Tuesday, April 19, 2016



വാക്കുകള്‍ക്ക് പൂര്‍ണ്ണമായ ഉത്തരവാദിത്വം വേണം;
എന്‍റെ ശിഷ്യരാകുന്നവര്‍ ആദ്യം
ആതുര ശുശ്രൂഷ ചെയ്യട്ടെ- ബുദ്ധന്‍
===============================



ഭഗവാന്‍ ബുദ്ധന്‍ മുഖസ്തുതിയുടെ ലഹരിയില്‍ നിന്നും മുക്തി നേടിയ ആചാര്യനായിരുന്നു.

ഒരിക്കല്‍ സ്വന്തം ശിഷ്യരില്‍ പ്രധാനിയും, ജ്ഞാനത്തില്‍ അഗ്രഗണ്യനുമായ ശാരിപുത്തന്‍ ഭഗവാന്‍ ബുദ്ധനോടുള്ള ബഹുമാനംകൊണ്ട് അദ്ദേഹത്തെ പുകഴ്ത്താനും സ്തുതികാനും തുടങ്ങി.
“കഴിഞ്ഞകാലങ്ങളില്‍ ഉണ്ടായ ബുദ്ധന്മാരും, ഇനി ഉണ്ടാകാന്‍ ഇരിക്കുന്നവരും, ജ്ഞാനസമ്പത്തില്‍ അങ്ങയുടെ തുല്ല്യരല്ലായിരുന്നു, ആകുകയുമില്ലെ”ന്നു ശാരിപുത്തന്‍ തീര്‍ത്തുപറഞ്ഞു.
അപാരമായ തത്വബോധംകൊണ്ട് പരിപക്വമായിരുന്ന ബുദ്ധന്‍റെ കനിവ് ഇങ്ങിനെ പ്രകടമായി:
“ നിങ്ങളുടെ വാക്കുകള്‍ആത്യന്തികം സാഹസികം തന്നെ.ഇങ്ങിനെ വ്യാഖ്യാനിക്കുവാന്‍ കഴിയുമോ?.ഒരുപക്ഷെ കഴിഞ്ഞുപോയ ബുദ്ധന്മാരെകുറിച്ചുള്ള പര്യാപ്തമായ അറിവ് നിങ്ങള്‍ക്കുണ്ടായിരിക്കാം.? അല്ലെങ്കില്‍ ഇങ്ങിനെ പറയാന്‍ പ്രയാസമാണല്ലോ” ഇതുകേട്ടപ്പോള്‍ ശാരിപുത്തന് പരിഭ്രമമായി.കഴിഞ്ഞുപോയ ബുദ്ധന്മാരെ കുറിച്ച് വേണ്ടത്ര അറിവില്ലെന്ന് അദ്ദേഹത്തിനു സമ്മതിക്കേണ്ടിവന്നു.
“ ശരി, വരാനിരിക്കുന്ന ബുദ്ധന്മാരെകുറിച്ചെങ്കിലും പര്യാപ്തമായ അറിവുണ്ട് അല്ലെ”? അതും ഇല്ലെന്നു പറയാതെ ഗത്യന്തരമില്ലായിരുന്നു.
“ഇത് രണ്ടും ബുദ്ധിമുട്ടുള്ള സംഗതി ആണല്ലോ. എനിക്കുള്ള അറിവിനെകുറിച്ചെങ്കിലും പൂര്‍ണ്ണമായ വിവരം താങ്കള്‍ക്കു ഉണ്ട് അല്ലെ? എന്നോടടുത്തു പെരുമാറിയിട്ടുണ്ടല്ലോ”
ശാരിപുത്തന്‍ എന്തുപറയാന്‍?
ബുദ്ധന്‍റെ അറിവിന്‍റെ ആഴം അളന്നു തിട്ടപെടുത്താന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നോ? അസംബന്ധം!.
നടക്കാത്ത കാര്യങ്ങള്‍ അവകാശപെടുന്നതെങ്ങിനെ? തന്‍റെ വാക്കുകള്‍ വിനയത്തെയും മര്യാദയെയും അതിക്രമിച്ചവ ആയിരുന്നുവെന്ന് ശാരിപുത്തന്‍ ലജ്ജയോടെ സമ്മതിച്ചു.ഇത്തരത്തില്‍ വാക്കുകള്‍ക്കു പൂര്‍ണ്ണമായ ഉത്തരവാദിത്വം വഹിക്കേണ്ട കടമ എന്തെന്ന് ഭഗവാന്‍ ബുദ്ധന്‍ ശാരിപുത്തനോട് വിശദീകരിച്ചു.


അതുര ശുശ്രൂഷ ധമ്മമായി സ്വീകരിക്കണം
-------------------------------------------------------------------



ബുദ്ധ ഭഗവാന്‍റെ കനിവ് ലോകോത്തരമാനം പ്രകാശിക്കുന്ന രീതിയില്‍ ആതുര ശുശ്രൂഷയുടെ പ്രാധാന്യത്തെ ഊന്നികൊണ്ട് നടത്തിയ പ്രസ്താവനയാണ്.ഒരുപാട് ഭിക്ഷുക്കള്‍ ഒന്നിച്ചുപാര്‍ത്തുവന്ന വിഹാരത്തില്‍ ഭഗവാന്‍ ബുദ്ധന്‍ താമസിക്കുകയായിരുന്നു. പ്രഭാതത്തില്‍ ചുറ്റിനടക്കുമ്പോള്‍ വസൂരി ബാധിച്ച ഒരു ഭിക്ഷു ശുശ്രൂഷിക്കാന്‍ ആരുമില്ലാതെ വെറും നിലത്ത് മാലിന്യങ്ങളുടെ നടുക്ക് ദയനീയമാംവണ്ണം കിടക്കുന്നതുകണ്ടു.ഭിക്ഷുവിനെ സഹായിക്കാന്‍ ആരുമില്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം ശിഷ്യന്‍ ആനന്ദനുമായി ചേര്‍ന്ന് രോഗിയുടെ ശരീരം കഴുകി.ഒരു കിടക്കതയ്യാറാക്കി അതില്‍ കിടത്തി.അപ്പോഴേക്കും കാര്യങ്ങള്‍ അറിഞ്ഞു വലിയൊരു ഭിക്ഷുസംഘം അവിടെയെത്തി.അവരോടായി ബുദ്ധ ഭഗവാന്‍ പറഞ്ഞു: “പരിവ്രാജകരായിതീര്‍ന്ന നിങ്ങള്‍ അന്യോന്യം തുണച്ചില്ലെങ്കില്‍ മറ്റാര് നിങ്ങള്‍ക്ക് തുണയായി തീരും? . ആതുരശുശ്രൂഷ നിങ്ങളുടെ ധമ്മമായി സ്വീകരിക്കണം.എന്നെ ശുശ്രൂഷിക്കാന്‍ സന്നദ്ധരായിട്ടുള്ളവര്‍ രോഗികളെ ശുശ്രൂഷിക്കട്ടെ” ( വിനയ മഹാ വഗ്ഗം:8)

ഭഗവാന്‍ ബുദ്ധന്‍റെ ഉപദേശം എത്രത്തോളം ഫലപ്രദമായെന്ന് പിന്നീട് ബുദ്ധമതം സ്വീകരിച്ച അശോകചക്രവര്‍ത്തി മൃഗങ്ങളുടെ ചികിത്സക്ക് വേണ്ടിപോലും ആതുരാലയങ്ങള്‍ ഏര്‍പെടുത്തിയതില്‍ നിന്നും വ്യക്തമാകും.വിശ്വമൈത്രിയുടെ പേരില്‍ ബുദ്ധന്‍റെ അനുശാസന പ്രകാരം ക്രിസ്തു ജനിക്കുന്നതിനു 500 കൊല്ലങ്ങള്‍ക്കുമുന്‍പ് തന്നെ ആതുര ശുശ്രൂഷാ വൃതം ബുദ്ധമതത്തിന്റെ പ്രചാരത്തിലൂടെ പരക്കെ ആദരിക്കപെട്ടുവന്നു.
 ===================
ഹരിദാസ്‌ ബോധ്

No comments: