Saturday, April 16, 2016

Buddha's Enlightment1.സിദ്ധാര്‍ത്ഥന്‍ എങ്ങിനെ തഥാഗതനായി?
2.എന്താണ് ബോധോദയം?
3.തഥാഗതനെ ആരാണ് ബുദ്ധനെന്നു വിളിച്ചത്?
4.ബുദ്ധമതവും താമരയുമായുള്ള ബന്ധം
5.എന്തിനുവേണ്ടിയാണ് ബുദ്ധന്‍ താന്‍ കണ്ടെത്തിയ ധമ്മം പ്രചരിപ്പിച്ചത്?

ഗയയിലെ ബോധി വൃക്ഷ ചുവട്ടിലെ ധ്യാനം;
തൃഷ്ണയെ  നശിപ്പിക്കാനുള്ള പോരാട്ടം.
------------------------------------------------------------------------

സിദ്ധാര്‍ഥന്‍ ഗയയില്‍ ബോധിവൃക്ഷചുവട്ടില്‍ ധ്യാനനിരതനായി ഇരിക്കുകയാണ്. ആധുനിക മന.ശാസ്ത്രത്തില്‍ പറയുന്ന ഉപബോധമനസ്സിലും അബോധമനസ്സിലും’കുടികൊള്ളുന്ന സംസ്കാര ഗ്രന്ഥികളുമായുള്ള മല്‍പിടിത്തത്തെ അനുസ്മരിപ്പിക്കുന്ന ഒരു പോരാട്ടമാണ് അപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ നടക്കുന്നത്. തൃഷ്ണയെ മനസ്സില്‍നിന്നും നശിപ്പിക്കല്‍, അതിനുള്ള ശ്രമത്തിലാണ് അദ്ദേഹം.എന്നാല്‍ അത്യാഗ്രഹങ്ങള്‍, വാസനകള്‍, സംസ്കാരങ്ങള്‍ എന്നിവയുടെ സൂഷ്മഭാവങ്ങളെ നശിപ്പിക്കല്‍ കൂടുതല്‍ പ്രയാസമാണ് .
എണ്ണമില്ലാത്ത പുല്‍കൊടികള്‍ നിറഞ്ഞ ഒരു മൈതാനത്തുനിന്ന് ഇവ ഓരോന്നായി പിഴുത് വെടുപ്പാക്കുന്നതിനേക്കാള്‍ എത്രയോ കൂടുതല്‍ ദുഷ്കരമാണ് മനസ്സിലെ വാസനകളുടെ അങ്കുരങ്ങള്‍ ഓരോന്നായി തിരഞ്ഞുപിടിച്ച് വേരോടെപിഴുതെറിയുക എന്നത്.
സാംസ്കാരിക ജീവിതത്തിന്‍റെ വേരായ തൃഷ്ണയെ ഉന്മൂലനം ചെയ്യുന്നതില്‍ ഞാന്‍ എന്ന പ്രതീതിക്ക് യാതൊരു സ്ഥാനവുമില്ലെന്ന്‍ മനസ്സിലാക്കുന്നതില്‍ ഭഗവാന്‍ ബുദ്ധന്‍ വിജയിച്ചു.
പൂര്‍ണ്ണ ചന്ദ്രനില്‍ പ്രകൃതി ആറാടികൊണ്ടിരിക്കുന്ന ആ രാത്രിയില്‍ സിദ്ധാര്‍ത്ഥനെ “ സമ്മ സം ബുദ്ധ”നാക്കി മാറ്റിയ വെളിച്ചം നിറഞ്ഞ ആ ദര്‍ശനങ്ങളുടെ ഉള്ളടക്കംഎന്തായിരുന്നു?.

ബോധോദയം
------------------------

ആ രാത്രിയിലെ ഒന്നാം യാമത്തില്‍ തന്‍റെ മുന്‍ ജന്മങ്ങളെകുറിച്ചുള്ള പൂര്‍ണ്ണമായ അറിവ് സിദ്ധാര്‍ത്ഥനുണ്ടായി.
രണ്ടാംയാമത്തില്‍ “ധമ്മ ചഷുസ്സ്”  “യം കിഞ്ചി സമുദായധമ്മം സബ്ബതം നിരോധ ധമ്മം” – അതായത് ഉല്‍പന്നമാകുന്നതെല്ലാം നശിക്കും” എന്ന കാഴ്ച സിദ്ധാര്‍ത്ഥനു ലഭിച്ചു.
മൂന്നാം യാമത്തില്‍ പ്രതീത്യസമുദ്പാദ തത്ത്വം, അഥവാ ഭവചക്ര സ്വരൂപം മനസ്സില്‍തെളിഞ്ഞു.
പ്രഭാതത്തോടുകൂടി പൂര്‍ണ്ണമായ നിര്‍വ്വാണപദവിനേടി; തഥാതനായി തീര്‍ന്നു.ഇതിന്‍റെ രത്ന ചുരുക്കം “മഹാ പരിനിര്‍വ്വാണ സൂത്തത്തില്‍ വേറൊരുവിധത്തില്‍ കൊടുത്തിട്ടുണ്ട്.
“ ഉച്ചിന്നം ഭവ തണഹ ഖീണാ ഭവനേത്തി;നത്‌ഥി ദാനി പുനബ്ഭവോ തി”
സംസ്കാര തൃഷ്ണ നിശേഷം മാറി നാമാവിശേഷമായി;പുനര്‍ജന്മത്തിലേക്ക് നയിക്കുന്ന അവിദ്യയും നശിച്ചു; ഇനിയുംപുനര്‍ജന്മമില്ലതന്നെ.അങ്ങിനെ സിദ്ധാര്‍ത്ഥന്‍ തഥാഗതനായി- ബുദ്ധനായി.
തഥാഗതന്‍ സ്വയം ബുദ്ധനെന്നപേര്‍ സ്വീകരിച്ചില്ല; പിന്നീട് അദ്ദേഹത്തിന്‍റെ അനുയായികള്‍ തഥാഗതനെ വിളിച്ചുവന്ന പേരാണ് ബുദ്ധന്‍ എന്നത്.
നിര്‍വ്വാണ അവസ്ഥയില്‍ വിവരിച്ച സോപാദിശേഷ നിര്‍വ്വാണം അഥവാ ദുഃഖ നിവാരണമാണ് തഥാഗതനു( ബുദ്ധന്) ഗയയില്‍ വെച്ച് സിദ്ധിച്ചത്‌.
രാഗ ദ്വേഷ മോഹങ്ങളുടെ സമ്പൂര്‍ണ്ണമായ നാശം.ഇത്അദ്ദേഹം സ്വപ്രയത്നം കൊണ്ടുതന്നെ നേടി.അങ്ങിനെ ലഭിച്ച ചിത്തവിമുക്ത്തി വളരെഅധികം സുഖമായിട്ടാണ് ബുദ്ധന് അനുഭവപെട്ടത്‌.
ബുദ്ധന് ഗുരുക്കന്മാര്‍ ആരുമില്ല
-----------------------------------------------------
ലോകോത്തരമായ സ്വഅനുഭൂതിയെകുറിച്ച് ഭഗവാന്‍ ബുദ്ധന്‍ പ്രസ്താവിച്ചത് ഇങ്ങിനെ:
“ആചാര്യനായി എനിക്കാരുമില്ല; എനിക്ക് തുല്യനായും ആരുമില്ല; ലോകത്തില്‍ ഞാന്‍ അര്ഹന്തനും നിസ്തുലനുമായ ഗുരുഭൂതനാകുന്നു;നിര്‍വൃതി അടയുകയാല്‍ കുളിര്‍ത്ത ഹൃദയത്തോടുകൂടിയ ഞാനാണ് സമ്മാ സം ബുദ്ധന്‍; ആശകള്‍ നശിച്ച എന്നെപോലുള്ളവരാണ് ജിനന്മാര്‍.പാപശങ്കപോലും എന്നെ തീണ്ടുകയില്ല”.
തഥാഗതന് ലഭിച്ച ഈ ഉറച്ച ആത്മവിശ്വാസം ഒരു നിമിഷനേരത്തേക്ക് അലംഭാവത്തിലേക്കും ഉദാസീനതയിലേക്കും വഴിതെളിച്ച്ചുവത്രേ.
ലോകനന്മക്കുവേണ്ടിയുള്ള യത്നം വിഫലമാണ്; കഠിനമായ ധമ്മനിഷ്ഠക്ക് ആരും ഒരുങ്ങുകയില്ല; അതിനാല്‍ ഒന്നുംചെയ്യേണ്ടതില്ല എന്ന ചിന്താഗതിയും ഉണ്ടായിരുന്നുപോലും. പക്ഷെ ഉല്‍കൃഷ്ടമായ സേവനവാസനകള്‍ അദ്ദേഹത്തിന്‍റെ ആ സമയത്തുള്ള അലംഭാവമനസ്സിന്മേല്‍ വിജയം നേടി.
ആ ഘട്ടത്തില്‍ അദ്ദേഹത്തിനു ലഭിച്ചസുന്ദരമായ ഒരു ദര്‍ശനവും വിഖ്യാതമാണ്.
ബുദ്ധനും താമരയും
-----------------------------

വിശാലമായ ഒരു താമരപൊയ്ക  ബുദ്ധന്‍റെ അന്തര്‍നേത്രങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞു.പല നിലകളില്‍ എത്തിചേര്‍ന്ന താമരപൂക്കള്‍ അതില്‍ ഉണ്ടായിരുന്നു.വിടര്‍ന്നു മലര്‍ന്നവ,കുറച്ചു വിടര്‍ന്നുതുടങ്ങിയവ,ഏറെകുറെ വലിപ്പംവന്ന മൊട്ടുകള്‍,വെള്ളത്തിന്‍റെ മുകളില്‍ കഷ്ട്ടിച്ചു ഉയര്‍ന്നുനിന്ന ചെറുമൊട്ടുകള്‍;അടിയില്‍ കാണപെട്ട കരിമൊട്ടുകള്‍.ഇവയെല്ലാം യഥാകാലം സൂര്യപ്രകാശമേറ്റ് വികസിച്ച് ശോഭയും സുഗന്ധവും ദിക്കെങ്ങും പരത്തും.ഇതുതന്നെയാണ് മനുഷ്യരുടെ നിലയെന്ന കാഴ്ച്ച, ആ സമയത്ത് ബുദ്ധനുണ്ടായി.ദുഖിതര്‍ ഉള്ളപോള്‍ 
ആര്‍ക്കും യഥാര്‍ത്ത സുഖം ലഭിക്കില്ല.
--------------------------------------------------------

ദുഃഖത്തെ മുഴുവനായും നശിപ്പിക്കുന്ന തന്‍റെ ദര്‍ശനങ്ങള്‍, സത്യങ്ങള്‍ പ്രചരിപ്പിക്കണം.ദുഖ കണികകള്‍ ഉള്ളിടത്തോളം കാലം;ദുഖിയായ ഒരാള്‍പോലും ഉള്ളപ്പോള്‍ യഥാര്‍ത്തസുഖം ആര്‍ക്കും ഉണ്ടാകില്ല.
ഈ ലോക അനുകമ്പയാണ് ഭഗവാന്‍ ബുദ്ധന്‍റെ വ്യക്തിത്ത്വം പ്രാപഞ്ചികമാം വിധം മഹാനീയമാക്കിയത്.അതിന്‍റെ പരിതിയില്‍ മനുഷ്യന്‍ മാത്രമല്ല,പ്രാണികള്‍ എല്ലാം ഉള്‍പെട്ടു.
ഭഗവാന്‍ ബുദ്ധന്‍റെ ലക്‌ഷ്യം, ദുഖം പേറുന്നവരുടെ കണ്ണുനീര്‍ തുടക്കുകയം അവരെ എന്നെന്നേക്കുമായി കരകയറ്റുകയുമായിരുന്നു.
സമ്യക് ദ്രിഷ്ട്ടി( ശരിയായ ദൃഷ്ടി)യുടെയും; സമ്പൂര്‍ണ്ണമായ അനുകമ്പയുടെയും പൂര്‍ണ്ണമായ കൂടിചേരല്‍ ഭഗവാന്‍ ബുദ്ധനെ നിസ്തുലനായ ധമ്മാചാര്യനാക്കി തീര്‍ത്തു.
-------------------------------------
ഹരിദാസ് ബോധ്

No comments: