Tuesday, July 12, 2016

ആരാണ് മനുഷ്യന്‍ ? ഇതാ ഭഗവാന്‍ ബുദ്ധന്‍റെ ശാസ്ത്രീയമായ ഉത്തരം

ആരാണ് മനുഷ്യന്‍ ?
ഇതാ ഭഗവാന്‍ ബുദ്ധന്‍റെ ശാസ്ത്രീയമായ ഉത്തരം
=============================================


ജീവിതം എന്താണെന്നുള്ള ചോദ്യത്തിന് യുക്തി യുക്തമായ ഉത്തരം നൽകുന്നതിനു വേണ്ടിയാണ് ശാസ്ത്രം വികസിച്ചു വരുന്നതിന് വഴി ഒരുക്കിയത് .എന്നാൽ കുറെ ചോദ്യങ്ങൾ ഇവിടെ അവശേഷിക്കുന്നു.
1.ഏതു വിധത്തിൽ ജീവിതം നയിക്കണം?
2.ജീവിതത്തിന്റെ പരമമായ ലക്ഷ്യം എന്താണ്?
3.മനുഷ്യൻ കേവലം ഭൌതികമായ ഒരു പ്രതിഭാസം മാത്രമാണോ?.
4.മണ്ണും ,വെള്ളവും ,തീയും ,കാറ്റും മറ്റും ചേർന്നുണ്ടായ ഒരു കൂടു പദാർത്ഥം മാത്രമാണോ മനുഷ്യൻ?
മനുഷ്യന്റെ സ്വരൂപത്തെ കുറിക്കുന്ന ഇത്തരം വിഷയങ്ങളിൽ ബുദ്ധമതത്തിന്റെ അഭിപ്രായം എന്താണ്?
പ്രതി നിമിഷം'മാറിമറിഞ്ഞു രൂപാന്തര പെട്ടുകൊണ്ടിരിക്കുന്ന ഘടഘങ്ങളെ മാത്രമേ ഭഗവാൻ ബുദ്ധൻ മനുഷ്യനിൽ കാണുന്നുള്ളൂ.
ശരീരവും മനസ്സും ഒരുപോലെ ചങ്ങലകൾ ആണെന്നും അവയിൽ നിന്നും ഭിന്നമായി മറ്റു മതങ്ങള പറയുന്നതുപോലെ സ്ഥിരമായ ഒരു ആത്മ തത്വം മനുഷ്യനിൽ ഇല്ലെന്നുമാണ് ബുദ്ധന്റെ കാഴ്ചപ്പാട്.
മനുഷ്യനിൽ അടങ്ങിയിട്ടുള്ള ഘടകങ്ങൾ എന്തെല്ലാമാണ് ?
-------------------------------------------------------------------------------------
മനുഷ്യനെയും അവനു അറിയാൻ കഴിയുന്ന പ്രപഞ്ചത്തിന്റെയും കഥ കേവലം അഞ്ചിൽ മാത്രമായി ഭഗവാൻ ബുദ്ധൻ ഒതുക്കുന്നു.ഈ അഞ്ച് ഘടകങ്ങൾക്ക് ബുദ്ധമതം പഞ്ചസ്കന്ധങ്ങൾ എന്ന് പേര് നൽകിയിരിക്കുന്നു .
സ്കന്ധങ്ങൾ താഴെ പറയുന്നവയാണ്
--------------------------------------------------------.
1.രൂപ സ്കന്ധം
2.വേദന സ്കന്ധം
3.സംഞ്ജ സ്കന്ധം
4.സംസ്കാര സ്കന്ധം
5.വിജ്ഞാന സ്കന്ധം
ഈ സ്കന്ധങ്ങളിൽ ഓരോ വിഭാഗത്തിലും അതാതുമായി ബന്ധപെട്ട ഒന്നിലതികം അവാന്തര വിഭാഗങ്ങൾ ഉള്ളതുകൊണ്ടാണ് സമൂഹം എന്ന് അർത്ഥമുള്ള സ്കന്ധം എന്ന പദം പ്രയോഗിച്ചിരിക്കുന്നത് .
1.രൂപ സ്കന്ധം .
-----------------------
ജഡമായി എണ്ണപ്പെടുന്ന സകല പഥാർത്തങ്ങളും അവയുടെ ധർമ്മങ്ങളും ഇതിൽ ഉൾപെടുന്നു .
കണ്ണ് ,മൂക്ക് ,തൊക്ക് ,നാക്ക്, ചെവി .ഇവക്ക് ഗ്രഹിക്കാൻ കഴിയുന്ന എല്ലാംതന്നെ പദാർത്ഥങ്ങൾ ആയതുകൊണ്ടും അവയും, അവയുടെ ധർമ്മങ്ങളും രൂപസ്കന്ധത്തിൽ പെടുന്നു.
പരമാണുക്കൾ ചേർന്നിട്ടുള്ള മണ്ണ് ,വെള്ളം തീ,കാറ്റ് എന്നീ നാല് ഭൂതങ്ങളും രൂപ സ്കന്ധത്തിൽപ്പെടുന്നു.
മറ്റ് മതങ്ങളിൽ ആകാശത്തെ പഞ്ചഭൂതങ്ങളിൽ അവസാനത്തെ ഭൂതമായി പരിഗണിക്കുന്നുണ്ടെങ്കിലും രൂപമില്ലാത്തതിനാലും ,പരമാണുക്കളുടെ സംഘാതമില്ലാത്തതിനാലും ആകാശത്തെ ബുദ്ധൻ ഭൂതമായി കണക്കാക്കുന്നില്ല.പഞ്ചേന്ദ്രിയങ്ങളും അവയ്ക്ക് ഗോചരമായ രൂപം ,ശബ്ദം ,ഗന്ധം,രസം ,സ്പർശം എന്നീ ഗുണങ്ങളും രൂപ സ്കന്ധത്തിൽ തന്നെ.സ്ത്രീ പുരുഷ ഭേദങ്ങളും വിചാരം വീര്യം ദേശം,എന്ന ഉപാദികളും,ആശയ വിനിമയത്തിനുള്ള ഉപാദികളായ വാക്യം, ആഗ്യം,എന്നിവയും ജീവച്ഛരീരങ്ങളുടെ ധർമ്മങ്ങളായ ലാഘവം ,വഴക്കം ,പരിസരങ്ങൾക്കൊത്ത നില,ക്ഷയം ,പരിണിതി തുടങ്ങിയവയും ഭഗവാൻ ബുദ്ധന്റെ അഭിപ്രായത്തിൽ രൂപസ്കന്ധങ്ങൾ തന്നെ .
2.വേദന സ്കന്ധം
-------------------------
മനുഷ്യനിൽ അടങ്ങിയിട്ടുള്ള രണ്ടാമത്തെ ഘടകത്തിന് വേദന സ്കന്ധമെന്നു പേര് നൽകിയിരിക്കുന്നു .വേദന എന്നുവെച്ചാൽ ഇന്ദ്രിയങ്ങൾ അതാതിനോട് ചേർന്ന പദാർത്ഥങ്ങളുമായി സംഘടിക്കുമ്പോൾ ഉടനടി ഉണ്ടാകുന്നതായ പ്രതീതി എന്നാണ് അർത്ഥമാക്കുന്നത്.ആധുനിക ശാസ്ത്രത്തിൽ ഇതിന് സെൻസേഷൻ എന്നാണ് അർത്ഥമാക്കുന്നത്.
വേദന എന്ന ശബ്ദത്തിൽ നിന്നും ഇതിന്റെ സ്വഭാവത്തെ മനസ്സിലാക്കാം.അറിയുക എന്നാണ് വേദന എന്ന പദത്തിലെ "വിദ്" എന്ന വാക്കിന്റെ അർത്ഥം.ഇന്ദ്രിയവും അതിന്റെ വിഷയവും തമ്മിൽ സമ്പർക്കം ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന പ്രാഥമികമായ പ്രതീതി (അറിവ്) തന്നെ വേദന.പഞ്ചേന്ദ്രിയങ്ങളിൽ ഓരോന്നിനും അതാതിന് യോജിച്ച രീതികളിൽ പ്രതീതികൾ ഉളവാക്കുന്നു.പൂര്ണ്ണമായ കാഴ്ചയുടെ മുൻ രൂപമായ നേരിയ പ്രതീതിയെ കണ്ണ് അതിന്റെ വിഷയത്തോട് മുട്ടുന്ന മാത്രയിൽ ഉണ്ടാക്കും.അതുപോലെ നാല് ഇന്ദ്രിയങ്ങളും കൂടാതെ അതീന്ദ്രിയമായ മനസ്സ് ഓർമ്മശക്തി വഴി ഉള്ളിലുണ്ടാക്കുന്ന പ്രതീതികളെയും വേദനകളായി കണക്കാക്കാം.ഈ ആറുതരത്തിലുള്ള പ്രതീതി സമൂഹങ്ങളെ വീണ്ടും അനുകൂലങ്ങളായും പ്രതികൂലങ്ങളായും രണ്ടുമല്ലാത്ത ഉദാസീനങ്ങളായും തിരിക്കാം.ആകെക്കൂടി ഈ വിധത്തിൽ നോക്കിയാൽ വേദന സ്കന്ധത്തിൽ പതിനെട്ട് തരത്തിലുള്ള പ്രാഥമിക പ്രതീതിക്ക് ഇടമുള്ളതായി കാണാം.
3.സംജ്ജ്ഞ സ്കന്ധം
----------------------------
മൂന്നാമത്തെ വിഭാഗമായ സംജ്ജ്ഞ സ്കന്ധത്തിന് വേദന സ്കന്ധവുമായി അടുപ്പമുണ്ട്.രണ്ടാമത്തേതിൽ ഉൾപെട്ട ആറുതരം വേദന (പ്രതീതി,അറിവ്) കളെയും ആസ്പദമാക്കി അവയുടെ പ്രതിഫലനം എന്നോണം മനസ്സില് ഉടലെടുക്കുന്ന ആശയങ്ങളെ സംജ്ജ്ഞകൾ എന്ന് വിളിക്കുന്നു.ഉദാഹരണത്തിന് കണ്ണ് പച്ചിലയിൽ പതിക്കുമ്പോൾ ഉണ്ടാകുന്ന പ്രാഥമികമായ പ്രതീതി (വേദന) പച്ച എന്ന ആശയം ഉണ്ടാക്കുവാൻ പ്രേരണ ആയി തീരുന്നു.പ്രതീതി ക്ഷണത്തിൽ അതിൽ നിന്ന് വേർതിരിച്ച് അതിന്റെ ഉള്ളടക്കത്തിന് നാമകരണം ചെയ്യുമ്പോൾ സംജ്ജ്ഞയായി.
ഇവിടെ പച്ച എന്നുള്ളത് സംജ്ജ്ഞ .ഇതുപോലെ മറ്റുള്ള ഇന്ദ്രിയങ്ങളും അതാതിനോട് ചേർന്ന പ്രതീതികളിൽനിന്നും സംജ്ജ്ഞ കളെ ഉളവാക്കുന്നു .ഇന്ദ്രിയത്തിലൂടെ ഉണ്ടാകുന്ന അനുഭവങ്ങൾക്ക് അവയുടെ ബാഹ്യ രൂപങ്ങളിൽ നിന്നും മാറി മനസ്സില് ഉണ്ടാക്കുന്ന രൂപവിശേഷങ്ങൾ ആണ് സംജ്ജ്ഞ സ്കന്ധത്തിന്റെ ഉള്ളടക്കം .
4.സംസ്കാര സ്കന്ധം.
--------------------------------
നാലാം സ്കന്ധമായ സംസ്കാരം വളരെ പ്രാധാന്യം അർഹിക്കുന്ന വിഭാഗമാണ് .എണ്ണത്തിൽ സംസ്കാരങ്ങളെ 52 എണ്ണമായി ബുദ്ധമതം വേർതിരിച്ചിട്ടുണ്ടെങ്കിലും അവ സ്വതന്ത്രങ്ങളല്ല.മുൻപ് മൂന്നു സ്കന്ധങ്ങളിൽ ഉൾപെട്ട ചില ഘടകങ്ങളും സംസ്കാര സ്കന്ധത്തിൽ പരിഗണിക്കപെട്ടിട്ടുണ്ട്.സംസ്കാരം എന്നുള്ളത് മാനസ്സിക പ്രവർത്തനങ്ങളുടെ ആകെകൂടിയുള്ള ഒരു പേര് മാത്രമാണ്.സംസ്കാര സ്കന്ധത്തിൽ ഉൾപെട്ടിട്ടുള്ള ഘടകങ്ങൾ താഴെ കൊടുക്കുന്നു.സ്പർശം ,ഇന്ദ്രിയങ്ങളും അവയുടെ വിഷയങ്ങളുമായുള്ള സമ്പർക്കം,സ്പർശത്തിന്റെ ഫലമായി ഉണ്ടായ പ്രതീതി (വേദന)എന്നിവ എല്ലാം സംസ്കാരം തന്നെ.വേദനകളെ അടിസ്ഥാനമാക്കി മനസ്സിൽ രൂപമെടുക്കുന്ന ആശയങ്ങളെ ,അതായത് സംജ്ജ്ഞകളെ അനുഭവസ്ഥൻറെ നിലയിൽ നിന്നും അയാളുടെ ആഭ്യന്തര സമ്പത്ത് ആയി പരിഗണിക്കുമ്പോൾ സംസ്കാരമായി മാറുന്നു.
ആശയങ്ങളെ യഥാസമയം അടുക്കി ചേർത്ത് രൂപം കൊടുക്കുമ്പോൾ കിട്ടുന്ന ചിന്താശകലങ്ങളും സംസ്കാരങ്ങൾ തന്നെ.അവക്ക് ബുദ്ധ മതത്തിൽ കൊടുത്തിരിക്കുന്ന പേര് ചേതന എന്നാണ് .ഇവയെ വീണ്ടും വീണ്ടും മറിച്ചും തിരിച്ചും പരിശോദിക്കുന്ന ആലോചനാഗതിയും സംസ്കാരം തന്നെ.
സ്മൃതി ,ഉത്സാഹം ,ഏകാഗ്രത ,ജാഗരൂഗത,വിചാരം എല്ലാ മനോ വ്യാപാരങ്ങൾക്കും തുണയായി നിൽക്കുന്ന വീര്യം ,ഇടതടവില്ലാതെ നിൽക്കുന്ന ക്രിയാഭിമുഖ്യം,പ്രീതി ,മധ്യസ്ഥത ,ആലസ്യം ,മോഹം, ഭയം,എടുത്തുചാട്ടം ,ലജ്ജ,ദേഷ്യം,സംശയം ,ശ്രദ്ധ ,വ്യാമോഹം,പ്രസാദം ,ലാഘവം ,മാർദ്ദവം വൈദഗ്ദ്യം,ആർജ്ജവം, വാക്ക് ,പ്രവർത്തി ,കരുണ, ഈർഷ്യ,മാത്സര്യം,ക്രൌര്യം ,അഭിമാനം,ഇങ്ങിനെ പല മാനസ്സിക പ്രവർത്തികളെയും പ്രത്യേകം പേരെടുത്ത് കൊടുത്തതിൽ ചിലതാണ് ഇവ .
വാസ്തവത്തിൽ നിർവ്വാണവും,ആകാശവും ഒഴിച്ച് മറ്റെല്ലാം സംസ്കാരമായി ബുദ്ധമതം അഭിപ്രായപെടുന്നു.
5.വിജ്ജ്ഞാന സ്കന്ധം.
----------------------------------
അഞ്ചാമത്തെ സ്കന്ധത്തിനു കൊടുത്തിട്ടുള്ള പേര് വിജ്ജ്ഞാനമാണ്.ചേതന എന്ന പേരിൽ സംസ്കാര സ്കന്ധത്തിൽ ചേർത്തിട്ടുള്ള മനസ്സിന്റെ പ്രവർത്തിയുടെ വിശദീകരണവും ,വിപുലീകരണവുമാണ് വിജ്ജ്ഞാനത്തെ ഒരു പ്രത്യേക സ്കന്ധ്മായി പരിഗണിച്ച് പഠിക്കാനുള്ള കാരണമത്രെ.ചേതനയുടെ പ്രവത്തികൾ അഥവ ബോധപൂർവ്വമായ പ്രവർത്തികൾ നല്ലതോ ചീത്തയോ ആകാം .ഇവയുടെ ഏറ്റകുറച്ചിൽ ആലോചിച്ചാൽ വിജ്ജ്ഞാനത്തിന്റെ വക ഭേദങ്ങൾ ഒട്ടേറെ ഉണ്ട്.വിജ്ജ്ഞാനഭേദങ്ങൾ ഉൾകൊള്ളുന്ന ഈ സ്കന്ധത്തിൽ മനുഷ്യന് കൊടുത്തിട്ടുള്ള സ്ഥാനം ഏറ്റവും മികച്ചതാണ്.സംസാര യാത്രയിൽ ഓരോ ജീവിതത്തിലും വ്യക്തികൾക്ക് ലഭിക്കുന്ന കർമ്മങ്ങളെ ,പുണ്യ പുണ്യങ്ങളെ,ഈ വിജ്ജ്ഞാനത്തിന്റെ സത്തായും ബുദ്ധമതം വിലയിരുത്തുന്നു.ഈ കർമ്മ ഫലങ്ങളോ ,പുണ്യ പുണ്യങ്ങളോ ആണ് ജന്മ ജന്മാന്തരങ്ങൾക്ക് കാരണമാകുന്നത്.അപ്പോൾ വിജ്ജ്ഞാനം കർമ്മ ഫലങ്ങൾക്ക് അനുരൂപമായി ആവിർഭവിക്കുകയും ഇല്ലാതാകുകയും ചെയ്യുന്ന ചിത്രമാണ് ലഭിക്കുക.
സംസാരത്തിനും വിജ്ജ്ഞാനത്തിനും തമ്മിലുള്ള ബന്ധവും സുസൂഷ്മമാകുന്നു.ബുദ്ധമതത്തിലെ കാര്യ കാരണ വാദത്തെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഇതിന്റെ പ്രാധാന്യം വ്യക്ത്തമാകും.വിജ്ജ്ഞാനമില്ലെങ്കിൽ മറ്റു സ്കന്ധങ്ങൾക്ക് ആവിർഭവിക്കാൻ കഴിയില്ല.ഇതര സ്കന്ധങ്ങൾക്ക് സ്വയം പ്രവർത്തിക്കാൻ കഴിവില്ല.രൂപം ,വേദന ,സംജ്ജ്ഞ എന്നിവയെല്ലാം വിജ്ജ്ഞാനത്തിന്റെ പ്രവർത്തനങ്ങൾ ആകുന്നു .അപ്പോൾ വിജ്ജ്ഞാനത്തിന്റെ പ്രകാശമില്ലെങ്കിൽ ഇവക്ക് എങ്ങിനെ പ്രവർത്തിക്കാൻ കഴിയും?ചുരുക്കത്തിൽ പഞ്ച സ്കന്ധങ്ങൾ വിവിധങ്ങളായ മാനസ്സിക ഘടകങ്ങൾ ആകുന്നു.
--------------------------
ഹരിദാസ് ബോധ്

No comments: