Friday, April 8, 2016

NIBBAANA

ബുദ്ധമതത്തിലെ
നിർവ്വാണം പരമം സുഖം.

===================================




ബുദ്ധമതം മുന്നോട്ടുവെക്കുന്ന ആത്യന്തിക ലക്ഷ്യം നിർവ്വാണമാണ് .നിർവ്വാണം പ്രാപിക്കുന്നതോടുകൂടി ഭിക്ഷു ക്രിതാർത്ഥനായി  തീരുന്നു.കാലത്തിന്റെ പ്രഭാവങ്ങൾക്ക്, വികാരങ്ങൾക്ക് നിർവ്വാണം പഴുത് നൽകുന്നില്ല .ബുദ്ധമതത്തിൽ വിശേഷപെട്ട അവസ്ഥയാണ്‌  പരിനിർവ്വാണവും ,മഹാപരിനിർവ്വാണവും.
നിർവ്വാണമെന്നുവെച്ചാൽ പൂർണ്ണമായി വിലയിക്കുക ശൂന്യമായി തീരുക എന്നാണ് അർത്ഥമെന്ന് പരക്കെ ധാരണയുണ്ട്.



എന്താണ് നിർവ്വാണ പദവി ?
------------------------------------------
നിർവ്വാണ പദവിയിൽ ജനന മരണങ്ങൾക്ക് സ്ഥാനമില്ല ,,അധപതനവും അവിടെ നിന്നും ഉണ്ടാകുകയില്ല .വ്യക്ത്തിത്ത്വത്തിനും അവിടെ ഇടമില്ല.ബഹുദൂരം യാത്രചെയ്ത് എത്തേണ്ടുന്ന ,അറിയേണ്ടുന്ന ,കാണേണ്ടുന്ന ഒരു സ്ഥാനമല്ല നിർവ്വാണം.നിർവ്വാണ അവസ്ഥയിൽ ഭൂമി,ജലം തുടങ്ങിയ പദാർത്ഥങ്ങൾ ഒന്നുമില്ല .നാമ  രൂപങ്ങൾക്ക് അവിടെ പ്രവേശനമില്ല.ചുരുക്കത്തിൽ നിർവ്വാണം നമ്മുടെ ലൌകികാനുഭവങ്ങളിൽ  നിന്നും പാടെ ഭിന്നമാകയാൽ അതിന് പരിചിതമായ ലക്ഷണങ്ങൾ ഒന്നും ഇല്ലാതായിട്ടെ വർണ്ണിക്കാൻ കഴിയു.

ബുദ്ധമതത്തിൽ നാമശബ്ദം മനസ്സിനെ കുറിക്കുന്നു.മഹാനായ ബുദ്ധൻ നിർവ്വാണത്തെ കുറിച്ച് നിർവ്വചിച്ചത് ഇങ്ങനെ :"മഹാഭൂതങ്ങളും സൂര്യ ചന്ദ്രന്മാർ തുടങ്ങിയ തേജോരാശികളും നിർവ്വാണ അവസ്ഥയിൽ ഇല്ല .കാല ദേശാദികളിൽ നിന്നും വിട്ടുമാറിയുള്ള ഒരു യാഥാർഥ്യമാണ് നിർവ്വാണമെന്ന് സാരം.സ്വർഗ്ഗസദൃശ്യമായ ഒരവസ്ഥയല്ല നിർവ്വാണം.അവിടേക്ക് പോകുകയോ അവിടെനിന്നും മടങ്ങുകയോ ചെയ്യുന്ന അവസ്ഥയും നിർവ്വാണത്തിലില്ല.എല്ലാ വ്യവഹാരങ്ങൾക്കും അതീതമായ പരമാർത്ഥമായ അവസ്ഥയാണത്".

നിർവ്വാണത്തിനുള്ള അർത്ഥം "ധമ്മപദ"ത്തിലുണ്ട് .
----------------------------------------------------------------------------
നിർവ്വാണമടഞ്ഞവൻ ദീർഘമായ ജീവിതാദ്ധ്വാനവും അഷ്ടാംഗമാർഗ്ഗവും പൂർണ്ണമായും താണ്ടികഴിഞ്ഞിരിക്കുന്നു.ദുഖങ്ങൾക്കെല്ലാം അറുതിയായി .ഇനിയും ത്രിഷ്ണയുടെ കൊടിയ ദാഹം അയാളെ അലട്ടുകയില്ല .സംസാര ചക്രം നിലച്ചു.
വിചാരങ്ങളുടെയും ഭാവങ്ങളുടെയും അടിമപെടുത്തിയിരുന്ന കെട്ടുപാടുകൾ എല്ലാം മാറിയതിനാൽ സ്വാതന്ത്രത്തിന്റെ തികവ് ഇപ്പോഴേ അനുഭവപെടുന്നുള്ളു.

നിർവ്വാണം സമ്യക് ജ്ഞാനം അഥവാ പൂർണ്ണമായ ബോധവുമാണ്.
............................................................................................................................



സുഖത്തിന്റെ പരമ കാഷ്ഠയാണ് നിർവ്വാണം "നിബ്ബാണം പരമം സുഖം " എന്നാണ് ധമ്മ പദം പറയുന്നത് .സാന്മാർഗ്ഗിക പദവിയിൽ നിന്നും പിന്നീട് അധപതനം ഉണ്ടാകുന്നില്ല എന്നതാണ് നിർവ്വാണത്തിന്റെ മഹത്ത്വം.

അഷ്ടാംഗമാർഗ്ഗത്തിൽ കൂടിയുള്ള സഞ്ചാരമാണ് നിർവ്വാണത്തിൽ കലാശിക്കുന്നതെന്ന് ബുദ്ധമത ഗ്രന്ഥങ്ങളായ  ത്രിപിടകങ്ങളിൽ ഉറപ്പിച്ച് പ്രസ്താവിച്ചിട്ടുണ്ട്.നിർവ്വാണം സമ്യക് ജ്ഞാനം അഥവാ പൂർണ്ണമായ ബോധവുമാണ്.

സാന്മാർഗ്ഗികം അഥവാ ധാർമ്മികമായ നിർവ്വാണ ഘടകം രാഗ ദ്യേഷ മോഹങ്ങളിൽ നിന്നും അർഹന്തനുള്ള മോചനമാണ് .നിർവ്വാണം നി:ത്രേയസ്സം അഥവ നന്മയുടെ പരമകാഷ്ഠയാകുന്നു.

നിർവ്വാണത്തെ സുഖകരമായ അവസ്ഥയായും കെട്ടടങ്ങിയ തീയുടെ പോലെയുള്ള ശൂന്യഭാവമായും വ്യാഖ്യാനിക്കപെടുന്നു.

സുഖകരമായ പരിശുദ്ധി ; മനസ്സിന്റെ കലക്കമറ്റ പ്രസാദപൂർണ്ണിമ.ശരീര നാശത്തോടൊപ്പം സംഭവിക്കുന്ന സത്താലോപവും നിർവ്വാണം തന്നെ.

പുണ്യാ പുണ്യങ്ങളും ,സുഖ ദുഖങ്ങളും ,ഇവയുടെ തായ് വേരായ അറിവില്ലായ്മയും പൂർണ്ണമായും നശിച്ച ചിത്തത്തിന്റെ അവസ്ഥയുമാണത് .അർഹന്തന് പ്രാപഞ്ചിക ജീവിതവുമായി പ്രതീത്യസമുദ് പാദ പാരമ്പര്യവുമായി ബന്ധം ഒട്ടും അവശേഷിക്കുന്നില്ല.എന്നാൽ മരണം വരെ അർഹന്തൻ മറ്റു വ്യക്തികളെ പോലെ ശരീരാദിവ്യാപാരങ്ങളോടുകൂടി ജീവിക്കുന്നു.

നിർവ്വാണമടഞ്ഞവൻ പരിശുദ്ധനാണ്
.............................................................................



നിർവ്വാണമടഞ്ഞവൻ പരിശുദ്ധനാണ് .പാപാചരണം ഇനിമേൽ അയാൾക്ക് സാധ്യമല്ല .പ്രലോഭിപ്പിചാലും ഇനിമേൽ അതിനു കീഴ്പെടുകയില്ല .അതായത് പ്രഞ്ജയിൽ സുനിയന്ത്രിതവും ശീലത്താൽ സുരക്ഷിതവും സമാധിയാൽ സുദ്രിഡവുമായ ഇച്ഛാശക്തിയാണ് നിർവ്വാണാനന്തരം അവശേഷിക്കുന്നതെന്ന് സാരം .

മരണാനന്തരം ഒരു വ്യക്തി എന്ന നിലയിൽ നിർവ്വാണമടഞ്ഞ ആൾ തുടരുന്നില്ല.രാഗദ്വേഷാദികളോടൊപ്പം പഞ്ചസ്കന്ധങ്ങളും നിർവ്വാണം ലഭിച്ചവനിൽനിന്നും  പാടെ നശിച്ചിരിക്കുന്നു.

പരിനിർവ്വാണവും നിർവ്വാണ പ്രാപ്തിത്തന്നെ .
.................................................................................................



ശരീര ത്യാഗപൂർവ്വമായ അനുപാദിനിർവ്വാണ പ്രാപ്തിയാണ് പരിനിർവ്വാണമെന്ന് സാധാരണയായി പറയപെടുന്നു .മഹപരിനിർവ്വാണമെന്നത് ബുദ്ധ ഭഗവാന്റെ ശരീര പാദത്തിനു നൽകപെട്ടിട്ടുള്ള പ്രസിദ്ധമായ ഒരു പേരാണ്.ധമ്മ പ്രതിഷ്ഠാപകനായ ബുദ്ധ ഭഗവാന്റെ പരിനിർവ്വാണമാകയാൽ അത് മഹാ പരിനിർവ്വാണമായി .

എന്തുകൊണ്ട് നിർവ്വാണത്തിനു വേണ്ടി പ്രയത്നിക്കണം ? എങ്ങിനെ പ്രയത്നിക്കണം എന്ന് തുടങ്ങിയ പ്രശ്നങ്ങൾക്ക് ബുദ്ധ ഭഗവാൻ ഉത്തരം നൽകിയിട്ടുണ്ട് .
............................................................................................................................................

ഗുണങ്ങളുടെയോ, ദ്രവ്യങ്ങളുടെയോ സമവായമല്ലല്ലൊ നിർവ്വാണം .അത് നിത്യമാകയാൽ സദാ സന്നിഹിതമാണ് .മനസ്സുകൊണ്ട് എത്തേണ്ടതുമാണ് .അഷ്ടാംഗമാർഗ്ഗത്തിൽ കൂടിയുള്ള സഞ്ചാരം സമ്യക്സ്മ്രിതിയോടെ നിർവ്വഹിച്ചാൽ പിന്നെ അനന്തമായ ശീതീ ഭാവം നിർവ്വാണ സുഖം കൈവരികയായി .അതിന്റെ ബാഹ്യ ചിഹ്ന്നങ്ങളാണ് നിർവ്വാണമടഞ്ഞവരിൽ വിളങ്ങുന്ന സ്വാതന്ത്രം ,സംപ്രസാദം ,കുലുങ്ങാത്ത ആത്മവിശ്വാസം, ശാന്തി ,സമഭാവന തുടങ്ങിയ ഗുണങ്ങൾ.

മിലിന്ദ പ്രശ്നത്തിൽ നാഗസേനൻ നിർവ്വാണത്തെ ധർമ്മ നഗരമായി രൂപകൽപന ചെയ്തിട്ടുണ്ട്.
......................................................................................................................................
മനുഷ്യരാശിക്ക്  വേണ്ടി ബുദ്ധ ഭഗവാൻ ഉപദേശിച്ച അകാലിക ധമ്മമാണ് ധമമ നഗരത്തിന് വേണ്ട പ്രകാശം നൽകുന്നത് .ശീലമാണ്  അതിന്റെ രക്ഷക്ക് ആവശ്യമായ കോട്ട .പ്രഞ്ജ്ജയും ചിത്ത ഗുണങ്ങളും പട്ടണത്തിന്റെ ബലം വർദ്ധിപ്പിക്കുകയും ,ഏത് ശത്രുവിനോടും എതിരിട്ട് ജയിക്കുന്നതിനും വേണ്ട കരുത്ത് ഉണ്ടാക്കുകയും ചെയ്യുന്നു .
വിശിഷ്ടമായ ഈ പട്ടണം പ്രത്യേകമായ ഒരു സ്ഥലത്തും പണികഴിപ്പിച്ചിട്ടുള്ളതല്ല .അർഹന്തന്റെ നില കൈക്കലാക്കി ചിത്തവിമുക്തി സാമ്പാദിച്ചവൻ  ആ പട്ടണത്തിൽ പ്രവേശിക്കുവാൻ യോഗ്യനായി തീരുന്നു.

അനിച്ച (അനിത്യം)തത്വം മുറുകെ പിടിക്കുന്ന ബുദ്ധമതത്തിൽ നിർവ്വാണം നിത്യമെന്ന് സിദ്ധാന്തിച്ചിരിക്കുന്നു .

"അനിച്ചാ ബത സംഖാര ഉപ്പാദയവ ധമ്മിനൊ !
ഉപ്പജിത്വ നിരുജ്ന്ധന്തി തേസം വ്യുപസമോ സുഖോ "!!

ഉത്പത്തിയും വിലയവും സംഭവിക്കുന്ന അനിത്യ പദാർത്ഥങ്ങൾ ,വിശേഷിച്ചും മാനസികങ്ങളായ വികാരങ്ങൾ  പൂർണ്ണമായും തിരോഭവിക്കുക ,നിരുദ്ധമാകുകയാണ് സുഖകരം .അതാണുതാനും നിർവ്വാണം .അങ്ങിനെ സാർവ്വത്രികവും ലോകോത്തരവുമായ സുഖമായിട്ട് നിർവ്വാണത്തെ മനസ്സിലാക്കാം .
----------------------------
ഹരിദാസ് ബോധ് 

No comments: