Thursday, November 29, 2018

എല്ലാവരേയും എവിടെയും സ്നേഹിക്കന്‍ ബുദ്ധന്‍ ആഹ്വാനം ചെയ്തു.



എല്ലാവരേയും എവിടെയും സ്നേഹിക്കന്‍
ബുദ്ധന്‍ ആഹ്വാനം ചെയ്തു.
===========================
“നമുക്ക് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കണമെങ്കില്‍ നാം മറ്റുള്ളവരെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാന്‍ അനുവദിക്കുക കൂടി വേണ”മെന്ന് ഭഗവാന്‍ ബുദ്ധന്‍ ഉപദേശിച്ചു.
ഇതിനായി മൈത്രി, കരുണ, മുദിത, ഉപേക്ഷ എന്നെ നാലു ഭാവനകള്‍ മനസ്സില്‍ വികസിപ്പിക്കാനും ഭഗവാന്‍ ബുദ്ധന്‍ പറഞ്ഞു.

“ഒരു മാതാവ് തന്‍റെ ഒരേയൊരു കുഞ്ഞിന്‍റെ പ്രാണനെ കരുതി രാത്രിമുഴുവന്‍ ഉറക്കമിഴിച്ച് ശുശ്രൂഷിക്കുന്നതുപോലെ നാം എല്ലാവരും എല്ലാ പ്രാണികളുടെയും സുഖത്തെയും മനസ്സില്‍ വിചാരിച്ചുകൊണ്ട്‌ നിസീമമായ കരുണയും സ്നേഹവും വെച്ചു പുലര്‍ത്തണം.”-ബുദ്ധന്‍
(സു.നികായ-149)
ഭഗവാന്‍ ബുദ്ധന്‍ പറഞ്ഞ ഈ ഉപദേശത്തെ മൈത്രി, കരുണ, മുദിത,ഉപേക്ഷ എന്നീ ഭാവനകളുമായി ബന്ധിപ്പിച്ച് ബുദ്ധഘോഷന്‍ ഒരു ഉദാഹരണം നല്‍കിയിട്ടുണ്ട്.

ബുദ്ധഘോഷന്‍ ഇങ്ങിനെ പറയുന്നു.
-----------------------------------------------------------
“ആ ഒരേയൊരു കുട്ടിയുടെ സുഗമമായ വളര്‍ച്ചയില്‍ ആ അമ്മക്കുള്ള മഹത്തായ താലപര്യമാണ് “ മെത്ത” അഥവാ മൈത്രി എന്ന് പറയുന്നത്.
ആ കുഞ്ഞിന്‍റെ രോഗം മാറി അതിന് സുഖം വീണ്ടെടുക്കണമെന്നുള്ള ആ അമ്മയുടെ ഉത്സാഹം “കരുണ”യില്‍ നിന്നാണ് ഉണ്ടാകുന്നത്.
രോഗം മാറി കഴിഞ്ഞപ്പോള്‍ ആ കുഞ്ഞിന് ശാരീരികമായോ മാനസികമായോ ഉള്ള കഴിവുകള്‍ക്ക് ഒന്നിനും ഒരു കുറവും വരാതെ ഇരുന്നതില്‍ ആ അമ്മയുടെ മനസ്സില്‍ ഉണ്ടായ അവസ്ഥയാണ് “മുദിത”
പിന്നീട് ആ കുട്ടി വളര്‍ന്ന് വലുതായി ആ കുട്ടിക്ക് തന്നോടുണ്ടാകുന്ന മനോഭാവം അനുകൂലമോ പ്രതികൂലമോ ആകട്ടെ –അതില്‍ ആ അമ്മക്ക് ഒട്ടും ഉത്കണ്ടയുമില്ലാത്ത ആ മാനസികാവസ്ഥയാണ് “ഉപേക്ഷ”. എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്.
ലോകത്തുള്ള എല്ലാ മനുഷ്യജീവജാലങ്ങളോടും ഈ മനോഭാവം വെച്ചു പുലര്‍ത്തി ജീവിക്കാനാണ് ബുദ്ധമതം നമ്മെ ഉപദേശിക്കുന്നത്.
ഇതില്‍ നിന്നും ബുദ്ധമതം/ധമ്മം വെറും സ്വാര്‍ത്ഥതകൊണ്ടും , നിര്‍വ്വാണപ്രാപ്തിക്കുവേണ്ടിയും മാത്രമായി സ്വീകരിച്ച അഭിപ്രായങ്ങളല്ലെന്നും,
വ്യക്തിയുടെയും സമൂഹത്തിന്‍റെയും വളര്‍ച്ചയില്‍ ഏറ്റവും അധികം സ്പര്‍ശിക്കുന്ന ഒരു മഹത്തായ തത്വസംഹിതയാണെന്നും നമുക്ക് കാണാന്‍ കഴിയുന്നു.
=================
ധമ്മ സ്കൂള്‍
കേരള മഹാബോധി മിഷന്‍

No comments: