ബുദ്ധമതത്തെ കുറിച്ചുള്ള ചർച്ചയിൽ മൗലിക പ്രാധാന്യമുള്ള വിഷയമാണ് ധമ്മം.ഇത്രമാത്രം അർത്ഥവ്യാപ്തിയും ,വിശദീകരിക്കുവാൻ പ്രയാസവും ഉള്ള ഒരാശയം ലോകത്തിലെ ചിന്താസരണികളിൽ തന്നെ ഇല്ല എന്ന് തന്നെ പറയാം.ബൗദ്ധൻ എന്ന പദത്തെ അധിക്ഷേപിക്കുന്നതിനും നിന്ദിക്കുന്നതിനും വേണ്ടിയുള്ള ശ്രമം ഇപ്പോഴും നടന്നുവരുന്നുണ്ട് .ബുദ്ധ ധമ്മത്തെകുറിച്ച് ഇവർ പറയുന്നത് കേട്ടാൽ ബുദ്ധ ധമ്മം വെറും നിയമ രാഹിത്യത്തിനുള്ള പര്യായമായേ ആർക്കും തോന്നി പോകു .ആയതിനാൽ എന്താണ് ബുദ്ധ ധമ്മമെന്നു ബോദ്ധ്യപെടുത്താനുള്ള ഉത്തരവാദിത്വം വന്നു ചേരുന്നു.
മൂല്ല്യാധിഷ്ടിതവുമായ ധാർമ്മിക ജീവിതം പുലർന്ന് കാണുന്നതിന് .
താൻ പ്രചരിപ്പിച്ചുവന്ന ധമ്മത്തെ കുറിച്ച് ബുദ്ധ'ഭഗവാൻ തന്നെ വ്യക്തവും ഉദാരവുമായ ഭാഷയിൽ വർണ്ണിച്ചിട്ടുള്ളത് 'സംയുക്ത നികായത്തിൽ ' ചേർക്കപെട്ടിട്ടുണ്ട്.അത് ഇങ്ങിനെയാണ് :
"ഒരു വനാന്തരത്തിൽ ഒരുത്തൻ അകപ്പെട്ടുവെന്നു കരുതുക.അവിടെ അങ്ങോട്ടും ഇങ്ങോട്ടും ഉഴന്നു നടക്കുമ്പോൾ അതി പ്രാചീനമായ ഒരു മാർഗ്ഗം അയാള് കണ്ടുപിടിക്കുന്നുവെന്നു കരുതുക .പൊയ്പോയ കാലങ്ങളിൽ വളരെ ആളുകൾ ആ വഴിയെ സഞ്ചരിച്ചിട്ടുള്ളതാണ് .കാട്ടിലകപെട്ട മനുഷ്യൻ അതേ മാർഗ്ഗം അവലംമ്പിച്ച് പുരാതനമായ ഒരു നഗരത്തിൽ ചെന്ന് ചേരുന്നു .അവിടെ മനോഹരമായ സൗധങ്ങൾ അവയോട് ചേര്ന്ന ഉദ്യാനങ്ങൾ ,തെരുവീഥികൾ തടാകങ്ങൾ തുടങ്ങിയ നാഗരിങ്ങളായ കാര്യങ്ങളും കണ്ടെത്തുന്നു .പിന്നീട് അയാൾ തന്റെ നാട്ടിൽ മടങ്ങിയെത്തി ആ കണ്ടുപിടുത്തത്തെ പറ്റി നാടുവാഴിയോടും നാട്ടാരോടും പറയുകയും ആ പ്രാചീന നഗരത്തെ പുതുക്കിപണിത് ജനവാസ യോഗ്യമാക്കുന്നതിനു പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.അതുപോലെയാണ് ഞാനും.പ്രാചീനമായ ഒരു രക്ഷാമാർഗ്ഗം ധമ്മമാർഗ്ഗമാണ് കണ്ടെത്തിയിരിക്കുന്നത് .ആ മാർഗ്ഗത്തിലൂടെ മുൻകാലങ്ങളിലെ ബുദ്ധന്മാരെല്ലാം ധമ്മാനുഷ്ടാനം ചെയ്തു വന്നു .അതേ മാർഗ്ഗത്തിലുള്ള അവരുടെ കാലടികൾ പിന്തുടർന്ന് ഞാനും ജീവിത രഹസ്യങ്ങൾ കണ്ടെത്തി.അതുകൊണ്ട് ആ വക സംഗതികൾ ഇപ്പോൾ പ്രഖ്യാപിക്കുന്നു .അതിന്റെ ഉദ്ദേശം എല്ലായിടത്തും പാവനവും മൂല്ല്യാധിഷ്ടിതവുമായ ധാർമ്മിക ജീവിതം പുലർന്ന് കാണുന്നതിന് വേണ്ടിയാണ് ഞാനും പ്രയത്നിക്കുന്നത് ".
ബുദ്ധധമ്മം -അകാലിക ധമ്മം.
സ്വധമ്മത്തെ ബുദ്ധ ഭഗവാൻ അകാലിക ധമ്മമെന്നു കൂടെ കൂടെ പറഞ്ഞു വന്നു .അകാലിക ധമ്മം കാലത്തിന് കീഴ്പെടാതെ എന്നും പുലര്ന്നു പോരുന്ന ധമ്മമാകുന്നു .ലോകഹിതത്തിനുതകുന്ന ധമ്മം .കാലം ,ദേശം,തുടങ്ങിയ ഉപാദികളെ അതിവർത്തിച്ച് വിളങ്ങുന്ന ധമ്മം എന്നും പറയുന്നു .
താൽകാലിക ആശയങ്ങളെ ആശ്രയിച്ചാണല്ലോ പുതുപുത്തൻ ആശയങ്ങളുടെ പുറപ്പാടുതന്നെ.അവക്ക് പ്രേരകമായ പരിസ്ഥിതി മായുമ്പോൾ ആ വക ആശയങ്ങൾ മാഞ്ഞുപോകുമെന്ന കാര്യത്തിൽ തർക്കമില്ല .
ബുദ്ധധമ്മം കെട്ടിപെടുത്തിട്ടുള്ളത് താൽകാലിക ആശയങ്ങളുടെ അടിത്തറയിലല്ല എന്നുള്ളതാണ് ബുദ്ധ ധമ്മത്തിനു സിദ്ധിച്ച അത്ഭുതാവഹമായ ദീർഘായുസ്സിന്റെ രഹസ്യം.
നന്മക്കൊത്തത്,നീതിക്ക് ചേർന്നത് ,സന്മാർഗ്ഗത്തിനനുകൂലമായത് .
ത്രിപിടകങ്ങളിൽ മൂന്നാമത്തേതായ അഭിധമ്മം ധമ്മ ശബ്ദത്തെ സമഗ്രമായി ചർച്ചചെയ്തിട്ടുണ്ട് .ശരിയായുള്ളത് ,നന്മക്കൊത്തത്,നീതിക്ക് ചേർന്നത് ,സന്മാർഗ്ഗത്തിനനുകൂലമായത് , ഈ വക അർത്ഥങ്ങളെല്ലാം ധമ്മം എന്ന പദത്തിൽ അടങ്ങിയിരിക്കുന്നു.വ്യക്തിയെയും,സമൂഹത്തെയും ജഡത്തെയും ,ചേതനയെയും അതാതിന്റെ നിലയിൽ നിലനിർത്തി പോരുന്നതെന്തോ അതാണ് ധമ്മം.
മനുഷ്യരുടെ സ്ഥിരമായ നിലനിൽപ്പിന് ആവശ്യമുള്ള ചിരന്തര നിയമങ്ങളെ പരീക്ഷിച്ച് വീണ്ടും കണ്ടുപിടിച്ച് ബുദ്ധ ഭഗവാൻ പ്രചരിപ്പിച്ചു.അതിനാൽ ആ വക നിയമങ്ങളുടെ സമുച്ചയത്തിന് ബുദ്ധ ധമ്മം എന്ന പേര് നല്ലവണ്ണം ചേരുന്നു .
ദൈവത്തിനോ,അതുപോലുള്ള മറ്റുവല്ല തത്വങ്ങൾക്കോ യാതൊരുവിധ പ്രാധാന്യവും നൽകാതെ ബുദ്ധഭഗവാൻ ആവിഷ്കരിച്ച "ധമ്മ"ത്തിന് ബുദ്ധ മതത്തിൽ എന്തുമാത്രം പ്രാധാന്യം ഉണ്ടെന്ന് ഇതിലൂടെ വ്യക്തമാകുന്നു.
മറ്റുമതങ്ങളുടെ നിലയിതല്ല .അധർമ്മം പൊങ്ങി ധർമ്മത്തിന്മേൽ മങ്ങൽ വരുമ്പോൾ ധർമ്മ സ്ഥാപനത്തിന് വേണ്ടി യുഗംതോറും വന്നവതരിക്കുന്ന സർവ്വശക്തനായ ഒരു ധർമ്മ രക്ഷകനിൽ മറ്റു മതങ്ങൾ വിശ്വസിക്കുന്നു.
ശരണസ്ഥാനം ധമ്മം ഒന്നുമാത്രം
ബൗദ്ധരുടെ ത്രിരത്നങ്ങളായ ബുദ്ധൻ,ധമ്മം ,സംഘം എന്നിവയിൽ കുലുക്കം കൂടാതെ ഒരേ നിലയിൽ നിലനിൽക്കുന്ന ശരണസ്ഥാനം ധമ്മം ഒന്നുമാത്രം .അല്ലെങ്കിൽ പരിനിർവ്വാണത്തോടുകൂടി ഭഗവാൻ ബുദ്ധൻ നിശേഷം മാഞ്ഞുപോകുമ്പോൾ സംഘത്തിൽ ഉലച്ചിൽ തട്ടുമായിരുന്നല്ലോ.ധമ്മത്തിന്റെ സർവ്വശക്തിയായ ഈ മഹത്വം ,ബുദ്ധ ഭഗവാൻ പരിനിർവ്വാണം അടയുന്നതിന് തൊട്ടുമുൻപ് പ്രിയ ശിഷ്യൻ ആനന്ദനോട് ചൂണ്ടികാണിച്ച് കൊടുത്തു .ഭഗവാന്റെ നിർവ്വാണത്തിനു ശേഷം ആരാണ് ശിഷ്യന്മാർക്ക് അഭയം നല്കി സദാ നേർവഴി നടത്താൻ പോകുന്നത്? എന്ന് ദുഖ പരവശനായി ചോദിച്ച ആനന്ദനോട് ബുദ്ധ ഭഗവാൻ പറഞ്ഞത് "ആരെന്നോ ? ഞാൻ ഉപദേശിച്ച് തന്ന ധമ്മം തന്നെ".
മുഖ്യമായ നാല് അർത്ഥങ്ങൾ.
ധമ്മ സംഗതി എന്ന അഭിധമ്മപിടക ഭാഗത്തിന് മഹാ പണ്ഡിതനായ ബുദ്ധഘോഷൻ മുഖ്യമായ നാല് അർത്ഥങ്ങൾ കൊടുത്തിട്ടുണ്ട് .
1.ധമ്മത്തിന്റെ ഒന്നാമത്തെ അർത്ഥം ബുദ്ധമത ഗ്രന്ഥങ്ങൾ എന്നാകുന്നു.കാരണം ഇവയിലൂടെ നാം ധമ്മത്തെകുറിച്ച് സൂഷ്മമായി അറിയുന്നു.
2.രണ്ടാമത്തെ അർത്ഥം ഉപാദി അല്ലെങ്കിൽ കാരണം എന്നാണ് .ധമ്മത്തെ വിവരിച്ച് അറിയുക എന്നുവെച്ചാൽ പ്രകൃതിയിലുള്ള കാരണ സമൂഹങ്ങളെ കുറിച്ച് അറിയുക എന്നാണ് അർത്ഥം .
3.ശരിയായിട്ടുള്ളതും നന്മക്ക് അനുകൂലമായിട്ടുള്ളതും ധമ്മം തന്നെ .പ്രവർത്തികളെ യോഗ്യങ്ങളും സുകൃതങ്ങളും ആക്കികൊണ്ട് അവയിൽ അടങ്ങിയിട്ടുള്ള ഒരു ഗുണവിശേഷമായി ധമ്മത്തെ ഇങ്ങിനെ വ്യാഖ്യാനിച്ചിരിക്കുന്നു .ധമ്മത്തിന്റെ സാന്മാർഗ്ഗികമായ ഉള്ളടക്കമാകുന്നു അതിന്റെ മൂന്നാമത്തെ വശം .
4.നാലാമതായി ധമ്മപദം പ്രകൃതിയിലുള്ള പ്രതിഭാസങ്ങളെയെല്ലാം ലക്ഷ്യമാക്കുന്നു .ഇവയെല്ലാം സത്താരഹിതവും ആത്മാവ് ഇല്ലാത്തതും ആണെന്ന വസ്തുതയെ കുറിക്കുന്നതിന് വേണ്ടി ധമ്മപദം കൊണ്ട് ഇവയെ വിവരിക്കുന്നു.അതായത് കാറ്റ് ,മഴ പക്ഷി മൃഗാതികൾ തുടങ്ങിയവയെല്ലാം വെറും പ്രതീതി സാരങ്ങളായ പ്രതിഭാസങ്ങൾ എന്നല്ലാതെ അവക്ക് ശാശ്വതമായ ഒരു നിലനിൽപ്പില്ലെന്ന് അർത്ഥം .എന്നാൽ ഏറ്റവും വിപുലമായ അർത്ഥത്തിൽ ബുദ്ധ ധമ്മം പല മാർഗ്ഗങ്ങളിലൂടെയും മനുഷ്യനെ മാനസികമായും സാന്മാർഗ്ഗികവുമായ ഉന്നത തലങ്ങളിലേക്ക് നയിക്കുന്നതിനായി രൂപപെടുത്തിയിരിക്കുന്നു.ധമ്മത്തിന്റെ ക്രിയാത്മകമായ പ്രവണതയെ ബുദ്ധഭഗവാൻ ഊന്നിപറഞ്ഞിട്ടുണ്ട് .
"ധമ്മാ ഹംസാഥിം ബ്രൂമി "
ധമ്മോ ന ജരം ഉപേദി "
ധമ്മത്തിനു ഒരിക്കലും ക്ഷയമില്ല .
ഒരു സാരഥി രഥത്തിൽ സഞ്ചരിക്കുന്നവനെന്നപോലെ ധമ്മം മനുഷ്യനെ ജീവിത ലക്ഷ്യത്തിലേക്ക് നയിക്കുന്നു .ധമ്മത്തിനു ഒരിക്കലും ക്ഷയമില്ല .
ബുദ്ധഭഗവാൻ പ്രചരിപ്പിച്ചു വന്ന അകാലിക ധമ്മമാണ് ബുദ്ധമതം. അങ്ങിനെ നോക്കിയാൽ ധമ്മപദമെന്ന പേരിന് ബുദ്ധമതത്തിന്റെ ഇരിപ്പിടം അല്ലെങ്കിൽ മതപ്രതിപാദകമായ വാക്യങ്ങൾ എന്ന് അർത്ഥം ലഭിക്കുന്നു.
"ധമ്മങ്ങളെ" അതായത് മാനസ്സിക ഘടകങ്ങളായ പ്രതീതികൾ ആശയങ്ങൾ സംസ്കാരങ്ങൾ തുടങ്ങിയവയെ മനസ്സ് നിയന്ത്രിക്കുന്നുവെന്ന് ധമ്മ പദത്തിൽ പറയുന്നു.മത വിഷയകമായ ജീവിതത്തിലെ എല്ലാ വശങ്ങളെയും ധമ്മ ശബ്ദം കൊണ്ട് ബുദ്ധമതം വിശദീകരിക്കുന്നു .
================
ഹരിദാസ് ബോധ്
No comments:
Post a Comment