Thursday, April 7, 2016

MAHA PARINIBBAANA SUTTAM

മഹാനായ ബുദ്ധൻ  ആരെയായിരുന്നു
 പിൻഗാമിയായി നിശ്ചയിച്ചത്
==================================



 25 വർഷക്കാലം  ആനന്ദൻ എന്ന ശിഷ്യൻ ബുദ്ധ ദേവനെ വിട്ടുപിരിയാതെ ശുശ്രുഷിച്ച പ്രിയ ശിഷ്യനായിരുന്നു. കുശിനര എന്ന സ്ഥലത്ത് വെച്ച് ഭഗവാൻ ബുദ്ധന്റെ  പരിനിർവ്വാണ സമയത്ത് സ്നേഹപൂർണ്ണമായ ഹൃദയം കവിഞ്ഞ് പ്രിയ ശിഷ്യൻ ആനന്ദൻ പൊട്ടികരഞ്ഞു .
"വാത്സല്യം നിറഞ്ഞ എന്റെ ആചാര്യൻ ഇതാ എന്നെ എന്നന്നേക്കുമായി വിട്ടുപോകുന്നു .ഞാനാണെങ്കിൽ ഇപ്പോഴും ഒരു സാധകൻ മാത്രം".

വൽസലനായ ഭഗവാൻ ബുദ്ധൻ പ്രിയ ശിഷ്യനായ ആനന്ദനെ ആളയച്ച് വരുത്തി സമാശ്വസിപ്പിച്ചു.
ഭഗവാൻ ബുദ്ധൻ പറഞ്ഞു:
 " ഈ ദുഃഖം അസ്ഥാനത്തിലാണ് .എത്ര പ്രാവശ്യം ഞാൻ പറഞ്ഞിട്ടുണ്ട് .ഉൽപന്നമാകുന്ന പദാർത്ഥങ്ങൾ നശിക്കുകയും ചെയ്യുമെന്ന്.അപ്പോൾ എന്റെ ശരീരം നശിക്കാതിരിക്കുമോ?.
എന്റെ ചുറ്റും ഇരിക്കുന്നവരിൽ ആരുമില്ല പുനർജ്ജന്മം എടുക്കുന്നവരായി .
നിങ്ങൾക്കെല്ലാം ഒന്നേയുള്ളൂ കർത്തവ്യം."സതോ ഭികഖവേ  ഭിക്ഖു വിഹരേയ്യ  സംപ ജാനോ അയംവോ അംഹാകം അനുസാസതി ". ജാഗരൂഗരായി അപ്രമത്തരായിട്ടുവേണം ഭിക്ഷു കാലയാപനം ചെയ്യുവാൻ".

"ഞാൻ പരിനിർവ്വാണമടഞ്ഞാൽ നിങ്ങൾക്ക് ആചാര്യനില്ലായിരിക്കും എന്നും ധരിച്ച് ദുഖിക്കേണ്ടതില്ല.ഞാൻ നിങ്ങൾക്ക് നിർലോഭമായി ഉപദേശിച്ചു തന്ന ധമ്മമുണ്ടല്ലോ.ആചാര്യൻമ്മാർക്ക് സഹജമായ രഹസ്യ പരസ്യ വിവേചനം കൂടാതെ മുക്ത ഹസ്തമായി നൽകിയ ധമ്മോപദേശം; അതായിരിക്കും എനിക്ക് ശേഷം നിങ്ങളുടെ ആചാര്യൻ.കൂടാതെ ആ ധമ്മം വേണ്ടപോലെ കാണുന്നവർ എന്നെതന്നെ കാണുന്നു.കാരണം എന്റെ ധമ്മം ഓരോരുത്തരിലും കുടികൊള്ളിന്നിടത്തോളം കാലം സ്വതന്ത്രമായി ജീവിതത്തിൽ പുരോഗതിയും സുഖവും വന്നു ചേരും.നിങ്ങൾ തന്നെ നിങ്ങൾക്ക് താങ്ങും വെളിച്ചവും നൽകുന്നതിനു കഴിവുള്ളവരായി തീരും".
(മഹാ പരിനിർവ്വാണ സൂത്തം)   


============================
ഹരിദാസ്‌ ബോധ്

No comments: