Thursday, April 21, 2016

Demoracy in Buddhism



ജനാധിപത്യ രീതി;
ബുദ്ധന്‍റെ സംഘടനാ വൈദഗ്ധ്യം.
==============================



മഹാനായ ഭഗവാന്‍ ബുദ്ധന്‍റെ വ്യക്തിമാഹാത്മ്യത്തെ ഉയര്‍ത്തികാണിക്കപ്പെടുന്ന മറ്റൊരുഘടകം ജനാധിപത്യരീതിയില്‍ അദ്ദേഹം കെട്ടിപെടുത്ത സംഘമായിരുന്നു. സംഘടനാ വൈദഗ്ധ്യം അതിലുടനീളം നമുക്ക് കാണാന്‍ കഴിയും.
തന്‍കാര്യം നോക്കുന്ന സങ്കുചിതമായ,സ്വാര്‍ത്ഥത സമൂഹത്തിലെ പലമണ്ഡലങ്ങളിലും നടമാടുന്നത് സാധാരണയാണ്.മത ചര്യയില്‍ വിശേഷിച്ച്.

ബുദ്ധ ഭഗവാന്‍റെ ദര്‍ശനങ്ങള്‍ ഈ വിഷയത്തില്‍ മൌലികമായ വ്യത്യാസങ്ങള്‍ ഉള്‍കൊണ്ടു.തനിക്കു സിദ്ധിച്ച ആധ്യാത്മികവിജയം എല്ലാവര്‍ക്കും ഒരുപോലെ ലഭ്യമാക്കാന്‍ പറ്റിയ ഒരു സംഘടന ഏര്‍പെടുത്തേണ്ടതാണെന്ന് അദ്ദേഹത്തിനു ബോദ്ധ്യമായി.ശിഷ്യന്മാരുടെ സംഖ്യ ഏറിവന്നതോടുകൂടി ഈ ആവശ്യം കൂടുതല്‍ അനുഭവപെട്ടിരിക്കണം.
തന്‍റെ ശിഷ്യന്‍മാരില്‍ ആദ്യം അര്ഹന്തരായി തീര്‍ന്നവര്‍ക്ക് നല്‍കിയ അനുശാസനം:

ബുദ്ധന്‍ പറഞ്ഞു:
 “ബഹുജനങ്ങളുടെ നന്മയും സുഖത്തിനും വേണ്ടി ശുഭകരമാം വണ്ണം ചുറ്റിസഞ്ചരിച്ച് ആദിയിലും മദ്ധ്യത്തിലും ഒടുവിലും എന്‍റെ ധമ്മം ഉപദേശിക്കുക.പരിപൂര്‍ണ്ണവും, അര്‍ത്ഥവത്തും, പരിശുദ്ധവുമായ ബ്രഹ്മചര്യം, ധമ്മജീവിതം പ്രകടമാക്കുക”.

ഉപദേശിക്കുന്നവര്‍ മാതൃകയാകണം
-------------------------------------------------------

ഉപദേശിക്കാന്‍ പുറപ്പെടുന്നവര്‍ സ്വജീവിതംതന്നെ ഉപദേശിക്കപെടുന്ന ധമ്മത്തിന്‍റെ ഉജ്ജലോദാഹരണമാകണമെന്ന നിഷ്കര്‍ഷം ശവിശേഷ ശ്രദ്ധേയമാകുന്നു.
പൂര്‍ണ്ണന്‍ എന്ന ശിഷ്യനോട് ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിപ്രദേശങ്ങളില്‍ ചെന്ന് ധമ്മപ്രചരണം ചെയ്യാന്‍ ബുദ്ധന്‍ ഉപദേശിച്ചു.

ബുദ്ധന്‍ പറഞ്ഞു:
“വിമുക്തരായ നിങ്ങള്‍ ഇറങ്ങി പ്രവര്‍ത്തിക്കണം; മറ്റുള്ളവരെയും വിമുക്തരാക്കണം;സംസാരസാഗരം രണ്ടായി മറുകര പിടിച്ച നിങ്ങള്‍ മറ്റുള്ളവരെയും മറുകരയില്‍ എത്തിക്കണം;നിര്‍വ്വാണമടഞ്ഞ നിങ്ങള്‍ മറ്റുള്ളവരെയും നിര്‍വ്വാണത്തിലേക്ക്എത്തിക്കണം”(മ. ത്ധിമ .145)
ഇങ്ങിനെ ലോക നന്മക്കായി തുടങ്ങിയ ധമ്മപ്രചരണം തഴച്ചുവളര്‍ന്നപ്പോള്‍ ഒരു സംഘം സംഘടിപ്പിക്കേണ്ടതായിവന്നു.അതിനു തക്ക വിധികളും നിയമങ്ങളും നിര്‍ദ്ദേശങ്ങളുമാണ് വിനയപിടകത്തില്‍ ഏറിയകൂറും.

ബുദ്ധന്‍റെ വ്യക്തിമാഹത്മ്യത്തില്‍
സംഘം തഴച്ചുവളര്‍ന്നു
---------------------------------------------------

അത്ഭുതപൂര്‍വ്വമായ ഈ സംഘത്തിന്‍റെ വിജയം ബുദ്ധഭഗവാന്‍റെ വ്യക്തിമാഹാത്മ്യത്തെ ആശ്രയിച്ചിരുന്നു.എല്ലാത്തരക്കാരായ ഭിക്ഷുക്കളുടെയും ബഹുമാനാദരങ്ങളും, സ്നേഹാദരങ്ങളും ലഭിക്കത്തക്കവണ്ണം മഹാനായിരുന്നു ബുദ്ധ ഭഗവാന്‍.

ജനാധിപത്യരീതി
-------------------------

ഗൌരവ ലാഘവ ബോധം നന്നേ ഉണ്ടായിരുന്ന ഭഗവാന്‍ ബുദ്ധന് ചില പ്രധാന നിയമങ്ങള്‍ഒഴിച്ച് മറ്റുള്ളവയെ ഭേദപെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യാന്‍ അനുവദിച്ചു.ഭിക്ഷു സംഘത്തിനുതന്നെ സ്വയംഭരണത്തിനുള്ള പല അവകാശങ്ങളും വിട്ടുകൊടുത്തു.ഒന്നിച്ചുചേര്‍ന്നുള്ള ഭിക്ഷുസംഘത്തിനുള്ള ഉത്തരവാദിത്വവും ഓരോ ഭിക്ഷുവിനും സംഘത്തോടുള്ള വിധേയ ഭാവവും ആകപാടെ ഉണ്ടായിരിക്കേണ്ടുന്ന സുശിക്ഷ തത്വത്തിനുള്ള പ്രാധാന്യവും ബുദ്ധ ഭഗവാന്‍ വ്യക്തമാക്കി. ഈ വക സംരംഭങ്ങളിലെല്ലാം അദ്ദേഹം അത്ഭുതകരമായ നിര്‍ലോഭതയും പ്രദര്‍ശിപ്പിച്ചുപോന്നു.

പരിനിര്‍വ്വാണ ഘട്ടം ആയപ്പോള്‍ ആനന്ദന്‍ തുടങ്ങിയ ശിക്ഷ്യവര്‍ഗ്ഗം പരിഭ്രമിച്ച് ബുദ്ധഭഗവാന്‍റെ പരിനിര്‍വ്വാണത്തിനുശേഷം സംഘനായകന്‍ ആരായിരിക്കണം എന്ന പ്രശ്നം എടുത്തിട്ടു.ഇതിനെകുറിച്ച് ബുദ്ധഭഗവാന്‍ പറഞ്ഞ വാക്കുകള്‍ അദ്ദേഹത്തിന്‍റെ നിസ്തുലമായ മാഹാത്മ്യത്തിന്‍റെ മകുടോദാഹരണമാണ്.

ബുദ്ധന്‍ പറഞ്ഞു:
“ആരാണോ സ്വയം സംഘനായകന്‍ എന്ന് അഭിമാനിക്കുന്നത്,അഥവാ സംഘത്തിന്‍റെ സുസ്ഥിതി തന്നെ ആശ്രയിച്ചാണിരിക്കുന്നത് എന്ന് കരുതുന്നത്,അയാള്‍ സംഘത്തിന്‍റെ പിന്നീടുള്ള നടത്തിപ്പിനെപറ്റി നിര്‍ദ്ദേശങ്ങള്‍ നല്‍കട്ടെ.എനിക്ക് ആ അഭിമാനമില്ല”.

ഇന്ത്യയില്‍ ജനാധിപത്യരീതി തന്നെ ഉടലെടുത്തത് ബൌദ്ധസംഘങ്ങളുടെ ഉത്ഭവത്തെ തുടര്‍ന്നാണ്‌.
----------------------------------- 



ഇന്ത്യന്‍ ഭരണഘടന ശില്പി ബാബാസഹാബ് ബി .ആര്‍. അംബേദ്‌കര്‍, അമേരിക്കന്‍ ഭരണഘടനശില്പി, വിവിധ ഏഷ്യന്‍ രാജ്യങ്ങളുടെ ഭരണഘടന ശില്പിമാര്‍ എന്നിവര്‍ക്ക് ഭരണഘടന നിര്‍മ്മാണ ഘട്ടത്തില്‍ വിനയപിടകങ്ങളിലെ ജനാധിപത്യ മൂല്യങ്ങള്‍ വളരെ പ്രയോജനപെട്ടിട്ടുണ്ടെന്ന് അവര്‍ തുറന്ന് സമ്മതിക്കുകയും ചെയ്ത വസ്തുതകള്‍ ആണ്.ശ്രീലങ്ക, ജപ്പാന്‍,ഉള്‍പടെയുള്ള വിവിധ ഏഷ്യന്‍ രാജ്യങ്ങള്‍ വിനയപിടികയെ അടിസ്ഥാനമാക്കിയാണ് രാജ്യംതന്നെ ഭരിക്കുന്നത്‌. ലോകം കണ്ട ഏറ്റവും വലിയ ബുദ്ധമത പ്രചാരകനും, ഭരണാധികാരിയുമായ അശോക ചക്രവര്‍ത്തിയുടെ കാലഘട്ടത്തിലെ അശോകസ്തംഭത്തിലെ ലയണ്‍ഹെഡ്, അശോകചക്രം(ധമ്മ ചക്രം) എന്നീ ചിഹ്നങ്ങള്‍ സ്വതന്ത്രാനന്തര ഇന്ത്യയുടെ ഔദ്ധ്യോഗിക ചിഹ്ന്നങ്ങളായി മാറിയത് ഇവിടെ ശ്രദ്ധേയമായ കാര്യമാണ്.

================
ഹരിദാസ് ബോധ്



No comments: