്കലും പരുഷമായി സംസാരിച്ചില്ലെന്ന വസ്തുത ഭഗവാന്‍ ബുദ്ധനിലെ നിറഞ്ഞുനില്‍ക്കുന്ന അനുകമ്പയുടെ ഉദാഹരണമാണ്.
--------------------------
ധമ്മ സ്കൂള്‍
കേരള മഹാബോധി മിഷന്‍