Saturday, April 16, 2016

Buddhism : Be a lamp upon yourself



ബുദ്ധിപരത, യുക്തിയുക്തത
ബുദ്ധനില്‍ മാത്രം കാണുന്ന യാഥാര്‍ത്ഥ്യം
====================================



വ്യത്യസ്ഥ മത സ്ഥാപകരും, ദാര്‍ശനികരും ലോകത്തിന്‍റെ സൃഷ്ടി, മനുഷ്യസൃഷ്ടി, ഈശ്വരവാദം, ആചാരനിബന്ധനകള്‍,മരണാനന്തരമുള്ള ഗതിവിശേഷങ്ങള്‍,മോക്ഷം ഇങ്ങിനെയുള്ള ഒടുങ്ങാത്ത വിഷയപരപ്പിലൂടെ മനുഷ്യരെ ചിന്തിപ്പിച്ച് മുന്നോട്ടു നയിക്കുമ്പോള്‍,ഭഗവാന്‍ ബുദ്ധനാകട്ടെ കൃത്യമായ ഒരു തത്വത്തില്‍മാത്രം ഉറച്ചുനിന്നു.അതുവിട്ട് ഒരു തലനാരിഴപോലും തെന്നിമാറിയില്ല.ഇത് അദ്ദേഹത്തിന്‍റെ ഒരു ശപദം കൂടിയായിരുന്നു. ബുദ്ധന്‍ പറഞ്ഞു: അന്നും ഇന്നും ഞാന്‍ ഒന്നേ ഉപദേശിച്ചിട്ടുള്ളു.ദുഖത്വവും, ദുഖനിരോധവും.
മനുഷ്യ ജീവിതം ദുഖമയമാണെന്ന നിരീഷണത്തില്‍ നിന്നും പുറപെട്ട ആ പരിപാടി ദുഃഖനിരോധത്തിലേക്ക് നേരിട്ട് നീങ്ങി.
ദുഖം എങ്ങിനെ ഉണ്ടായി?
അതിനുള്ള പരിഹാരമെന്ത്?


നാലു സത്യങ്ങള്‍
---------------------------
ആകെ കൂടി നാലു സത്യങ്ങളില്‍ പടിത്തുകെട്ടി സ്വധമ്മത്തിനു ബുദ്ധ ഭഗവാന്‍ രൂപംകൊടുത്തു.
ദുഖമുണ്ട്; ദുഖത്തിന് കാരണമുണ്ട്;കാരണത്തെ ഇല്ലാതാക്കാന്‍ കഴിയും;അതിനുള്ള മാര്‍ഗ്ഗമുണ്ട്


അഷ്ടാംഗ മാര്‍ഗ്ഗം
-------------------------



ദുഖാഗ്നിയെ നിശേഷം തല്ലികെടുത്തുകയാണ് വേണ്ടത്.അതിനുള്ള ഉപായമാണ് അഷ്ടാംഗ മാര്‍ഗ്ഗം.
വിഷംപുരണ്ട കൂരമ്പ്‌ തറച്ച് മരണം കാത്തുകിടക്കുന്ന ഒരുവന്‍റെ കഥയിലൂടെ ബുദ്ധ ഭഗവാന്‍ മേല്‍കാണിച്ച സിദ്ധാന്തം വിശദീകരിച്ചു.
“വിഷത്തിനുള്ള പ്രതിവിധി ചെയ്യാതെ ആ ഹതഭാഗ്യന്‍ നിര്‍ബന്ധിക്കുന്നത്:
ആരാണ് ഈ അമ്പ് എയ്തതെന്നു പറയു;ഏതു തരക്കാരന്‍; ഇതില്‍ പുരട്ടിയ വിഷം എവിടെ നിന്നും കിട്ടിയതാണ്?”. ഇതില്‍പരം മാരകമായ വിഡ്ഢിത്വം ഉണ്ടോ എന്ന് ബുദ്ധഭഗവാന്‍ ചോദിക്കുന്നു.
ബുദ്ധ ഭഗവാന്‍റെ ഈ കാര്യമാത്ര പ്രസക്തിയില്‍ അസംത്രിപ്തരായ ചിലര്‍ അദ്ദേഹത്തോട് നിരവധി ചോദ്യങ്ങള്‍ ചോദിച്ച് പ്രലോഭിപ്പിക്കാനും, പ്രകോപിപ്പിക്കാനും തുനിഞ്ഞു.
മഹാവീരന്‍റെ ജൈനമതം ഉപേക്ഷിച്ച് ബുദ്ധനെ ശരണംപ്രാപിക്കാന്‍ വന്ന ഒരു വിദ്വാന്‍,പ്രപഞ്ചത്തിന്‍റെ ഉല്‍പത്തി ,ആത്മാവ് തുടങ്ങിയവയെകുറിച്ചുള്ള പ്രശ്നങ്ങളുടെ കെട്ടഴിച്ചപ്പോള്‍ ബുദ്ധഭഗവാന്‍ കര്‍ശനമായി ഓര്‍മ്മപെടുത്തി” ഇവയെല്ലാം വെറും സമയംകൊല്ലികളായ ചോദ്യങ്ങള്‍ മാത്രം.ഇത്തരം ചോദ്യങ്ങളും അതിന്‍റെ പിന്നാലെയുള്ള പോക്കും ഒരേയൊരു ലക്ഷ്യമായിരിക്കേണ്ട നിര്‍വ്വാണപ്രാപ്തിക്ക് സഹായകമല്ല എന്നുമാത്രമല്ല വിഘാതംകൂടിയാണ്.അതുകൊണ്ട് അതൊക്കെ വിടു.എന്‍റെ ധമ്മം ഞാന്‍ വിശദീകരിക്കാം”.
വിലമതിക്കാന്‍ വയ്യാത്ത ഈ കാര്യമാത്ര പ്രസക്തി മഹാനായ ബുദ്ധനില്‍ കണ്ടപ്പോള്‍.ജിജ്ഞാസുക്കള്‍ക്ക്‌ ഉത്തേജനവും വിശ്വാസദാര്‍ഢൃവും ഉണ്ടായി.


യുക്തിയുക്തമായ പ്രതിപാദന രീതി
----------------------------------------------------------



രണ്ടാമതായി ബുദ്ധഭഗവാന്‍റെ യുക്തിയുക്തമായ പ്രതിപാദന രീതി-അനുഭവവും അതിലടിയുറച്ച അനുമാനവുമാല്ലാതെ മറ്റൊന്നും വിശ്വാസമായി കരുതുകയില്ലെന്ന വൃതം ഇവിടെ പ്രത്യേകം ശ്രദ്ധേയമാണ്.
‘അന്ഗുത്തര നികായത്തില്‍ ബുദ്ധഭഗവാന്‍റെ അതിപ്രസിദ്ധമായ ഒരു ബോധനമുണ്ട്.അതിങ്ങനെ:
“വെറും കിംവദന്തികള്‍ ഒരിക്കലും ചെവികൊള്ളരുത്‌ -സത്യമായി കരുതരുത്. വെറും ആഗമം, ഐതിഹ്യം ഇവയും സ്വീകാര്യമല്ല. ഗ്രന്ഥത്തില്‍ ഉള്ളതുകൊണ്ടും ഒന്നും കൈകൊള്ളേണ്ടതില്ല. അവനവന്‍റെ വിശ്വാസങ്ങള്‍ക്കും മുന്‍വിധികള്‍ക്കും നിരക്കുന്നതുകൊണ്ടും ഒരു സംഗതി സ്വീകാര്യമാകുകയില്ല. ഗുരുക്കന്മാര്‍ പറഞ്ഞു എന്നുള്ളത് ഒരു പ്രസ്ഥാവത്തെയും യുക്തിയുക്തമാക്കുന്നില്ല”
‌‍ഒരു ആധുനിക മന:ശാസ്ത്രജ്ഞനെപോലെയാണ് 2500 കൊല്ലങ്ങള്‍ക്കു മുന്പേ ബുദ്ധ ഭഗവാന്‍റെ ഒരു വിഷയത്തോടുള്ള നിരീക്ഷണ രീതി.ഇത്തരത്തിലുള്ള ബുദ്ധിപരത യുക്തിയുക്തത ബുദ്ധനില്‍ മാത്രം കാണുന്ന യാഥാര്‍ത്യമാണ്.
=================
ഹരിദാസ് ബോധ്

No comments: