അനാത്മ വാദം ബുദ്ധമതത്തിന്റെ അടിസ്ഥാന വിശ്വാസമാകുന്നു.മറ്റു മതങ്ങളെല്ലാം ആത്മാവിൽ പ്രാധാന്യം കൊടുക്കുമ്പോൾ ബുദ്ധമതം കടക വിരുദ്ധമായ നിലപാടാണ് ഇക്കാര്യത്തിൽ സ്വീകരിച്ചിട്ടുള്ളത് .മനുഷ്യരെ രക്ഷിക്കുകയും,നിത്യമായ ഒരു പദവിയിൽ അവരെ എത്തിക്കുക ഇതാണല്ലോ മതങ്ങളുടെ ഒരു പ്രഖ്യാപിതമായ നയം. ഈ പദവി അനുഭവിക്കേണ്ടത് നശ്വരമായ ശരീമോ മനസ്സോ അല്ലെന്നും ,ഇവയിൽ നിന്നും വ്യത്യസ്തമായി കാലങ്ങള കൊണ്ട് ഒരു കോട്ടവും തട്ടാതെ നിലകൊള്ളുന്ന ഒരു ഘടകമാണ് മനുഷ്യന്റെ ആത്മാവെന്നും മറ്റെല്ലാ മതങ്ങളും വിശ്വസിക്കുന്നു.ആത്മാവില്ലാത്ത മതം ആട്ടം കാണുന്നതിനു തുല്യമാണെന്നും അവർ വിശ്വസിച്ചു വരുന്നു.
ആത്മാവിനെ പറ്റി ബുദ്ധ ദേവന്റെ കാലഘട്ടത്തിൽ പ്രചരിക്കപെട്ടിരുന്ന ബഹു മുഖങ്ങളായ വാദഗതികൾ " ദീർഘനികായത്തിൽ ഉൾപെട്ട ബ്രഹ്മ ജാല സൂക്തത്തിൽ (63) പിരിച്ചു ചേർത്തിട്ടുണ്ട്.അവയിൽ പ്രധാനപെട്ടവ താഴെ വിവരിക്കുന്നു .
1. ശാശ്വത വാദികൾ - സസ്സത വാദികൾ.
ഇവർ യുക്തിയും ദ്യാനവും കൊണ്ട് ഓരോ മനുഷ്യരിലും നാശ മില്ലാത്ത ആത്മ തത്ത്വം വർത്തിക്കുന്നു വെന്ന് തീര്ച്ച പെടുത്തിയിരിക്കുന്നു .മനുഷ്യർ ഉള്ളത്രയും തന്നെ നിത്യമായ ആത്മാക്കളുണ്ട് .ഇതോടുകൂടി തന്നെ ബാഹ്യ ലോകവും അനശ്വരമെന്ന് ഇവർ വാദിക്കുന്നു.
2.എകച്ച സസതികന്മാർ :
പല യുക്തി ഭേദങ്ങളും സ്വീകരിച്ചുകൊണ്ട് ഇക്കൂട്ടർ ചില ആത്മാക്കൾ നിത്യരെന്നും മറ്റു ചിലർ അനിത്യരെന്നും വാദിക്കുന്നു .ഈശ്വരനെ ഒരു പ്രത്യേക ആത്മാവെന്നു കരുതി അദ്ദേഹം നിത്യനെന്നു വിശ്വസിക്കുന്നതോടുകൂടി ,മനുഷ്യരുടെ ആത്മാക്കൾ അനിത്യരെന്നു ഇവരിൽ ചിലരും ദേവന്മാർ എല്ലാവരും നിത്യരെന്നു മറ്റു ചിലരും ,ശരീരങ്ങൾ ഒഴിച്ച് ഹൃദയം, മനസ്സ് ,വിജ്ഞാനം എന്നീ പേരുകളിൽ അറിയപെടുന്ന തത്വങ്ങൾ നിത്യമെന്ന് മൂന്നാമതൊരു സംഘവും വാദിക്കുന്നു.
3.ചില വാദികൾ ഒന്നിനെ കുറിച്ചും നിശ്ചിതമായി പലതും പറയുക സാദ്ധ്യമല്ലെന്ന നിലപാട് സ്വീകരിച്ചിട്ടുള്ളതിനാൽ ആത്മ തത്ത്വത്തെ കുറിച്ചുള്ള ആശങ്കയോടുകൂടിയ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
4.മരണ ശേഷം ബോധത്തോടുകൂടി മനുഷ്യരുടെ ആത്മാക്കൾ ജീവിച്ചു പോരുന്നു എന്ന വിശ്വാസം ചിലർ അംഗീകരിച്ച് ജീവിക്കുന്നു.അതല്ല മരണത്തെ അതി ജീവിക്കുന്നുവെങ്കിലും ആത്മാക്കൾക്ക് ബോധമില്ലെന്നു മറ്റൊരു സംഘം.ഇത് രണ്ടുമല്ല സ്വപ്നാവസ്ഥ പോലെ ബോധത്തിനും വെറും ഇരുളിനും ഇടയിൽ സാദ്ധ്യാമായ ഒരു അവസ്ഥയിൽ ആത്മാക്കൾ മരണാനന്തരം ജീവിക്കുന്നുവെന്ന് മറ്റൊരു വിഭാഗം.
5. ഉച്ചേദ വാദികൾ :ധീരന്മാരായ മറ്റൊരു വിഭാഗം പറയുന്നത് മനുഷ്യർ ജീവിച്ചിരിക്കുമ്പോൾ അവന് ആത്മാവുണ്ടെന്ന് വിചാരിക്കുന്നുണ്ടെങ്കിലും മരണ ശേഷം അത് നിശേഷം നാശമടയുന്നു എന്ന് തീർത്ത് പറയുന്നു. ഇവരെ ഉച്ചേദ വാദികൾ എന്നും പറയുന്നു.
6. വേറെ ചിലർ കൂടുതൽ ആശാവഹമായ വിശ്വാസം പുലർത്തി പോന്നു .ഓരോ മനുഷ്യരിലും ആത്മാവുണ്ട് .ഈ ലോകത്തിൽ തന്നെ പൂർണ്ണമായ സുഖം നേടാൻ അതിനു കഴിയും.അതിനുള്ള മാർഗ്ഗങ്ങൾ പലതുണ്ട്.ഒന്നുകിൽ ഇന്ദ്രിയങ്ങളുടെ തന്നെ പ്രവർത്തനത്തെ നിയന്ത്രിക്കുക .അല്ലെങ്കിൽ ധ്യാനമുറകൾ. സുഖ ലാഭത്തിനായി മറ്റൊരു ലോകവും ആത്മാവിനു നേടേണ്ടതായിട്ടില്ല.
ജൈന മതത്തിൽ
ബുദ്ധ മതത്തിനു മുൻപ് രൂപമെടുത്ത ജൈന മതത്തിൽ ആത്മാവിന്റെ ബഹുത്വം സാർവ്വത്രികമായി അംഗീകരിച്ചിട്ടുണ്ട്.ആത്മവസ്തുക്കൾ പ്രപഞ്ചത്തിലെങ്ങും നിറഞ്ഞിരിക്കുന്നുവെന്നും ,ഒന്നോ അതിൽ കൂടുതലോ ഇന്ദ്രിയങ്ങളോട് ചേർന്ന ശരീരങ്ങളിൽ അവ കുടികൊള്ളുന്നു എന്നാണു അവരുടെ സിദ്ധാന്തം.അധിവസിക്കുന്ന ശരീരങ്ങളുടെ തോതിൽ ആത്മാക്കളും ചുരുങ്ങുകയോ വളരുകയോ ചെയ്യുമെന്നും അവർ വിശ്വസിക്കുന്നു.
ഉറുമ്പിന്റെ ശരീരത്തിൽ നിന്നും ആനയുടെ ശരീരത്തിലേക്ക് പൂർവ്വശരീരം ഉടയുമ്പോൾ ആത്മാവ് പ്രവേശിച്ചാൽ വെളിച്ചമെന്നോണം അത് വികസിക്കുകയായി. ശരീരം വലുതോ ചെറുതോ ആകാം.ആത്മ വസ്തു ശരീരം മുഴുവൻ നിറഞ്ഞു നിലകൊള്ളുന്നു എന്നാണ് ജൈന മതത്തിന്റെ നിലപാട്.
മനുഷ്യരിൽ എന്നപോലെ മൃഗങ്ങൾ ചെടികൾ ,പ്രകൃതിയുടെ മറ്റ് പ്രവർത്തികൾ എന്നിവയിലും ദുർഗ്രഹമായ ഏതോ ഒരു ശക്തി പ്രവർത്തിച്ചു വന്നുവെന്നും അത് ആത്മാവ് ആണെന്നുമായിരുന്നു ബുദ്ധൻറെ കാലഘട്ടത്തിലെ വിശ്വാസം.
ക്രമേണ ഈ ആത്മശക്തി അല്ലെങ്കിൽ ചൈതന്യം സൂര്യൻ, ചന്ദ്രൻ ,അഗ്നി, മഴ, ആകാശം തുടങ്ങിയ പ്രകൃതിയുടെ തന്നെ വലിയ പ്രവർത്തനങ്ങളിൽ പ്രധാനമായി അടങ്ങിയിരിക്കുന്നു എന്നും വിശ്വാസമായി.അതായിരുന്നു "ഭവ ബഹുത്വ വാദ"ത്തിന്റെ കാലം.ഋഗ്ഗ്വേദം, ബ്രാഹ്മണങ്ങൾ മുതലായവയിൽ ഈ ഘട്ടം പ്രതിഫലിച്ചു കാണാം.ബ്രഹ്മം എന്നും ,ആത്മാവെന്നും പര്യായമായി പ്രയോഗിച്ച് ഈ തത്വങ്ങളെ ഉപനിഷത്തുകളിലും പരാമർശിക്കുന്നു.
ഇതിനിടക്കാണ് ബുദ്ധമതത്തിന്റെ ഉത്ഭവം .ഈ സാഹചര്യങ്ങളിൽ ആവിർഭവിക്കുന്ന ഒരു മതത്തിന് ആത്മാവ് എന്ന തത്ത്വത്തിനു നേരെ കണ്ണടക്കുക സാധ്യമല്ല .ബുദ്ധ ഭഗവാനും അനുയായികൾക്കും, മേൽ സൂചിപ്പിച്ച ആത്മാവിനെ കുറിച്ചുള്ള വ്യത്യസ്തമായ കാഴ്ച്ചപാടുകൾക്ക് നേരെ കർക്കശമായ നിലപാട് തന്നെ സ്വീകരിക്കേണ്ടി വന്നു.
സ്വന്തം അനുഭവങ്ങളെ ആസ്പദമാക്കി നൂതനമായ ഒരു മതം പ്രചരിപ്പിക്കുവാൻ ഒരുങ്ങിയ ബുദ്ധ ഭ ഗവാൻ ആത്മ തത്വം നിരാകരിച്ചത് എങ്ങിനെ?
അക്കാലത്ത് പ്രചരിച്ചിരുന്ന ആത്മ വാദങ്ങളെല്ലാം തന്നെ അദ്ദേഹത്തിന് പരിചിതമായിരുന്നു."ബ്രഹ്മ ജാല സൂക്തത്തിൽ "ഇത് വ്യക്തമാക്കുന്നു.എന്നാൽ അവയിലൊന്നിലും അദ്ദേഹം വിശ്വസിച്ചില്ല.പഞ്ചസ്കന്ദമയമാണ് വ്യക്തി അഥവ മനുഷ്യൻ.പഞ്ചസ്കന്ദങ്ങളുടെ ഇടയിൽ ആത്മാവിനെ തേടുക എന്നുവെച്ചാൽ ഗാനം പൊഴിക്കുന്ന പുല്ലാംകുഴലിൽ എവിടെയോ രാഗമാധുരി ഇരിക്കുന്നുവെന്ന് ഭ്രമിച്ച് അത് കണ്ടുപിടിക്കാൻ യത്നിക്കുന്നതുപോലയേ ഉള്ളു എന്നാണ് ബുദ്ധ ഭഗവാൻ വീണ്ടും വീണ്ടും വിശദീകരിച്ച്ചത്.അദ്ദേഹത്തിന്റെ ചുറ്റുപാടും നടമാടിയിട്ടുള്ള ആത്മവാദങ്ങൾക്കെല്ലാം കൂടിയുള്ള ഒരു ഉത്തരമായി പഞ്ചസ്കന്ദ വാദത്തെ കണക്കാക്കാം.
ഹരിദാസ് ബോധ്
No comments:
Post a Comment